കുറ്റിപ്പുറം വാഹനാപകടം: മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി.
Pulamanthole vaarttha
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് ഒരാൾ മരിക്കുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൃശൂർ- കോഴിക്കോട് റൂട്ടിലോടുന്ന ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറം ദേശീയ പാതയിലുണ്ടായ അപകടത്തിൻ്റെ ദൃശ്യം ഞെട്ടിപ്പിക്കുന്നതായിരുന്നു. അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണാണ് മരണം. 30 ഓളം പേർക്ക് പരുക്കേറ്റു. നാല് പേരുടെ നില അതീവ ഗുരുതരമാണ്. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് യാത്രക്കാരെ പുറത്തെടുത്തത്. ബസ്സിന്റെ അമിത വേഗതയും മഴയിൽ റോഡ് നനഞ്ഞ് കിടന്നതും അപകടത്തിനു കാരണമായിട്ടുണ്ടാകാമെന്നാണ് നാട്ടുകാർ പറയുന്നു. ഡിവൈഡറിൻ്റെ മുകളിലേക്ക് ചെരിഞ്ഞ ബസ് തൊട്ടു മുന്നിലുണ്ടായിരുന്ന കാറിനു മുകളിലേക്കാണ് മറിഞ്ഞത്. വീഴ്ചയിൽ ബസ് രണ്ടായി മുറിഞ്ഞു. തൊട്ടു മുന്നിൽ പോയിരുന്ന രണ്ട് ബൈക്ക് യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഫയർഫോഴ്സെത്തി ബസ്സിൻ്റെ പിൻഭാഗം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. വളാഞ്ചേരി, കോട്ടയ്ക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്. അതിനിടയിൽ അപകടത്തിൽ പരിക്കേറ്റവരുമായി കോട്ടക്കലിലെ ആശുപത്രികളിലേക്ക് പോയ ആംബുലൻസുകൾ വെട്ടിച്ചിറ ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായി പരാതി ഉയർന്നു. അപകട സ്ഥലത്ത് നിന്ന് ആദ്യം എത്തിയ ആംബുലൻസ് ഡ്രൈവർ തുടർന്നും ആംബുലൻസുകൾ എത്തുമെന്ന് ടോൾ ജീവനക്കാരെ അറിയിക്കുകയും പ്രത്യേക പാത ഒരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അനുകൂല നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. ഇതോടെ പിന്നാലെയെത്തിയ ആംബുലൻസുകൾ ടോൾ പ്ലാസയിൽ ഏറെ നേരം കുടുങ്ങിക്കിടന്നതായി ഡ്രൈവർമാർ പറഞ്ഞു. വലിയ ആംബുലൻസുകൾക്ക് സുഗമമായി കടന്നുപോകാൻ പ്രത്യേക ട്രാക്ക് ഇല്ലാത്തതും നിലവിലെ വഴി പരിക്കേറ്റ രോഗികളെ കൊണ്ടുപോകാൻ പ്രയാസമുള്ളതാണെന്നും ഡ്രൈവർമാർ പറഞ്ഞു. ബസ് അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് പോസ്റ്റ്- ക്രാഷ് അന്വേഷണം ആരംഭിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണ റിപ്പോർട്ട് അഞ്ച് ദിവസത്തിനകം സമർപ്പിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ബസ് അമിതവേഗത്തിലായിരുന്നോ, അപകടത്തിന് റോഡിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണമായോയെന്നടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കും. പരിക്കേറ്റവരുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം നിരീക്ഷിച്ചു വരികയാണെന്നും അറിയിച്ചു. പോലീസിന്റെ അന്വേഷണത്തിന് പുറമെ സാങ്കേതിക പരിശോധനയും ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണമാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved