ജൂനിയർ ഡോക്ടറുടെ ചതി; കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവിന്റെ കാൽ മുറിച്ചുമാറ്റി; കലക്ടറേറ്റിന് മുന്നിൽ വീൽചെയറിൽ ഒറ്റയാൾ സമരവുമായി യുവാവ്
Pulamanthole vaarttha
കോഴിക്കോട് നഗരത്തിലെ പ്രമുഖ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂനിയർ ഡോക്ടർ യുവാവിന്റെ കാൽ മുറിച്ചുമാറ്റിയതായി പരാതി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഇരയായ യുവാവ് കോഴിക്കോട് സിവിൽ സ്റ്റേഷന് (കലക്ടറേറ്റ്) മുന്നിൽ വീൽചെയറിലിരുന്ന് ഒറ്റയാൾ സമരം ആരംഭിച്ചു.
നിലമ്പൂർ വഴിക്കടവ് മണിമൂളി സ്വദേശിയായ പരപ്പൻ ഇബ്രാഹിം എന്ന ചെറുപ്പക്കാരനാണ് മെഡിക്കൽ മാഫിയയുടെ ചൂഷണത്തിനും അനാസ്ഥയ്ക്കുമെതിരെ അതിജീവന പോരാട്ടവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.പ്രമേഹ രോഗ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇബ്രാഹിമിനെ, പിന്നീട് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായാണ് നഗരത്തിലെ പ്രമുഖ സ്വകാര്യ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.കാലിനടിയിലെ മുറിവ് വൃത്തിയാക്കുന്നതിനിടെ ചെറിയ രീതിയിൽ മാംസം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് പ്ലാസ്റ്റിക് സർജറിയിലൂടെ മാംസം വെച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയ നടത്താൻ ആശുപത്രി അധികൃതർ തീരുമാനിക്കുകയും, നഗരത്തിലെ പ്രശസ്തനായ സീനിയർ ഡോക്ടറുടെ മേൽനോട്ടത്തിലായിരിക്കും ശസ്ത്രക്രിയയെന്ന് കുടുംബത്തെ വിശ്വസിപ്പിക്കുകയും ചെയ്തു.എന്നാൽ, ഇതിന്റെ മറവിൽ ആശുപത്രിയിൽ അനധികൃതമായി പ്രാക്ടീസിന് എത്തുന്ന ഒരു ജൂനിയർ ഡോക്ടർ, സീനിയർ ഡോക്ടറുടെ വ്യാജപ്പേരിൽ എത്തി ആവശ്യമായ കൂടുതൽ പരിശോധനകൾ പോലും നടത്താതെ ഇബ്രാഹിമിന്റെ കാൽ മുറിച്ചുമാറ്റുകയായിരുന്നു എന്നാണ് പരാതി.കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗവും ആശ്രയവുമായിരുന്ന ഈ ചെറുപ്പക്കാരൻ കാൽ നഷ്ടപ്പെട്ടതോടെ കഴിഞ്ഞ ഒരു വർഷക്കാലമായി കടുത്ത വിഷാദരോഗത്തിന് അടിപ്പെട്ട് ചികിത്സയിലാണ്. ശാരീരികമായും മാനസികമായും സാമ്പത്തികമായും പൂർണ്ണമായി തകർന്ന ഇബ്രാഹിം, ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തവിധം പകച്ചുനിൽക്കുകയാണ്.ഡോക്ടറുടെ ഈ കിരാതനടപടിയെക്കുറിച്ച് ആശുപത്രി അധികൃതരോട് ചോദ്യം ചെയ്തപ്പോൾ, വൻ തുക വാഗ്ദാനം ചെയ്ത് കേസ് ഒതുക്കിത്തീർക്കാനാണ് അവർ ശ്രമിച്ചതെന്ന് യുവാവ് ആരോപിക്കുന്നു. തനിക്ക് നേരിട്ട ക്രൂരതയ്ക്ക് നിയമപരമായി നീതി ലഭിക്കണമെന്നും മേലിൽ മറ്റൊരാൾക്കും ചികിത്സയുടെ മറവിലുള്ള ഇത്തരമൊരു ചൂഷണം ഉണ്ടാകരുതെന്നും ഉറപ്പിച്ചാണ് ഇബ്രാഹിം കലക്ടറേറ്റിന് മുന്നിൽ സമരം തുടരുന്നത്.സംഭവത്തിൽ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷൻ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പുറമെ കേരള യുവജന കമ്മീഷൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്കും യുവാവ് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. അതിക്രൂരമായ ഈ മെഡിക്കൽ അനാസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി നാട്ടുകാരും രംഗത്തുണ്ട്.
വ്യാജ പേരിലെത്തി യുവാവിന്റെ കാൽ മുറിച്ചുമാറ്റിയ ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കണം
കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയ മലപ്പുറം വഴിക്കടവ് സ്വദേശി പരപ്പൻ ഇബ്രാഹിമിന്റെ കാൽ, സീനിയർ ഡോക്ടറുടെ വ്യാജപേരിലെത്തിയ ജൂനിയർ ഡോക്ടർ മുറിച്ചുമാറ്റിയ സംഭവം കടുത്ത മനുഷ്യാവകാശ ലംഘനവും മെഡിക്കൽ രംഗത്തെ ക്രിമിനൽ കുറ്റവുമാണ് കുടുംബത്തിന്റെ ഏക അത്താണിയായ ഒരു യുവാവിനെ നിരുത്തരവാദപരമായ സമീപനത്തിലൂടെ ആജീവനാന്തം വൈകല്യത്തിലേക്കും കടുത്ത മാനസിക വിഷാദത്തിലേക്കും തള്ളിവിട്ട ആശുപത്രി അധികൃതരുടെ നടപടി ഒട്ടും അംഗീകരിക്കാൻ കഴിയാത്തതാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച ആശുപത്രി മാനേജ്മെന്റിന്റെ നിലപാട് ദുരൂഹമാണ്.
നീതിക്കായി കോഴിക്കോട് കലക്ടറേറ്റ് പടിക്കൽ ഒറ്റയാൾ സമരം നടത്തുന്ന ഇബ്രാഹിമിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു. ഈ വിഷയത്തിൽ താഴെ പറയുന്ന ആവശ്യങ്ങൾ ഉന്നയിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം സമർപ്പിക്കുന്നു:
വ്യാജ പേരിൽ ശസ്ത്രക്രിയ നടത്തിയ ജൂനിയർ ഡോക്ടറെ ഉടനടി അറസ്റ്റ് ചെയ്യുക. നിയമവിരുദ്ധമായി പ്രാക്ടീസിന് അനുമതി നൽകുകയും മെഡിക്കൽ അനാസ്ഥയ്ക്ക് കൂട്ടുനിൽക്കുകയും ചെയ്ത ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുക.
ഇരയായ യുവാവിനും കുടുംബത്തിനും അടിയന്തരമായി സർക്കാർ തലത്തിൽ ഉയർന്ന സാമ്പത്തിക സഹായവും നഷ്ടപരിഹാരവും ലഭ്യമാക്കുക.
നടക്കാവ് പോലീസും ആരോഗ്യ വകുപ്പും ഈ സംഭവത്തിൽ അടിയന്തരമായി ഇടപെട്ട് നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുക. ഇബ്രാഹിമിന് നീതി ലഭിക്കുന്നത് വരെയും, ചികിത്സയുടെ മറവിൽ പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം മാഫിയകൾക്കെതിരെയും ശക്തമായ നിയമപോരാട്ടങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.