മെഗാ തൂഫാൻ അത്യുജ്ജ്വലമായി :ലഹരി നിർമ്മാർജ്ജനത്തിനായി പെരിന്തൽമണ്ണയിൽ നിന്ന് 2300 വിദ്യാർത്ഥി വളണ്ടിയർമാർ
Pulamanthole vaarttha
ലഹരി മാഫിയക്ക് മുന്നിൽ കേരളം മുട്ടുമടക്കില്ല: രമേശ് ചെന്നിത്തല
പെരിന്തൽമണ്ണ: കേരളത്തിലെ വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും നശിപ്പിക്കാൻ ഇറങ്ങിയ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് കെട്ടുകെട്ടിക്കുമെന്നും ലഹരി മാഫിയക്ക് മുന്നിൽ കേരളം മുട്ടുമടക്കില്ലെന്നും ആഭ്യന്തര – വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി എന്ന സാമൂഹ്യവിപത്തിനെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണ അറിയിച്ചുകൊണ്ടും പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമായി സംഘടിപ്പിച്ച മെഗാ തൂഫാൻ സംഗമം ഷിഫ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുടെ ഉറവിടവും ലഹരി വ്യാപനത്തിന്റെ വഴികളും കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ അതിശക്തമായ ലഹരി വേട്ടക്ക് കേരളം നേതൃത്വം നൽകും.

കേരളത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ പരാജയപ്പെടുത്താൻ ലഹരി മാഫിയ ഒ ളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും ഈ ദൗത്യത്തിൽ നിന്ന് പിറകോട്ട് പോകില്ല. ഒരു മാഫിയക്ക് മുമ്പിലും കേരളം മുട്ടുമടക്കില്ല. കേരളത്തിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ രാജ്യം തന്നെ ചർച്ച ചെയ്യുകയാണ്. 45 ദിവസം കൊണ്ട് ഇത്ര വലിയ ജനകീയ മുന്നേറ്റമായി മാറിയ മറ്റൊരു പദ്ധതിയും മുമ്പ് കണ്ടിട്ടില്ല. നാടിനെയും പുതിയ തലമുറയെയും രക്ഷിക്കാനുള്ള ഈ പ്രവർത്തനം കേരള ജനത ഏറ്റെടുത്തിരിക്കുകയാണ്. ജനങ്ങളുടെ പിന്തുണയാണ് ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ കരുത്ത് പകരുന്നത്. കേരളത്തിലെ വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് മുന്നോട്ടുപോകുന്ന ലഹരി മാഫിയയുടെ വേരറക്കുന്നത് വരെ കേരള പോലീസിന് വിശ്രമമില്ല.

കേരളത്തെ മറ്റൊരു കൊളംബിയ ആക്കി മാറ്റാൻ ആരെയും അനുവദിക്കില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്ന സംസ്ഥാനം പഞ്ചാബ് ആയിരുന്നു. എന്നാൽ പഞ്ചാബിന് പിന്തള്ളി കേരളം ഇക്കാര്യത്തിൽ മുന്നോട്ട് വന്നു. ലഹരി വിപത്തിനെതിരെ കേരള ജനത ഒറ്റക്കെട്ടായി മുന്നോട്ടുവന്നതോടെ ലഹരിക്കെതിരെ വലിയ മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക് സാധിച്ചു. ലഹരി മാഫിയയെ മുമ്പൊക്കെ ജനങ്ങൾക്ക് പേടിയായിരുന്നു. എന്നാൽ ലഹരി മാഫിയ ഇപ്പോൾ ജനങ്ങളെ ഭയപ്പെടുകയാണെന്നും ഇക്കാര്യത്തിൽ എല്ലാവരും യോജിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
നജീബ് കാന്തപുരം എം.എൽ.എ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നിന്നും 2300 വിദ്യാർത്ഥി വളണ്ടിയർമാരെ കേരളത്തിന് സംഭാവന ചെയ്യുന്നതായി നജീബ് കാന്തപുരം പറഞ്ഞു. ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നദീം സഫ്രാൻ കോങ്ങത്ത്, മുഹമ്മദ് റാഫി, അസ്ഹർ, മാനുപ്പ കുറ്റീരി, ഷബീറലി, പി കെ അബ്ദുൽ അസീസ്, അഹമ്മദ് പുളിക്കൽ എന്നിവർക്ക് തൂഫാൻ അംബാസഡർ ബാഡ്ജ് ആഭ്യന്തരമന്ത്രി കൈമാറി. ചടങ്ങിൽ വി.എസ് ജോയ് എം.എൽ.എ, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, നഗരസഭ അധ്യക്ഷ സുരയ്യ ഫാറൂഖ്, മുൻമന്ത്രി അഡ്വക്കേറ്റ് നാലകത്ത് സൂപ്പി, എം ബി മുഹമ്മദ് ഫസൽ, വി ബാബുരാജ്, എ കെ നാസർ മാസ്റ്റർ, അഡ്വ എ കെ മുസ്തഫ, അഡ്വ. എസ് അബ്ദുസ്സലാം,ഹുസൈൻ കളപ്പാടൻ, ആയിഷ മേക്കോട്ടിൽ, സുലൈഖ കരിമ്പന, സുധ, ഷഹീന മോൾ, റംസീന മുജീബ്, സി സുകുമാരൻ, സാജിത ടീച്ചർ, സി കെ ഹാരിസ്, കുഞ്ഞു മൊയ്തീൻ, ചമയം ബാപ്പു, ഫൗസിയ പെരുമ്പള്ളി, ഷാലിമാർ ഷൗക്കത്ത്, ഡോ. പി ഉണ്ണീൻ, ബഷീർ നാലകത്ത് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. നജ്മ തബ്ഷീറ സ്വാഗതം പറഞ്ഞു.