സോഷ്യൽ മീഡിയയിലെ പരിചയം പ്രണയമായി : പീച്ചി ഡാമില്‍ കറങ്ങാന്‍ വിളിച്ചുവരുത്തി യുവാവിൻറെ 4 പവന് മാലയും ഫോണും തട്ടിപ്പറിച്ച യുവതിയെ പോലീസ് പിടികൂടി
Pulamanthole vaarttha
തൃശൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് യുവാവിനെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി നാല് പവന്റെ സ്വര്‍ണ്ണമാലയും വിലകൂടിയ മൊബൈല്‍ ഫോണും തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസിലെ തട്ടിപ്പുകാരിയായ യുവതി ഒടുവില്‍ പോലീസിന്റെ വലയില്‍. തൃശൂര്‍ പാവറട്ടി വെങ്കിടങ് പണ്ടാറമേട് എടക്കാട് വീട്ടില്‍ ഹമിഷ ദാസ് (25) എന്ന യുവതിയെയാണ് പീച്ചി പോലീസ് സംഘം കടവന്ത്രയിലെ രഹസ്യ താവളത്തില്‍ വെച്ച് അതിസാഹസികമായി പിടികൂടിയത്.കഴിഞ്ഞ ജൂണ്‍ 26-നാണ് നാടിനെ ഞെട്ടിച്ച സംഭവം നടക്കുന്നത്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും സജീവമായ ഹമിഷ ദാസ് ചേലക്കര സ്വദേശിയായ യുവാവുമായി സോഷ്യല്‍ മീഡിയയിലൂടെയാണ് സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് പ്രണയം നടിച്ച് യുവാവിനെ പീച്ചി ഡാമില്‍ വെച്ച് നേരിട്ട് കാണാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു. പീച്ചി ഡാമിന്റെ പാര്‍ക്കിങ് ഏരിയയില്‍ വിജനമായ സ്ഥലത്ത് വെച്ച് സംസാരിക്കുന്നതിനിടെ ഹമിഷ യുവാവിന്റെ കഴുത്തില്‍ കിടന്നിരുന്ന നാല് പവന്റെ സ്വര്‍ണ്ണമാല ഊരിയെടുത്ത് സ്വന്തം കഴുത്തിലിടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത യുവാവിനോട് തനിക്കൊപ്പം ഡാമില്‍ നില്ക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും കാട്ടി നാട്ടുകാരെയും പോലീസിനെയും വിളിച്ച് കൂട്ടുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നുപോയ യുവാവിന്റെ കൈയില്‍ നിന്നും സ്വര്‍ണ്ണമാലയ്ക്ക് പുറമെ വിലകൂടിയ മൊബൈല്‍ ഫോണും തട്ടിയെടുത്ത് യുവതി സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു.സ്വര്‍ണ്ണവും ഫോണും നഷ്ടപ്പെട്ട് ഭയന്നുവിറച്ച യുവാവ് ഒടുവില്‍ പീച്ചി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കൃത്യമായ വിവരങ്ങള്‍ നല്കി പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ ഫോണ്‍ ലൊക്കേഷനും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് അതിവേഗം വലവീശി. യുവതി എറണാകുളം കടവന്ത്രയിലുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം സ്ഥലത്തെത്തുകയും കടവന്ത്രയിലെ ഒളിത്താവളത്തില്‍ നിന്ന് ഹമിഷയെ വിദഗ്ധമായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പീച്ചി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജിനോ പീറ്റര്‍, അസി. സബ് ഇന്‍സ്പെക്ടര്‍ ഗീത, സിവില്‍ പോലീസ് ഓഫീസര്‍ നിധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ സമാനമായ രീതിയില്‍ കൂടുതല്‍ പേരെ യുവതി വലയിലാക്കിയിട്ടുണ്ടോ എന്നും ആര്‍ക്കെങ്കിലും തുകയോ സ്വര്‍ണ്ണമോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved