സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ
Pulamanthole vaarttha
ഭാര്യയുടെ പേരിലുള്ള 10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുടുത്ത് പുതിയ വിവാഹം കഴിച്ചു ജീവിക്കാൻ മോഹിച്ച ശരീഫ് കുരുന്നുകളെയും ഭാര്യയേയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ടത് റമളാൻ മാസം തീരുന്ന അന്ന്
അരീക്കോട് : വാവൂർ ആലുക്കലിലെ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്.ബാംഗ്ലൂരിൽ നിന്നാണ് പ്രതിയെ അതി സാഹസികമായി പിടികൂടിയത്. ബാംഗ്ലൂരിൽ ഒരു യുവതിയെ വിവാഹം ചെയ്ത് കുടുംബമായി ജീവിക്കുകയായിരുന്ന പ്രതി അവിടെ ടാക്സി ഡ്രൈവറായിരുന്നു. സംഭവം നടന്ന് 13 വർഷത്തിന് ശേഷമാണ് പ്രതി ഇന്നലെ പിടിയിലായിരിക്കുന്നത് . 2013 ജൂലൈ 22 ന് . റംസാൻ മാസത്തിലെ ആ രാത്രി പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി കോഴിക്കോട്ടുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മുഹമ്മദ് ഷരീഫും കുടുംബവും. വാവൂർ ചുങ്കത്തെ വീട്ടിലേക്കെത്താൻ മീറ്ററുകൾ ദൂരം മാത്രം ബാക്കിയുള്ളപ്പോൾ, പുലർച്ചെ ഏകദേശം രണ്ടരയോടെ വാവൂർ ആലുക്കൽ റോഡിലെ വിജനമായ പാടശേഖരത്തിനടുത്ത് ആ സ്കൂട്ടർ നിന്നു. നിമിഷങ്ങൾക്കകം സാബിറയുടേയും രണ്ട് പിഞ്ചുമക്കളുടേയും നിലവിളികൾ ആ മൺകുഴിയിലെ വെള്ളക്കെട്ടിൽ ആഴ്ന്നുപോയി. ആ പിഞ്ചുമക്കൾ പെരുന്നാളിനിടാൻ കൊതിച്ചുവാങ്ങിയ പുത്തൻ ഉടുപ്പുകളും അവരോടൊപ്പം താഴ്ന്നു. ചതി ഒളിപ്പിച്ച്; 10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി സ്വന്തം കുടുംബത്തെ വെള്ളത്തില്‍ മുക്കിക്കൊന്ന ശരീഫ് ടയർ പഞ്ചറായി അപകടം ഉണ്ടായെന്ന് നാട്ടുകാരോട് പറഞ്ഞത്

ശരീഫ് കൊലപ്പെടുത്തിയ സാബിറയും (21) മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2)
സ്വന്തം ചോരയെയും പ്രാണനെയും പണത്തിന് മീതെ വെച്ച് അളന്ന ആ നരാധമൻ ഒടുവിൽ നിയമത്തിന് മുന്നിൽ വീണ്ടും എത്തുമ്പോൾ നാട് കുറച്ചൊന്നുമല്ല ആശ്വസിക്കുന്നത് . 2013-ൽ കേരളത്തെ കണ്ണീരിലാഴ്ത്തിയ അരീക്കോട് കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി വാവൂർ കൂടാംതൊടി മുഹമ്മദ് ഷെരീഫിനെ നീണ്ട 13 വർഷത്തെ തിരച്ചിലിനൊടുവിൽ കർണാടകയിലെ പരപ്പന അഗ്രഹാരത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്. പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും വാഹനാപകടമെന്ന വ്യാജേന വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഷെരീഫിന്റെ ക്രൂരത ഇന്നും നാടിന്റെ നെഞ്ചിൽ നോവായി ബാക്കിയുണ്ട്. 2013 ജൂലൈ മാസത്തിൽ നടന്ന സംഭവം ആരെയും വിശ്വസിപ്പിക്കുന്ന രീതിയിലാണ് ഷെരീഫ് ആസൂത്രണം ചെയ്തത്. ടയർ പഞ്ചറായതിനെ തുടർന്ന് അപകടമുണ്ടായതാണെന്നും,

വെള്ളക്കെട്ടിലേക്ക് മറിച്ചിട്ട സ്കൂട്ടർ വാഹന വകുപ്പ് പരിശോധിക്കുന്നു
താൻ രക്ഷപ്പെട്ടെങ്കിലും ഭാര്യ സാബിറയും (21) മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവരും വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്നുമാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്.അന്ന് മകളുടെ മൃതദേഹവുമായി വിതുമ്പിക്കൊണ്ട് ഇയാൾ നാട്ടിലെത്തിയപ്പോൾ, ആ മുഖത്തെ കള്ളത്തരം ആരും തിരിച്ചറിഞ്ഞില്ല. എന്നാൽ, പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുത്ത് പുതിയ ജീവിതം സ്വപ്നം കണ്ടിരുന്ന ആ പിതാവിന്റെ ഉള്ളിലെ കുടിലത പിന്നീട് പോലീസ് പുറത്തു ചാടിച്ചു. വിചാരണാ വേളയിൽ ജാമ്യം ലഭിച്ച പ്രതി 2014-ൽ മുങ്ങിയതോടെ, നീതി തേടിയുള്ള സാബിറയുടെ കുടുംബത്തിന്റെ യാത്ര തുടങ്ങുകയായിരുന്നു. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകി, തങ്ങളുടെ മക്കൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ അവർ കാത്തിരുന്നു. 76 ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ച പോലീസ് സംഘത്തിന്റെ അന്വേഷണം ഒടുവിൽ കർണാടകയിലെ ഒളിത്താവളത്തിൽ എത്തി നിൽക്കുമ്പോൾ, മരണപ്പെട്ട ആ മൂന്ന് ജീവനുകൾക്ക് നീതി ലഭിക്കുമെന്ന വലിയൊരു പ്രതീക്ഷയിലാണ് ഇന്ന് നാട് മുഴുവൻ.