കുണ്ടറയിൽ സിയാദ് എന്ന യുവാവ് മരിച്ചത് പൊലിസ് മര്‍ദ്ദനം മൂലമെന്ന് ആവര്‍ത്തിച്ച് കുടുംബം
Pulamanthole vaarttha
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം
കൊല്ലം: പൊലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പൊലിസിനെതിരായ ആരോപണം ആവർത്തിച്ച കുടുംബം. മരണം പൊലിസ് മർദ്ദനം മൂലമാണെന്ന് കുടുംബം ആവർത്തിച്ചു. സിയാദിനെ ജീപ്പിൽ വെച്ച് പൊലീസ് ക്രൂരമായി മർദിച്ചതായി അവൻ തന്നെ പറഞ്ഞിട്ടുണ്ടെന്ന് പിതാവ് ബദ്രുദീനും മാതാവ് ആരിഫാ ബീവിയും ചാനലിനോട് പറഞ്ഞു. കുറ്റക്കാരായ പൊലിസുകാർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദ് (39) ആണ് ശനിയാഴ്ച മരിച്ചത്. സംഭവത്തിൽ കുണ്ടറ പൊലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി അപ്പോൾ തന്നെ കുടുംബം രംഗത്തെത്തിയിരുന്നു. പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ സിയാദിന്റെ മുതുകത്ത് ഇടിച്ചെന്നും വാരിയെല്ല് പൊട്ടിയെന്നും കുടുംബം ആരോപിച്ചു. കുണ്ടറ സ്റ്റേഷനിലെ എസ്.ഐ അതുൽ, സി.പി.ഒ ശ്രീജിത്ത് എന്നിവർക്കെതിരേയാണ് ആരോപണം. പൊലിസ് സ്റ്റേഷനിലെത്തിയ ശേഷവും മർദനം തുടർന്നു. കസ്റ്റഡിയിലെടുത്ത സമയം സിയാദ് ഭാര്യയെ വിളിച്ച് പൊലിസ് മർദിക്കുന്നെന്നും ഉടൻ എത്തണമെന്നും അറിയിച്ചിരുന്നു.അന്ന് സാറന്മാരോട് എല്ലാരടത്തും ഞാൻ പറഞ്ഞതല്ലേ പപ്പായ്ക്ക് വയ്യാത്താ, വയ്യാത്തേന്ന്. അന്ന് സാറ് അവിടെയിട്ട് ഇടിച്ചെന്ന് അന്ന് അവിടെ വച്ച് പപ്പ പറഞ്ഞായിരുന്നു. സാറാ ഇടിച്ചേന്നും പറഞ്ഞു. ഇപ്പൊ എന്റെ പപ്പ പോയി. തെളിവുണ്ട് സാറെ, അങ്ങനെ ആശുപത്രിയിൽ പോയപ്പോ ആരാ ഇടിച്ചതെന്ന് ചോദിച്ചു. നട്ടെല്ല് മൊത്തം പഴുത്ത് സീരിയസായിട്ട് കിടന്ന്, ഇപ്പൊ പോയി. അന്ന് സാറിനോട് ഞാൻ നൂറുവട്ടം പറഞ്ഞതാ വയ്യാത്ത ആളാണെന്ന്… പോയി… ഞങ്ങൾക്കാണ് ഇപ്പോ ഇല്ലാതെ വന്നത്…’കസ്റ്റഡി മരണത്തിൽ പുറത്തുവന്ന മനസുലയ്ക്കുന്ന ശബ്ദരേഖയാണിത്. ‘സാർ ഇടിച്ചെന്ന് പപ്പ പറഞ്ഞിരുന്നു’ എന്ന കുട്ടിയുടെ വാക്കുകൾ ഹൃദയം മുറിക്കുന്നതാണ്. അച്ഛൻ്റെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതായും ആശുപത്രിയിലെ ഡോക്ടർമാർ പോലും ‘ആരാണ് ഇങ്ങനെ മർദിച്ചത്’ എന്ന് ചോദിച്ചിരുന്നതായും മകൾ സംഭാഷണത്തിൽ പറയുന്നു. എന്നാൽ, മകളുടെ ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്ന സമീപനമാണ് എസ്.ഐയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ശബ്ദരേഖയിൽ കേൾക്കാം.
കഴിഞ്ഞ 16ന് രാത്രിയാണ് അയൽവാസിയായ പതിമൂന്നുകാരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിൽ കുണ്ടറ പൊലിസ് സിയാദിനെ വീട്ടിൽനിന്ന് പിടിച്ചു കൊണ്ടുപോയത്. വിദ്യാർഥിയെ കണ്ടെത്തിയതിനെ തുടർന്ന് അടുത്ത ദിവസം സിയാദിനെ വിട്ടയക്കുകയായിരുന്നു. വിദ്യാർഥിയെ കാണാതായതുമായി സിയാദിന് ബന്ധമുണ്ടായിരുന്നില്ല. ശാരീരിക പ്രയാസങ്ങളെ തുടർന്ന് സിയാദ് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം സിയാദ് മരിച്ചത്. പൊലിസ് സ്റ്റേഷനിൽ വച്ച് യുവാവിനെ ക്രൂരമായി മർദിച്ചതായും എസ്.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ലാത്തിയും തോക്കും ഉപയോഗിച്ച് ഉപദ്രവിച്ചെന്നും മർദനത്തിൽ വാരിയെല്ലിനേറ്റ പരുക്കാണ് മരണ കാരണമെന്നും കുടുംബം ആരോപിക്കുന്നു. അതിനിടെ മരിച്ച സിയാദിൻ്റെ മകളും പൊലിസുകാരനായ ശ്രീജിത്തും തമ്മിലുള്ള ഫോൺ സംഭാഷണവും പുറത്തുവന്നു. സിയാദിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നുമാണ് പൊലിസിന്റെ വിശദീകരണം. അതേസമയം, വിഷയത്തിൽ ഡി.ജി.പിയോട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോർട്ട് തേടി. അതിനിടെ കുണ്ടറ പൊലിസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി എത്തി. ആരോപണ വിധേയരായ പൊലിസുകാരെ മാറ്റി നിർത്തി വിശദമായ അന്വേഷണം നടത്തണമെന്നും നേരത്തെയും കുണ്ടറയിലെ പൊലിസ് ഉദ്യോഗസ്ഥരെ കുറിച്ച് നിരവധി പരാതികളുണ്ടെന്നും മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.