സുഹൃത്തുക്കളുടെ വേർപാടിൽ വിങ്ങി വെള്ളില ഗ്രാമം : രക്ഷാപ്രവർത്തനത്തിൽ കൈകോർത്ത് നാട്
Pulamanthole vaarttha
പൊതു ദർശനം വെള്ളില – ടെസ്ക്കർ -ഓഡിറ്റോറിയത്തിൽ – ഇന്ന് രാവിലെ -10 – മണി മുതൽ
മങ്കട: വെള്ളില കടുക്കാസിറ്റി നമ്പൂരിക്കാട് – കുരങ്ങൻചോല വ്യൂപോയിന്റിന് സമീപം ഉണ്ടായ ഇടിമിന്നൽ ദുരന്തം ഒരു പ്രദേശത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി. ഒരുമിച്ച് വളർന്നും പഠിച്ചും സഞ്ചരിച്ചും നടന്ന നാല് യുവാക്കളെ നഷ്ടമായ വേദനയിൽ വെള്ളില ഗ്രാമവും പരിസര പ്രദേശങ്ങളും ഇപ്പോഴും ഞെട്ടലിലാണ്.
മരിച്ചവരിൽ ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരുന്ന വിദ്യാർത്ഥിയും പ്ലസ് ടു വിദ്യാർത്ഥിയും ഉൾപ്പെട്ടത് സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

മരണപെട്ട വിദ്യാർത്ഥികളുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ
മങ്കട ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ എഴുതിയ സിയാദും, മങ്കട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ റഹീസും ഇനി ഓർമ്മകളിൽ മാത്രം ബാക്കിയാകുമ്പോൾ സ്കൂൾ ക്യാമ്പസുകളിലും നൊമ്പരമാണ്.

മഴയും മിന്നലും കനത്ത സാഹചര്യത്തിൽ കുരങ്ങൻചോല മലമുകളിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്താൻ നാട്ടുകാർ ജീവൻപണയം വെച്ചാണ് ഓടിയെത്തിയത്. ഇടിമിന്നലേറ്റ് യുവാക്കൾ വിവിധ ഭാഗങ്ങളിലേക്ക് തെറിച്ചുവീണ നിലയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഇരുട്ടും കനത്ത മഴയും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായെങ്കിലും നാട്ടുകാരുടെ ജാഗ്രതയും കൂട്ടായ്മയും ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് വലിയ കരുത്തായി.

രാത്രി ഏറെ വൈകിയും തിരച്ചി മലമുകളിൽ തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ
പെരിന്തൽമണ്ണ, മലപ്പുറം ഫയർഫോഴ്സ് യൂണിറ്റുകൾ, മങ്കട പോലീസ്, ട്രോമാകെയർ പ്രവർത്തകർ, സിവിൽ ഡിഫൻസ് അംഗങ്ങൾ, സന്നദ്ധ സംഘടനകളുടെ വളണ്ടിയർമാർ, നാട്ടുകാർ തുടങ്ങി നിരവധി പേരാണ് മണിക്കൂറുകളോളം മലമുകളിൽ തിരച്ചിൽ നടത്തിയത്. അപകടസാധ്യത നിലനിന്നിട്ടും മഴയും ഇരുട്ടും അവഗണിച്ച് യുവാക്കളെ കണ്ടെത്താൻ നാട്ടുകാർ മലമുകളിലുടനീളം തെരച്ചിൽ നടത്തി. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു. പരിക്കേറ്റ റോഷൻ, ഇഷാത്ത്, സൽമാനുൽ ഫാരിസ് എന്നിവരെ ആദ്യം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്കും മാറ്റി. ഇഷാത്തിനെ ഗുരുതരാവസ്ഥയെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയതായും സൽമാനുൽ ഫാരിസിൻ്റെ നിലയും ഗുരുതരമാണെന്നും ബന്ധുക്കൾ അറിയിച്ചു. ഗ്രാമീണ ടൂറിസത്തിൽ ശ്രദ്ധേയമായ വെള്ളില – കുരങ്ങൻചോല പ്രദേശം പ്രകൃതിസൗന്ദര്യത്തിനായി നിരവധി സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ്. സമുദ്രനിരപ്പിൽ നിന്ന് ഉയരമുള്ള പ്രദേശമായതിനാൽ ഇടിമിന്നൽ സാധ്യത കൂടുതലുള്ള മേഖലയാണിതെന്ന് നാട്ടുകാർ പറയുന്നു. മലപ്പുറം ജില്ലയിലെ പോലീസിന്റെ വയർലെസ് കൺട്രോൾ അടക്കമുള്ള ടവറുകളും മലമുകളിലായാണ് പ്രവർത്തിക്കുന്നത്. ഇവിടെനിന്ന് കണ്ണെത്താദൂരത്തോളം വിശാലമായി ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങൾ കാണാനാകുന്നതിനാൽ ഇടിയും മിന്നലും ശക്തമായി അനുഭവപ്പെടുന്ന മേഖലയായാണ് കുരങ്ങൻചോല അറിയപ്പെടുന്നത്. ഔദ്യോഗിക ടൂറിസ്റ്റ് കേന്ദ്രമല്ലെങ്കിലും ദിവസേന നൂറുകണക്കിന് ആളുകളാണ് കുരങ്ങൻചോലയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നത്. എന്നാൽ സുരക്ഷാസംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തത് വലിയ ആശങ്കയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മഴക്കാലങ്ങളിലും ഇടിമിന്നൽ സാധ്യതയുള്ള സമയങ്ങളിലും ആളുകളുടെ പ്രവേശനം നിയന്ത്രിക്കണമെന്നും പ്രദേശത്ത് മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബുധനാഴ്ച നാട്ടിലെത്തിച്ച് മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കും. അവസാന യാത്രക്കായി ഒരു നാട് മുഴുവൻ കണ്ണീരോടെ കാത്തിരിക്കുകയാണ്.

ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയാണ് സുഹൃത്തുകളായ വിദ്യാർഥികൾ മടങ്ങിയത്. ഉയർന്ന പ്രദേശമായ കുരങ്ങൻചോലയിൽ വൈകുന്നേരങ്ങളിൽ ആളുകൾ വന്നിരിക്കുന്ന വ്യൂ പോയിൻ്റിൽ കാഴ്ച കാണാനെത്തിയ നാലു വിദ്യാർഥികളുടെ മരണം നാടിന്റെ നൊമ്പരമാകുകയാണ് വെള്ളില
മലയിൽ പുതുക്കൂടി അലിയുടെയും മുബീനയുടെയും മകൻ റഹീസ് (20), പുത്തൻവീട്ടിൽ കൂരിമണ്ണിൽ സൈതലവിയുടെയും പരേതയായ സാജിതയുടെയും മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെയും സുലൈഖയുടെയും മകൻ സിയാദ് (18), കറുത്താൻകുത്ത് നിസാറിന്റെയും
നസീമയുടെയും മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്. വലിയ ശബ്ദം കേട്ട്താ ഴെയുണ്ടായിരുന്ന നാട്ടുകാർ വ്യൂപോയിന്റിലെത്തി നോക്കുമ്പോൾ വിദ്യാർഥികൾ ബോധമില്ലാതെ കിടക്കുകയായിരുന്നു. ആദ്യംകണ്ട ആറുപേരെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേർ മരിച്ചു. പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ഒരാളെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
മരിച്ച ഫഹദിന്റെ ഇരട്ടസഹോദരൻ റോഷൻ, മരിച്ച റഹീസിൻ്റെ സഹോദര സൽമാനുൽ ഫാരിസ്, മലയിൽ വീട്ടിൽ മുഷ്താഖിന്റെ മകൻ ഇഷ്ഹാത്ത് (16) എന്നിവർ പരിക്കേറ്റത്. സൽമാനുൽ ഫാരിസിനെയും ഇഷ്ഹാത്തിനെയും
പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു