നിലമ്പൂർ-നഞ്ചൻകോട് പാതയോട് കേന്ദ്ര ബജറ്റിൽ കടുത്ത അവഗണന
Pulamanthole vaarttha
അങ്ങാടിപ്പുറം: മലബാറിന്റെ വികസന സ്വപ്നമായ നിലമ്പൂർ- നഞ്ചൻകോട് റെയിൽവേ പാത കേന്ദ്ര സർക്കാരിന്റെ ഈ ബജറ്റിലും അവഗണിക്കപ്പെട്ടു. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിലൂടെ കടന്നു പോകുന്ന പാതയായതിനാൽ ഇത്തവണ ബജറ്റിൽ പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പദ്ധതിയെക്കുറിച്ച് പരാമർശമേ ഉണ്ടായില്ല. ബ്രിട്ടീഷ് കാലത്ത് സർവ്വേ പൂർത്തിയായ ഈ പദ്ധതി ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന നിർണ്ണായക പാതയായാണ് കണക്കാക്കപ്പെടുന്നത്. റെയിൽവേ മന്ത്രാലയവും ഡി.എം.ആർ.സിയും നടത്തിയ പ്രാഥമിക സർവ്വേകളിൽ പാത ലാഭകരമാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും തുടർ നടപടികൾ നിലച്ച മട്ടാണ്.
ഈ പാത യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിൽ നിന്നും മൈസൂരിലേക്കുള്ള ദൂരം 348 കിലോമീറ്ററായി കുറയും. 236 കിലോമീറ്റർ നീളമുള്ള പാതയിൽ 41 വലിയ പാലങ്ങളും 63 ടണലുകളും ഉൾപ്പെടുന്നുണ്ട്. കേരളത്തിലൂടെ 126.2 കിലോമീറ്ററും തമിഴ്നാട്ടിലൂടെ 37.80 കിലോമീറ്ററും കർണാടകയിലൂടെ 72 കിലോ മീറ്ററുമാണ് പാത കടന്നു പോകുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി വിമാനത്താവളം എന്നിവയുമായി കർണാടകയെ ബന്ധിപ്പിക്കുന്ന ഐടി- ടൂറിസം കോറിഡോറായി ഈ പാത മാറും. കർണാടക, തമിഴ്നാട്, കേരള സർക്കാരുകൾ സംയുക്തമായി ഒരു കോർപ്പറേഷൻ രൂപീകരിച്ച് കൊങ്കൺ റെയിൽവേ മാതൃകയിൽ നടപ്പിലാക്കിയാൽ മാത്രമേ പദ്ധതി യാഥാർത്ഥ്യമാകൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി പ്രശ്നങ്ങളും വനഭൂമി വിട്ടു നൽകുന്നതിലെ തടസ്സങ്ങളും പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള രാഷ്ട്രീയ ചർച്ചകൾ ഊർജിതമാക്കണമെന്നാണ് ജനകീയ സമിതികളുടെ ആവശ്യം.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved