അക്ഷരമുറ്റത്തെ ക്രൂരത; ഫാത്തിമയുടെ മരണത്തിൽ നീതി തേടി പിതാവ്
Pulamanthole vaarttha
അധ്യാപികയുടെ ക്രൂരതയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നം
മാനന്തവാടി: ഏഴാംതരം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്കൂളിനും അധ്യാപികയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ പിതാവ് രംഗത്ത്. പീച്ചംകോട് മണിയോത്ത് ഫാത്തിമയുടെ പിതാവ് റഹീമാണ് മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയത്. ദ്വാരക എയുപി സ്കൂളില്‍ നിന്നും തന്റെ മകള്‍ക്ക് കടുത്ത മാനസിക പീഡനവും അപമാനവും നേരിട്ടതായും, അതാണ് ആത്മഹത്യക്ക് കാരണമായതെന്നും പിതാവ് പരാതിയില്‍ പറയുന്നു. സ്കൂളിലെ ചില അധ്യാപകരുടെയും, പ്രത്യേകിച്ച് ഒരു അധ്യാപികയുടേയും ക്രൂരമായ പെരുമാറ്റവും അവഗണനയും കുട്ടിക്കെതിരെ ഉണ്ടായതായാണ് ആരോപണം. ഈ മാസം 16നാണ് സംഭവം. സ്കൂള്‍ വിട്ട് യൂണിഫോമില്‍ തന്നെയായിരുന്നു കുട്ടി ആത്മഹത്യ ചെയ്തത്. ഇതിന് പിന്നില്‍ സ്കൂളില്‍ വെച്ച് നേരിട്ട സംഭവങ്ങളാണെന്ന് പിതാവ് ചൂണ്ടിക്കാട്ടുന്നു. ക്ലാസ്സില്‍ മഷി ഒഴിച്ചതായി ആരോപിച്ച്, യാതൊരു കുറ്റവുമില്ലാതിരുന്ന തന്റെ മകളെ അധ്യാപിക മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് ക്ലാസ് മുറി തുടപ്പിക്കാന്‍ നിര്‍ബന്ധിച്ചതായും, ഇത് കുട്ടിയുടെ ആത്മാഭിമാനത്തെ ഗുരുതരമായി തകര്‍ത്തതായും പരാതിയില്‍ പറയുന്നു. ചില കുട്ടികള്‍ മഷി ഒഴിച്ചത് ഫാത്തിമയാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ഇതിന് പുറമെ, സ്കൂളിലെ ഡാന്‍സ് ഗ്രൂപ്പില്‍ സജീവമായി പങ്കെടുത്തിരുന്ന ഫാത്തിമയെ യാതൊരു കാരണവുമില്ലാതെ അതില്‍ നിന്ന് മാറ്റിനിര്‍ത്തിയതായും പിതാവ് ആരോപിക്കുന്നു. ഇത് അവളെ ഏറെ മാനസികമായി വേദനിപ്പിച്ചിരുന്നുവെന്നും, മറ്റ് കുട്ടികളുടെ മുന്നില്‍ അവഗണിക്കപ്പെടുന്നുവെന്ന ബോധം അവള്‍ക്കുണ്ടായിരുന്നുവെന്നും വീട്ടില്‍ പറഞ്ഞിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
അധ്യാപിക പലപ്പോഴും കര്‍ശനമായ ഭാഷയില്‍ സംസാരിക്കുകയും, വഴക്ക് പറയുകയും, ചില സന്ദര്‍ഭങ്ങളില്‍ അവഹേളനപരമായ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്ന് കുട്ടി മാതാവിനോട് പറഞ്ഞിരുന്നതായും പറയുന്നു. ഈ മാനസിക പീഡനം തുടര്‍ച്ചയായിരുന്നുവെന്നും, സ്കൂള്‍ ഭയത്തിന്റെയും അപമാനത്തിന്റെയും ഇടമായി മാറിയതായും പിതാവ് പറയുന്നു.
ഒരു പിതാവായി അനുഭവിക്കുന്ന വേദനയും നഷ്ടവും വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ലെന്ന് റഹീം പറയുന്നു. തന്റെ മകള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നില്‍ സ്കൂളില്‍ നിന്ന് അവള് നേരിട്ട മാനസിക പീഡനവും അപമാനവുമാണെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും, ബന്ധപ്പെട്ട അധ്യാപികയുടെ നിരന്തരമായ വഴക്കും അവഗണനയും അവളുടെ മനസ്സിനെ പൂര്‍ണമായി തകര്‍ത്തുവെന്നും അദ്ദേഹം ആരോപിക്കുന്നു.
ഇത് ഒരു സാധാരണ ആത്മഹത്യയായി കണ്ടു അവസാനിപ്പിക്കരുതെന്നും, കുട്ടികളുടെ അവകാശങ്ങളും ജീവനും സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ നിയമ സംവിധാനത്തിന്റെ ഉത്തരവാദിത്വമാണെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പിതാവ് ആവശ്യപ്പെടുന്നു. സംഭവത്തില്‍ മാനന്തവാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
കുറ്റമൊന്നും ചെയ്യാത്ത കുരുന്നിനെ സഹപാഠികളുടെ മുന്നിൽ വെച്ച് ക്ലാസ് മുറി തുടപ്പിക്കാൻ നിർബന്ധിച്ചതും, ഇഷ്ടപ്പെട്ട ഡാൻസ് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയതും ഉൾപ്പെടെയുള്ള ക്രൂരതകൾ ആ പിഞ്ചുമനസ്സിനെ തകർത്തു എന്ന് പരാതിയിൽ പറയുന്നു. ഒരു പിതാവിന്റെ ഈ കണ്ണീരിന് മറുപടി നൽകാൻ നമ്മുടെ നിയമസംവിധാനത്തിന് കഴിയുമോ?