വടകര എംഡിഎംഎ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ
Pulamanthole vaarttha
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ് അധ്യാപികയായ ആവള കുട്ടോത്ത് സ്വദേശി നീഷ്മയാണ് പിടിയിലായത്. ഇതോടെ മൂന്ന് അധ്യാപികമാരാണ് സംഭവത്തിൽ അറസ്റ്റിലായത്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. നേരത്തെ ഈ കേസിൽ പിടിയിലായ പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ് അധ്യാപിക കീർത്തനയെയും ചെരുവാളൂർ സ്കൂളിലെ അധ്യാപിക കാവ്യയെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പേരാമ്പ്രയിൽ എംഡിഎംഎയുമായി അറസ്റ്റിലായ കീർത്തന അറസ്റ്റിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. അധ്യാപിക എന്ന പരിവേഷം മറയാക്കി വ്യാപകമായി എംഡിഎംഎ വിറ്റഴിച്ച ഇവർ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. ആദ്യം പിടിയിലായ കീർത്തന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാവ്യയിലേക്ക് അന്വേഷണം നീണ്ടതും പിടികൂടിയതും. ലഹരി വസ്തുക്കൾ ആവശ്യപ്പെടുന്നവർ പണം ഇവരുടെ അക്കൗണ്ടുകളിലേക്ക് ഓൺലൈനായി അയക്കുകയാണ് പതിവ്. തുടർന്ന് ഇവർ നൽകുന്ന നിർദ്ദേശങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റ് അംഗങ്ങൾ പണം നൽകിയവർക്ക് ലഹരി എത്തിച്ചു കൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മൂന്നുപേരും ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു.
*അധ്യാപികമാർക്കു പിന്നിൽ വലിയ ശൃംഖല, ഇനിയും അറസ്റ്റുണ്ടാകും; അന്വേഷണത്തിന് എസ്ഐടി*

കോഴിക്കോട് : എംഡിഎംഎ കേസിൽ സമഗ്രശിക്ഷ കേരളയിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്റ്റിലായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചതായി റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു. കൂടുതൽ അധ്യാപകർക്കു പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണു തീരുമാനം. വടകര ഇൻസ്പെക്ടർ എ.വി.ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 2 അധ്യാപികമാർ അറസ്റ്റിലായത്. സാധാരണ ലഹരി കേസിനപ്പുറം ഈ സംഭവത്തിൽ വലിയൊരു ശൃംഖലയുണ്ടെന്നു സംശയമുണ്ട്. ഉറവിടം കണ്ടെത്താനുള്ള ശ്രമം ശക്തമാക്കും. ഇനിയും അറസ്റ്റുണ്ടാകുമെന്നും മെറിൻ ജോസഫ് പറഞ്ഞു. എംഡിഎംഎയുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ അറസ്റ്റിലായ രണ്ടാമത്തെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് കെ.കാവ്യയെയും വിദ്യാഭ്യാസ വകുപ്പ് ഇന്നലെ പുറത്താക്കി. പേരാമ്പ്ര ബിആർസിയിൽ സ്പെഷൽ എജ്യുക്കേറ്ററായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന കാവ്യയുടെ അക്കൗണ്ടിലേക്ക് മുൻപ് അറസ്റ്റിലായ കീർത്തനയുടെ ലഹരി പണമിടപാടുകൾ നടന്നെന്ന കണ്ടെത്തലിനെ തുടർന്നാണു കാവ്യയെയും അറസ്റ്റ് ചെയ്തത്. മരുതോങ്കര സ്വദേശി കീർത്തനയെയും കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. അതേസമയം, ലഹരിക്കേസിൽ അധ്യാപകർ പിടിയിലായ സംഭവത്തിൽ ഇന്നലെ പേരാമ്പ്ര ബിആർസിയിൽ യൂത്ത് ലീഗും യൂത്ത് കോൺഗ്രസും ഉപരോധ സമരവും നടത്തി.
എംഡിഎംഎ കേസിൽ അറസ്റ്റിലായ എസ്എസ്കെ സ്പെഷൽ എജ്യുക്കേറ്റർ കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്നെന്ന് പേരാമ്പ്ര ബിആർസി പ്രോജക്ട് ഓഫിസർ ഷാജിമ പറഞ്ഞു. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് സൂംബ പരിശീലനം നൽകാൻ കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് പദ്ധതിയുണ്ടായിരുന്നു. ഇതിൽ ക്ലാസെടുത്തത് കായികാധ്യാപികയായ കീർത്തനയാണ്. കീർത്തന അറസ്റ്റിലായെങ്കിലും കാവ്യ ജോലിക്ക് എത്തിയിരുന്നു.
ഇരുവരും ഒന്നിച്ചാണു യാത്ര. ഒന്നിച്ചാണു യോഗങ്ങൾക്ക് എത്തിയത്. കീർത്തന അറസ്റ്റിലായപ്പോൾ കാവ്യയെ നേരിട്ടു വിളിപ്പിച്ചു ചോദ്യം ചെയ്തിരുന്നു. ലഹരി ഇടപാടുകളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ, കീർത്തനയുമായി സൗഹൃദം മാത്രമേയുള്ളൂവെന്നും ലഹരി ഇടപാടിൽ പങ്കില്ലെന്നും കാവ്യ പറഞ്ഞെന്നും ഷാജിമ പറഞ്ഞു.