അന്ത്യയാത്രയിലും പിരിഞ്ഞില്ല; ഒരേ മണ്ണിൽ അരികിലായി നാല് ചങ്ങാതിമാർ, മരണത്തിലും പിരിയാത്ത കൂട്ടുകാർക്ക് ഉള്ളുവിങ്ങി വിടനൽകി നാട്
Pulamanthole vaarttha
വെള്ളില മിന്നൽ ദുരന്തം: ഒരു ചുമരകലത്തിൽ നോവായി നാലു കൂട്ടുകാർ; കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കാൻ ദുരന്തനിവാരണ വിഭാഗം
മങ്കട : ഒറ്റ മിന്നലിൽ ഞെട്ടറ്റു വീണ നാലു യുവ മുകുളങ്ങൾക്കും ഒന്നിച്ചു വിടനൽകി നാട്. വെള്ളിലമലയിലെ കുരങ്ങൻചോല വ്യൂ പോയിന്റിൽ മിന്നലേറ്റ് മരിച്ച നാലു യുവാക്കൾക്കും ആദരാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. മരണത്തിലും പിരിയാത്ത കൂട്ടുകാർക്ക് മലയിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ അടുത്തടുത്തായി അന്ത്യനിദ്ര. സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച മിന്നൽ ദുരന്തത്തിൽ മരിച്ച വെള്ളിലമലയിൽ പുതുക്കുടി അലിയുടെ മകൻ റഹീസ് (20), പുത്തൻവീട്ടിൽ കൂരിമണ്ണിൽ സെയ്തലവിയുടെ മകൻ ബഹാസ് (18), ആലിക്കാപ്പറമ്പിൽ അസീസിന്റെ മകൻ സിയാദ് (18), കറുത്താൻ കുത്ത് നിസാറിൻ്റെ മകൻ ഫഹദ് (22) എന്നിവർക്കാണ് നാട് കണ്ണീരോടെ വിടനൽകിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30നായിരുന്നു ദാരുണാന്ത്യം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്നലെ രാവിലെ 7.30ന് ആരംഭിച്ചു. 9.45ന് പൂർത്തിയാക്കി. തുടർന്ന് പതിനൊന്നരയോടെ വെള്ളില കോഴിക്കോട്ടുപറമ്പ് ടസ്ക്കർ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ വികാരനിർഭര രംഗങ്ങളാണുണ്ടായത്. വിങ്ങിപ്പൊട്ടിയ സഹപാഠികളെയും കൂട്ടുകാരെയും ഉറ്റവരെയും സാന്ത്വനിപ്പിക്കാൻ വൊളന്റിയർമാർ അടക്കമുള്ളവർ പാടുപെട്ടു. അപകടത്തിൽ പരുക്കേറ്റ റോഷനെ സഹോദരൻ ഫഹദിന്റെ മൃതദേഹം കാണിക്കാനായി ആശുപത്രിയിൽനിന്ന് എത്തിച്ചപ്പോൾ കണ്ടുനിന്നവരുടെയും ഉള്ളുവിങ്ങി.


സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏറെ നേരം കാത്തുനിന്നാണ് മൃതദേഹങ്ങൾ ഒരു നോക്കു കാണാനായത്.ഓഡിറ്റോറിയത്തിൽ രണ്ടു തവണയായി നടന്ന ജനാസ നമസ്കാരങ്ങൾക്ക് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ നേതൃത്വം നൽകി. ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, എംപിമാരായ പി.വി.അബ്ദുൽ വഹാബ്, ഇ.ടി.മുഹമ്മദ് ബഷീർ, എം.പി.അബ്ദുസ്സമദ് സമദാനി, പി.പി. സുനീർ, നിയുക്ത എംഎൽഎമാരായ മഞ്ഞളാംകുഴി അലി, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, പി.ഉബൈദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി, വൈസ് പ്രസിഡൻ് എ.പി.സ്മിജി എന്നിവരും അന്ത്യോപചാരമർപ്പിച്ചു. ഒന്നര മണിക്കൂർ പൊതുദർശനത്തിനു ശേഷം മൃതദേഹങ്ങൾ നാലു പേരുടെയും വീടുകളിലേക്ക് കൊണ്ടുപോയി. ബന്ധുക്കളുടെ യാത്രാമൊഴിക്കു ശേഷം ഒരുമിച്ച് മലയിൽ ജുമാ മസ്ജിദിലേക്ക്. അവിടെ അടുത്ത ബന്ധുക്കൾ പങ്കെടുത്ത ജനാസ നമസ്കാരത്തിനു ശേഷം രണ്ടോടെ കബറടക്കി. കഴിഞ്ഞ ദിവസം വെള്ളിലമലയിലെ കുരങ്ങൻചോല വ്യൂ പോയിന്റ്റിൽ മിന്നൽ ദുരന്തത്തിൽ മരിച്ച നാലു യുവാക്കളെയും ഒരു രാത്രി മുഴുവൻ കാത്തിരുന്നാണ് വെള്ളില വിടചൊല്ലിയത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടത്തിനായി പുലർച്ചെ തന്നെ ബന്ധുക്കളും നാട്ടുകാരും പുറപ്പെട്ടു. അതോടൊപ്പം കോഴിക്കോട്ടുപറമ്പ് ടസ്കർ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനായുള്ള ഒരുക്കങ്ങളും തുടങ്ങി. സാക്ഷിയായി അകലെ നീലനിഴലായി വെള്ളിലമല. രാവിലെ പത്തിന് എത്തുമെന്ന ആദ്യ അറിയിപ്പ് കേട്ട് പുലർച്ചെ മുതൽ തന്നെ ആളുകൾ ഓഡിറ്റോറിയത്തിലേക്കെത്തിത്തുടങ്ങിയിരുന്നു.

മിന്നലേറ്റ് മരിച്ചവരുടെ മൃതദേഹം വഹിച്ചുള്ള ആംബുലൻസുകൾ കോഴിക്കോട്ട്പറമ്പ് ടസ്കർ ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ
ഓഡിറ്റോറിയത്തിൻ്റെ പോർച്ചിലായിരുന്നു നാലു പേരെയും കിടത്താനുള്ള മൊബൈൽ മോർച്ചറികൾ ഒരുക്കിയത്. റോഡിൽനിന്നുള്ള വഴിയിൽ വാഹനങ്ങളെ തടഞ്ഞ് ആളുകളെ മാത്രമായിരുന്നു കടത്തിവിട്ടത്. 9.45 ആയപ്പോഴേക്കും മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിരുന്നു. ഓരോ മൃതദേഹവും അന്ത്യകർമങ്ങൾ നടത്താനായി സന്നദ്ധ സംഘടനയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.
11 ആയതോടെ ഓഡിറ്റോറിയത്തിൻ്റെ മുറ്റം ആളുകളെക്കൊണ്ട് നിറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയക്കാരും മതനേതാക്കളുമൊക്കെ എത്തി. 11.06ന് ആദ്യ അറിയിപ്പ്. മൃതദേഹങ്ങൾ വഹിച്ചുള്ള ആംബുലൻസുകൾ മഞ്ചേരിയിൽ നിന്നു പുറപ്പെട്ടു. അതോടെ വിവിധ സംഘടനകളുടെയും പാർട്ടികളുടെയും വൊളന്റിയർ സംഘങ്ങൾ ജാഗരൂകരായി. അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരൊക്കെ വൊളന്റിയർമാരുടെ നിർദേശപ്രകാരം മൃതദേഹങ്ങളെത്തിക്കാൻ വഴിയൊരുക്കി നിന്നു. തുടർന്ന് ആംബുലൻസ് പിന്നിട്ട പോയിന്റു്റുകൾ ഇടയ്ക്കിടെ അനൗൺസ് ചെയ്തതോടെ ജനക്കൂട്ടം കാത്തു നിന്നു. ഓരോ മൊബൈൽ മോർച്ചറിക്കു സമീപവും അടുത്ത ബന്ധുക്കൾ കണ്ണീരണിഞ്ഞു നിന്നു. കരച്ചിൽ ഉച്ചത്തിലായതോടെ ചിലരെ വൊളന്റിയർമാർ താങ്ങിപ്പിടിച്ചു. 11.19ന് 4 ആംബുലൻസുകൾ ജനക്കൂട്ടത്തിനിടയിലൂടെ ഓഡിറ്റോറിയത്തിന്റെ മുറ്റത്തേക്കെത്തി. റഹീസിൻ്റെ മൃതദേഹമാണ് ആദ്യം എടുത്തത്. പിന്നാലെ ബഹാസ്, സിയാദ്, ഫഹദ്… എല്ലാവരെയും പോർച്ചിലെ മൊബൈൽ മോർച്ചറികളിലേക്ക് മാറ്റിയതോടെ 11.30ന് പൊതുദർശനം ആരംഭിച്ചു. ആദ്യം ജനപ്രതിനിധികൾ കടന്നുപോയി. പിന്നാലെ നാട്ടുകാരും. മരിച്ചവരുടെ കൂടപ്പിറപ്പുകളും അടുത്ത ബന്ധുക്കളും കാണാനെത്തിയപ്പോൾ രംഗം വളരെ വൈകാരികമായി.

കൂടെപ്പഠിച്ചവർ പരസ്പരം ചേർത്തുപിടിച്ച് കണ്ണീർ തുടച്ചാണ് മടങ്ങിയത്. സിയാദിൻ്റെ സഹോദരന്റെ ബെംഗളൂരു കോളജിലെ വിദ്യാർഥികൾ വരെ രാത്രി മുഴുവൻ യാത്ര ചെയ്ത് എത്തിയിരുന്നു. പ്രകൃതിയിലേക്കും ദുഃഖം കലർന്ന പോലെ മേഘാവൃതമായിരുന്നു മാനം. ചൂടും ആർദ്രതയും ഏറിയപ്പോൾ ആൾക്കൂട്ടത്തിനിടയിൽ ചിലരൊക്കെ തളർന്നു വീണു. മെഡിക്കൽ സംഘങ്ങൾ ഓടിയെത്തി പ്രഥമ ശുശ്രൂഷ നൽകി. ചിലരെ ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റി. അപ്പോഴേക്കും നാലും അഞ്ചും വരികളായി കാണാൻ കാത്തുനിന്നവർ റോഡ് വരെ എത്തിയിരുന്നു.
സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ നേതൃത്വത്തിൽ ആദ്യം നടന്ന ജനാസ നമസ്ക്കാരത്തിൽ ഓഡിറ്റോറിയത്തിൻ്റെ മുറ്റത്ത് അണിനിരന്ന് നൂറുകണക്കിനാളുകൾ പങ്കെടുത്തു. അപ്പോഴും ആയിരങ്ങൾ മൃതദേഹങ്ങൾ കാണാൻ വരിനിൽക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നു വരെ പൊതുദർശനം തുടർന്നു. ഒടുവിൽ സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ എത്തി.

സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ വീണ്ടും ജനാസ നമസ്കാരം. അതിനു ശേഷം മൃതദേഹങ്ങൾ വീണ്ടും ആംബുലൻസിൽ കയറ്റി രണ്ടു കിലോമീറ്റർ അകലെയുള്ള വീടുകളിലേക്ക്. വെള്ളിലമലയുടെ അടിവാരത്താണ് നാലു പേരുടെയും വീടുകൾ. എല്ലാവരുടെയും വീടുകൾക്കു സമീപത്തുനിന്ന് നോക്കിയാൽ അപകടം നടന്ന വ്യൂ പോയിന്റ് കാണാം. വീടുകളിൽ സ്ത്രീകളും പ്രായമുള്ളവരും അടുത്ത ബന്ധുക്കളും മൃതദേഹങ്ങളെ കാത്തുനിന്നിരുന്നു. ബന്ധുക്കൾ കണ്ടുകഴിഞ്ഞപ്പോൾ പ്രാർഥന. അര മണിക്കൂറിനുള്ളിൽ വീണ്ടും മൃതദേഹങ്ങൾ ആംബുലൻസിൽ മലയിൽ ജുമാ മസ്ജിദിലേക്ക്. വീടകങ്ങളിൽനിന്ന് കുട്ടികളുടെ കരച്ചിൽ. പള്ളിയുടെ ഇടതുവശത്തെ വീടുകളിൽനിന്ന് സിയാദിന്റെയും ബഹാസിന്റെയും മൃതദേഹങ്ങളും വലതുവശത്തു നിന്ന് ഫഹദിന്റെയും റഹീസിന്റെയും മൃതദേഹങ്ങളുമായി ആംബുലൻസുകൾ എത്തി. ഒരു പള്ളിയുടെ ചുറ്റും അധികം അകലെയല്ലാതെ താമസിക്കുന്നവരായിരുന്നു മരിച്ചവർ. ഒരേ മഹല്ല് നിവാസികളായ നാലു പേർക്കും വേണ്ടി വീണ്ടും പള്ളിയിൽ ജനാസ നമസ്കാരം.പള്ളിക്കാട്ടിലെ വീടുകളോട് ചേർന്ന ഭാഗത്തായിരുന്നു നാലു പേർക്കും വേണ്ടി അടുത്തടുത്തായി കബറുകൾ ഒരുക്കിയത്. രണ്ടോടെ ഓരോ മൃതദേഹങ്ങളായി അന്ത്യകർമങ്ങളിലേക്കെടുത്തു. മൈലാഞ്ചിക്കാട്ടിൽ തിങ്ങിനിറഞ്ഞ ജനാവലി അവർക്ക് അന്ത്യയാത്രാമൊഴി നൽകുമ്പോൾ വെള്ളില മല പിന്നിൽ മൂകസാക്ഷിയായി നിന്നു.
‘
വെള്ളില ‘അവര് ബോധം കെട്ടു കിടക്കുകയാണെന്നല്ലേ ഞാൻ കരുതിയത്, മരിച്ചുവെന്ന് ഒരിക്കലും വിചാരിച്ചില്ല…’
കഴിഞ്ഞ ദിവസം കുരങ്ങൻചോല വ്യൂപോയിന്റ്റിൽ മിന്നലേറ്റവരെ ആദ്യം തിരിച്ചറിയുകയും ആളെക്കൂട്ടി രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്ത വെള്ളില മുരിയൻകണ്ടത്തിൽ വിനോദ് ഇന്നലെ വീണ്ടും ദുരന്തഭൂമിയിൽ എത്തിയപ്പോൾ പറഞ്ഞ വാക്കുകളാണ്. ‘മൂന്നു പേർ എണീക്കാൻ പറ്റാതെ നിലത്തുകിടന്ന് പെരും നെലോളിയായിരുന്നു. ആദ്യം എന്താണ് സംഭവിച്ചതെന്ന് എനിക്കും മനസ്സിലായില്ല’ അദ്ദേഹം തുടർന്നു . ക്വാറിയിലേക്കുള്ളവർക്ക് ചായയും കടിയും വിൽക്കാനായി ബൈക്കിൽ പോകവേയാണ് വ്യൂപോയിന്റ്റിലെ മരത്തിനടുത്തുവച്ച് ചിലർ തന്നെ മാടിവിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. താൻ ചെന്നു നോക്കുമ്പോൾ മരത്തിനു താഴെ പാറകൾക്കിടയിൽ ഓരോരുത്തരായി ചിതറിക്കിടക്കുകയാണ്. ഫഹദ് രണ്ടു കല്ലുകൾക്കിടയിൽ. മറ്റുള്ളവർ തലങ്ങും വിലങ്ങുമായി. രണ്ടു മൂന്നു പേർ മാത്രം വേദന കൊണ്ട് കരയുന്നു. അതിനിടയിലാണ് റോഷൻ തന്നെ തിരിച്ചറിഞ്ഞ് കാര്യം പറഞ്ഞത്. മിന്നലേറ്റ് ബോധം പോയതാണെന്നു മാത്രമാണ് താൻ മനസ്സിലാക്കിയത്. ചിലരുടെയൊക്കെ തലയ്ക്കു പിൻഭാഗം കരിഞ്ഞിട്ടുണ്ട്. മുറിവുകളുണ്ട്. എല്ലാവരെയും രക്ഷപ്പെടുത്താമെന്ന ആഗ്രഹത്തിലാണ് താൻ ഫോണിൽ വിളിച്ച് ആളെക്കൂട്ടിയത്. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴാണ് നാലു പേർ മരിച്ചുവെന്ന് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.


ഒരേ മണ്ണിൽ അരികിലായി ഒരുക്കിയ ഖബറുകളിൽ ആ കൂട്ടുകാർ ഇനി ഇനി അന്ത്യ നിദ്രയിൽ
വെള്ളില ഉമ്മയ്ക്കു പിന്നാലെ യാത്രയായി ബഹാസ്, കണ്ടിട്ടു പോലും ഇല്ലെങ്കിലും ജ്യേഷ്ഠൻ പോയ ലോകത്തേക്ക് സിയാദും. അപ്രതീക്ഷിതമായി വീണ്ടും എത്തിയ ദുരന്തത്തിൻ്റെ ഞെട്ടലിലായിരുന്നു ഇരുവീട്ടുകാരും. ബഹാസിന്റെ ഉമ്മ പെരിന്താറ്റിരി സ്വദേശി സാജിദ ആറു വർഷം മുൻപാണ് മരിച്ചതെന്ന് ബന്ധു പറഞ്ഞു. ബ്രെയിൻ ട്യൂമർ കണ്ടെത്തിയതിനു പിന്നാലെ ഹൃദയാഘാതം മൂലമായിരുന്നു മരണം. അന്ന് ബഹാസിന്റെ ഇളയ അനുജത്തിക്ക് ഒരു വയസ്സ് മാത്രമായിരുന്നു പ്രായം. പിന്നീട് ഉമ്മയുടെ വീട്ടിലും വെള്ളിലയിലെ വീട്ടിലും ബഹാസ് മാറിമാറിത്താമസിക്കാറുണ്ടായിരുന്നു. അനിയത്തിക്ക് ഏഴു വയസ്സായപ്പോഴേക്കും ബഹാസും യാത്രയായി. സിയാദിൻ്റെ വീട്ടിൽ രണ്ടാം അപകടമരണമായിരുന്നു കഴിഞ്ഞ ദിവസത്തേത്. സിയാദിന്റെ മൂത്ത ജ്യേഷ്ഠൻ കൊച്ചു കുട്ടിയായിരിക്കെ 2006ൽ മരിച്ചതാണ്. അന്ന് സിയാദ് ജനിച്ചിട്ടില്ല. രണ്ടു മക്കളുടെ അപകടമരണങ്ങൾ താങ്ങാനാവാത്ത ദുഃഖഭാരമാണ് കുടുംബത്തിനുണ്ടാക്കിയത്.ചികിത്സയിലുള്ള മൂന്നു പേരുടെയും ആരോഗ്യസ്ഥിതിയിൽ പുരോഗതി പെരിന്തൽമണ്ണ മങ്കട വെള്ളില കുരങ്ങൻചോല വ്യൂ പോയിൻ്റിൽ മിന്നലേറ്റ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നു പേരുടെയും ആരോഗ്യസ്ഥിതിയിൽ വലിയ പുരോഗതി. തീവ്രപരിചരണ വിഭാഗത്തിൽനിന്ന് ഇന്ന് ഇവരെ മുറികളിലേക്കു മാറ്റാൻ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വെള്ളില സ്വദേശികളായ പുതുകുടി അലിയുടെ മകൻ സൽമാനുൽ ഫാരിസ് (22) വെള്ളില പള്ളിപ്പറമ്പ് നിസാർ ബാബുവിന്റെ മകൻ മുഹമ്മദ് റോഷൻ (20), വെള്ളില മലയിൽ വീട്ടിൽ മുസ്താഖിൻ്റെ മകൻ ഇഷാത്ത് (19) എന്നിവരാണ് ഇവിടെ ചികിത്സയിലുള്ളത്. സൽമാനുൽ ഫാരിസ് ആർഐസിയുവിലും മറ്റ് രണ്ടു പേർ എംഐസിയുവിലുമാണ് ഉള്ളത്. സൽമാനുൽ ഫാരിസിന് മുഖത്തും മറ്റും പൊള്ളലേറ്റിട്ടുണ്ട്. സൽമാനുൽഫാരിസും മുഹമ്മദ് റോഷനും ഇന്നലെ ഭക്ഷണം കഴിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.

മഞ്ചേരി വെള്ളിലയിൽ മിന്നലേറ്റ് നാലു യുവാക്കളും പൂക്കോട്ടൂരിൽ തോട്ടിൽ വീണു രണ്ടു കുട്ടികളും മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കാൻ ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ജയശ്രീ വാരിയർ ലാൻഡ് റവന്യു കമ്മിഷണർക്കു റിപ്പോർട്ട് സമർപ്പിച്ചു. പരുക്കേറ്റവർക്കു ചികിത്സയ്ക്കുള്ള സഹായം സംബന്ധിച്ചു റിപ്പോർട്ടിലുണ്ട്. കമ്മിഷൻ റിപ്പോർട്ട് സർക്കാരിലേക്കു കൈമാറും. ധനസഹായവും മറ്റു നടപടികൾ സംബന്ധിച്ചും സർക്കാരിൽനിന്നാണ് തുടർ നടപടികൾ എന്നു ഡപ്യൂട്ടി കലക്ടർ പറഞ്ഞു. പൂക്കോട്ടൂരിൽ ഇറാഷ്, മുഹമ്മദ് നൗസാൻ എന്നിവരാണ് തോട്ടിൽ വീണുമരിച്ചത്. ഏറനാട്, പെരിന്തൽമണ്ണ തഹസിൽദാർമാരായ ആർ.എസ്.ഫൈസൽ, എം.കെ.കിഷോർ, ഡപ്യൂട്ടി തഹസിൽദാർമാരായ അബ്ദുൽ അസീസ്, റഫീഖ്, മങ്കട വില്ലേജ് ഓഫിസർ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.