കാക്ക കൊത്തികൊണ്ട് പോയ സ്വർണവള, മൂന്ന് വർഷങ്ങൾക്ക് ശേഷം കാക്കക്കൂട്ടിൽ നിന്നു തന്നെ തിരിച്ചുകിട്ടി: അത്ഭുതം മാറാതെ മലപ്പുറത്തെ ഒരു കുടുംബം

Pulamanthole vaarttha
മഞ്ചേരി :മൂന്ന് വർഷം മുൻപ് കാക്ക കൊത്തികൊണ്ട് പോയ സ്വർണവള കാക്കക്കൂട്ടിൽ നിന്നു തന്നെ തിരിച്ചുകിട്ടി! കേൾക്കുമ്പോൾ അവിശ്വസനീയം എന്ന് തോന്നുമെങ്കിലും ഇത് വാസ്തവമാണ്. മലപ്പുറം മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ആണ് സംഭവം. കൊത്തികൊണ്ട് പോയ കാക്കയുടെ കൂട്ടിൽ നിന്ന് തന്നെയാണോ കിട്ടിയത് എന്ന് സ്ഥിരീകരിക്കാനാവില്ലെങ്കിലും മൂന്ന് വർഷമായി ഇത് കാക്കക്കൂടിൻ്റെ ഭംഗികൂട്ടാൻ കാക്ക കൊണ്ടുനടന്നു എന്ന് വേണം മനസിലാക്കാൻ. സംഭവം ഇങ്ങനെയായിരുന്നു. തൃക്കലങ്ങോട് പെരുമ്പലത്തിൽ സുരേഷിൻ്റെ മരുമകളും മകൻ ശരത്തിന്റെ ഭാര്യയുമായ ഹരിതയുടെ വളയാണ് കാക്ക ‘തട്ടിയെടുത്തത്’. 2022 ഫെബ്രുവരി 24ന് കയ്യിലെ വള തൊട്ടടുത്ത് ഊരിവെച്ച് വീട്ടിലെ കുളിമുറിയ്ക്കു സമീപം അലക്കുകയായിരുന്നു ഹരിത. ഒന്നര പവൻ തൂക്കം വരുന്ന വളയായിരുന്നു ഇത്. ശരത് ഹരിതയ്ക്ക് വിവാഹ നിശ്ചയത്തിന് സമ്മാനമായി നൽകിയതായിരുന്നു വള. എന്നാൽ അലക്കികൊണ്ടിരിക്കുകയായിരുന്ന ഹരിതയുടെ കണ്ണുവെട്ടിച്ച് വള കാക്ക കൊത്തിയെടുക്കയായിരുന്നു.കാക്കയുടെ പിന്നാലെ ഹരിത കുറച്ച് ദൂരം പോയെങ്കിലും പിന്നീട് കാക്ക കണ്മുന്നിൽ നിന്ന് മറഞ്ഞു. പിന്നീട് വീട്ടുകാർ സമീപത്തെ സ്ഥലത്തെല്ലാം ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും വള കണ്ടെത്താനായില്ല. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും പിന്നിട്ടതോടെ ഹരിതയും ശരത്തുമെല്ലാം വള മറന്നു തുടങ്ങി. സ്വർണവില കുത്തനെ ഉയർന്നപ്പോഴും നഷ്ടപ്പെട്ട വളയെ ഓർത്ത് നെടുവീർപ്പിടാൻ മാത്രമേ അവർക്ക് കഴിഞ്ഞൊള്ളൂ.
ഇതിനിടയിൽ കഴിഞ്ഞ മാസമാണ് കഥയിൽ ട്വിസ്റ്റ് ഉണ്ടാകുന്നത്. സുരേഷിന്റെയും കുടുംബത്തിന്റെ്റെയും നാട്ടുകാരനായ ചെറുപള്ളി അൻവർ സാദത്ത് മാങ്ങപറിക്കാൻ വേണ്ടി മാവിൽ കയറിയപ്പോഴാണ് ഒരു കാക്കകൂട് മരത്തിൽ കാണുന്നത്. കൂടിനകത്ത് എന്തോ തിളങ്ങുന്നത് കണ്ടപ്പോൾ അൻവർ സാദത്ത് അടുത്ത് ചെന്ന് നോക്കുകയായിരുന്നു. അപ്പോഴാണ് മുറിഞ്ഞു കിടക്കുന്ന വളക്കഷ്ണങ്ങൾ കൂട്ടിൽ നിന്നു ലഭിച്ചത്. മൂന്ന് കഷണങ്ങളായി കൂടിനെ അലങ്കരിച്ച രീതിയിൽ വള വെച്ചിരിക്കുകയായിരുന്നു കാക്ക.പിന്നാലെ വള എടുത്ത് മാവിൽ നിന്ന് ഇറങ്ങിയ അൻവർ വളയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. തൃക്കലങ്ങോട് പൊതുജനവായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി ഇ.വി ബാബുരാജിനെ ഉടമയെ കണ്ടെത്തുന്നതിനായി അൻവർ സമീപിച്ചു. പിന്നാലെ ബാബുരാജ് തെളിവുമായി വരുന്നവർക്ക് വള തിരിച്ചുനൽകും എന്ന് കാണിച്ച് വായനശാലയിൽ നോട്ടിസ് പ്രദർശിപ്പിച്ചു. ഈ വിവരം പിന്നാലെ സുരേഷിൻ്റെ കാതിലുമെത്തി. അങ്ങനെയാണ് സുരേഷും ഹരിതയുമെല്ലാം ചേർന്ന് വായനശാലയിൽ എത്തി വള തിരിച്ചു വാങ്ങിയത്. തെളിവായി, വള വാങ്ങിയ പെരിന്തൽമണ്ണയിലെ ജ്വല്ലറിയിലെ ബിൽ, ശരത് – ഹരിതയെ വിവാഹനിശ്ചയ ദിവസം വള അണിയിക്കുന്ന ഫോട്ടോ അടങ്ങിയ ആൽബം എന്നിവ കുടുംബം വായനശാലയിൽ എത്തിച്ചു.
തിരിച്ചുകിട്ടാൻ ഒരു സാധ്യതയും ഇല്ലെന്ന് കരുതിയ തൻ്റെ വള തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലും അത്ഭുതത്തിലുമാണ് ഹരിതയും കുടുംബവും. വളയുടെ യഥാർത്ഥ ഉടമകളെ കണ്ടെത്തി തിരിച്ചേൽപ്പിക്കാനായതിൻ്റെ സന്തോഷത്തിലാണ് അൻവർ സാദത്തും ബാബുരാജും. മോഷണമുതലാണെങ്കിലും ‘പൊന്നുപോലെ’ കൊണ്ടുനടന്നിരുന്ന വള കൂട്ടിൽ നിന്നും കാണാതായ കാക്ക ഇപ്പോൾ അത് തേടി നടക്കുകയാവാം.