അമീബിക് മസ്തിഷ്കജ്വരം: ആശങ്ക ചെറുതല്ല

Pulamanthole vaarttha
കെട്ടികിടക്കുന്ന മലിന വെള്ളത്തിൽ കുളിക്കാതിരിക്കുകയാണ് പ്രധാനമായി പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട നടപടി. പായൽ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ അരുത്.വർഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം.
അമീബിക് മസ്തിഷ്കജ്വരം എന്ന അമീബിക് എൻസഫലൈറ്റിസ് കേരളത്തിൽ വ്യാപിക്കുകയാണ്. ഏറെ ആശങ്കയോടെയാണ് ആരോഗ്യപ്രവർത്തകർ ഇതിനെ നിരീക്ഷിക്കുന്നത്. ഒറ്റപ്പെട്ട രോഗബാധയാണ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ, കഴിഞ്ഞ ദിവസം എട്ട് പേരെയാണ് മസ്തിഷ്കജ്വര ബാധയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായി 18 ആക്ടീവ് കേസുകളാണുള്ളത്. ഈ വർഷം 41 അമീബിക് മസ്തിഷ്കജ്വരം കേസുകളാണ് റിപ്പോർട്ട് ചെയ്തതത്. നേരത്തെ കുട്ടികളിൽ കണ്ടുവന്ന രോഗം ഇപ്പോൾ യുവാക്കളിലും റിപ്പോർട്ടു ചെയ്യുന്നു.രോഗം അതിവേഗം പടരുന്നുവെന്നാണ് ഈ സാഹചര്യത്തിൽ മനസിലാക്കേണ്ടത്. പ്രതിരോധത്തിന് മാസങ്ങളായി നടക്കുന്ന ശ്രമങ്ങളും ബോധവൽക്കരണങ്ങളും ലക്ഷ്യം കാണുന്നില്ലേയെന്ന ആശങ്കയുമുണ്ട്. നെഗ്ലേറിയ ഫൗലേറി വിഭാഗത്തിലെ അമീബയാണ് ആദ്യ കേസുകളിൽ കാരണമായിരുന്നത്. എന്നാൽ അക്കാന്ത അമീബ, സാപ്പിനിയ, ബലമുതിയ, വെർമമീബ തുടങ്ങിയവയും രോഗത്തിന് കാരണമാകുന്നുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലാണ് രോഗം പിടിപെടുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്. തുടർന്ന് മസ്തിഷ്കജ്വരം എന്ന മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുന്നു. 97 ശതമാനം മരണ നിരക്കുള്ള ഗുരുതര രോഗാവസ്ഥയാണിത്. മനുഷ്യരിൽനിന്ന് മറ്റൊരാളിലേക്ക് രോഗം പകരില്ലെന്ന ആശ്വാസമുണ്ട്.കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അടിത്തട്ടിലെ ചെളിയിലുള്ള അമീബയാണ് വെള്ളത്തിൽ കലങ്ങി മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നത്. മസ്തിഷ്കത്തിൽ രോഗാണു എത്തിയാൽ പതിനൊന്നു ദിവസത്തിനുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, ഓക്കാനം, ഛർദി, കടുത്ത തലവേദന, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുമ്പോഴുള്ള പ്രയാസം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി വിദഗ്ധ ചികിത്സ തേടണം. രോഗി തൊട്ടടുത്ത ദിവസങ്ങളിൽ മുങ്ങിക്കുളിച്ചിട്ടുണ്ടെങ്കിൽ പ്രത്യേകിച്ചും. കുട്ടികളിലാണെങ്കിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായിരിക്കുക തുടങ്ങിയവയും ലക്ഷണങ്ങളാണ്. രോഗം ഗുരുതരാവസ്ഥയിലെത്തിയാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവയുണ്ടാകും. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നീന്തുകയോ കുളിക്കുകയോ ചെയ്യുക തൽക്കാലം നിർത്തിവയ്ക്കുന്നതാണ് പ്രതിരോധത്തിന് പ്രാഥമികമായി ചെയ്യേണ്ടത്.അമീബയ്ക്കെതിരേ പ്രതിരോധിക്കാൻ ശേഷിയുള്ള അഞ്ചു മരുന്നുകൾ ഉപയോഗിച്ചാണ് ഇപ്പോൾ ചികിത്സിക്കുന്നത്. രോഗം തീവ്രമാകും മുൻപ് ഈ മരുന്നുകൾ നൽകിയാൽ രോഗിയെ രക്ഷപ്പെടുത്താനാകുമെന്ന് വിദഗ്ധർ നിർദേശിക്കുന്നുണ്ട്. ഇനിയുള്ള നാളുകളിൽ ഓണാവധി വരുന്നതും മഴ വിട്ടുനിൽക്കുന്ന സാഹചര്യവും ഉള്ളതിനാൽ കുട്ടികൾക്ക് ഉൾപ്പെടെ ഈ രോഗത്തെ നേരിടാനുള്ള ബോധവൽക്കരണം അനിവാര്യമാണ്. അമീബ സാന്നിധ്യം പലയിടത്തായി റിപ്പോർട്ട് ചെയ്തത സാഹചര്യത്തിൽ ഓരോ വീട്ടുകാർക്കും ഇക്കാര്യത്തിൽ ജാഗ്രത വേണം. മലിന വെള്ളത്തിൽ കുളിക്കാതിരിക്കുകയാണ് പ്രധാനമായി പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട നടപടി. പായൽ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ അരുത്.വർഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം. മൂക്ക് ശസ്ത്രക്രിയക്ക് വിധേയരായവർ, തലയിൽ ക്ഷതമേറ്റവർ, മറ്റു ശസ്ത്രക്രിയകൾക്ക് വിധേയരായവർ എന്നിവരൊക്കെ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയിൽ പഴുപ്പുള്ളവരും മുങ്ങിക്കുളി ഒഴിവാക്കുന്നത് കൂടുതൽ സുരക്ഷിതം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർതീം പാർക്കുകളിലെയും സിമ്മിങ് പൂളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്തു എന്നു ഉറപ്പുവരുത്തണം. മൂക്കിലേക്ക് കിണർ വെള്ളം പോലും ഒഴിക്കുകയോ വലിച്ചുകയറ്റുകയോ ചെയ്യരുതെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതലാണ് കേരളത്തിൽ അമീബിക് മസിഷ്കജ്വര കേസുകൾ വർധിച്ചത്. സാധാരണ മഴക്കാലത്ത് സംസ്ഥാനത്തെ കിണറുകൾ ആശാപ്രവർത്തകരെ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്തിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ല. ആശാപ്രവർത്തകരുടെസമരത്തിനുശേഷം പലയിടത്തുംകിണറുകൾ ശുചീകരിക്കൽ നടന്നില്ല.മഴക്കാലത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ളപകർച്ചവ്യാധികളെ തടയാനാണ്ക്ലോ റിനേഷൻ ചെയ്യുന്നത്. കിണറിനടിയിലും മറ്റു ജലാശയങ്ങളിലും ചെളിയിൽ ഉണ്ടാകുന്ന അമീബകളെഉൾപ്പെടെ നശിപ്പിക്കാൻ ക്ലോറിനേഷൻ ഫലപ്രദമായ മാർഗമാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. ചികിത്സയിലുള്ളവർക്കും എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് അറിയില്ല. രോഗപ്രതിരോധത്തിന് ആദ്യം കണ്ടെത്തേണ്ടത് ഉറവിടമാണ്. ചികിത്സആരോഗ്യവകുപ്പ് ഫലപ്രദമായി നടത്തുന്നുണ്ടെങ്കിലും പൊതുജനാരോഗ്യവിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കേണ്ടതുണ്ട്. താഴേത്തട്ടിൽ പ്രവർത്തിക്കേണ്ട ആരോഗ്യപ്രവർത്തകരുടെയും ആശാവർക്കർമാരുടെയും സേവനം ശക്തിപ്പെടുത്തേണ്ട സമയം കൂടിയാണിത്. കുടിവെള്ള സ്രോതസുകൾ ആരോഗ്യപ്രവർത്തകർ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. പൊതുജനങ്ങൾ ഉപയോഗിക്കുന്ന കുളങ്ങളും ജലസ്രോതസുകളും വൃത്തിയാക്കലും അവയിലേക്കെത്തുന്ന മാലിന്യവഴികൾ അടയ്ക്കലും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തണം. കുളങ്ങളിലും തടാകങ്ങളിലും മറ്റും അടിഞ്ഞ പായലും മാലിന്യങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീക്കണം. കേരളത്തെ പുതിയ രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുണ്ട്. കേരളം ജനസാന്ദ്രത കൂടിയ സംസ്ഥാനമായതിനാൽ പ്രത്യേകിച്ചും.