അവർ നമ്മോടൊപ്പമില്ലാതായിട്ട് രണ്ടാണ്ട് : വേദനയുടെ ഓർമകളിൽ വയനാട്. മുണ്ടക്കൈ-ചൂരൽമല : നനവാർന്ന ഓർമ്മകൾക്ക് മുന്നിൽ കേരളം
Pulamanthole vaarttha
കല്‍പ്പറ്റ: ജൂലൈ 30 വയനാടിനെ നടുക്കിയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. നാടിനെ ദുഃഖത്തിലാഴ്ത്തിയ ദുരന്തത്തിന്റെ ഓര്‍മകള്‍ മായാതെ നില്ക്കുമ്പോള്, പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും പുനര്‍നിര്‍മാണത്തിന്റെയും നേട്ടങ്ങള്‍ പ്രതീക്ഷയുടെ പുതിയ അധ്യായം തുറക്കുകയാണ്. ദുരന്തത്തില്‍ വീടും ഉപജീവനമാര്‍ഗവും നഷ്ടമായ കുടുംബങ്ങളില്‍ പലരും സ്ഥിരതാമസ പദ്ധതികളിലേക്ക് മാറിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, തൊഴില്‍ പുനരധിവാസം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ തുടരുകയാണ്.രണ്ടുവര്‍ഷം മുമ്പ് ജൂലൈയില്‍ പെയ്ത ശക്തമായ മഴയില്‍ നഷ്ടമായത് 298 ജീവനുകളാണ്. ഇതില്‍ കാണാതായ 32 പേരും ഉള്‍പ്പെടും. 35 പേര്‍ക്ക് പരുക്കേറ്റു. 550ഓളം വീടുകളാണ് ഉരുള്‍വെള്ളം കവര്‍ന്നത്. ഇതില്‍ ശേഷിച്ച ജീവിതങ്ങള്‍ പലതും ഇപ്പോഴും ദുരിതത്തിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ടൗണ്‍ഷിപ്പില്‍ അഞ്ച് സോണുകളിലായി 451 വീടുകളാണ് പൂര്‍ത്തിയാകുന്നത്. ഇതില്‍ 178 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. 147 കുടുംബങ്ങള്‍ ഇവിടെ താമസവും തുടങ്ങി. രണ്ടാം സോണിലെ വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 151 വീടുകളാണ് ഈ സോണില്‍. സെപ്റ്റംബറില്‍ ഇവയുടെ കൈമാറ്റം നടക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. എന്നാല്‍, ശേഷിക്കുന്ന വീടുകളില്‍ ദുരന്തബാധിതര്‍ക്ക് എന്ന് അന്തിയുറങ്ങാമെന്ന് കൃത്യമായി പറയാനായിട്ടില്ല. സര്‍ക്കാര്‍ നല്കുന്ന വാടകപ്പണം ഉപയോഗിച്ചാണ് ഈ കുടുംബങ്ങള്‍ ഇന്ന് കഴിയുന്നത്. അതേസമയം ഉരുള്‍പൊട്ടല്‍ നടന്ന് രണ്ട് വര്‍ഷമായിട്ടും ദുരന്തബാധിതരുടെ പ്രശ്നങ്ങളില്‍ പലതിനും പരിഹാരമായിട്ടില്ല. വീടുകള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചപ്പോള്‍ ദുരന്തം സംഭവിച്ചതിനോട് ചേര്‍ന്നുള്ള റാട്ടപ്പാടി, ചൂരല്‍മല, അട്ടമല തുടങ്ങിയ പ്രദേശത്തെ നൂറിലധികം കുടുംബങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടാതെ ദുരിതം പേറുകയാണ്.
451 കുടുംബങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ദുരന്തബാധിതരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ ഉള്‍പ്പെടാത്തവരാണ് ഇവര്‍. സര്‍ക്കാര്‍ നിശ്ചയിച്ച ജോണ്‍ മത്തായി കമ്മീഷന് ഉരുള്‍ ദുരന്തപ്രദേശത്തെ ഗോ സോണ്‍ (വാസയോഗ്യമായ പ്രദേശം), നോ ഗോ സോണ്‍ (വാസയോഗ്യമല്ലാത്ത പ്രദേശം)എന്നിങ്ങനെ രണ്ടായി തിരിച്ചു. ഇതില്‍ ഗോ സോണില്‍ ഉള്‍പ്പെട്ടതും എന്നാല്‍ താമസിക്കാന്‍ കഴിയാത്ത പ്രദേശത്തുള്ളവരാണ് സര്‍ക്കാര്‍ ലിസ്റ്റിന് പുറത്തായത്. പുനരധിവാസത്തിന് അര്‍ഹതയുണ്ടായിട്ടും ഉരുള്‍ വെള്ളം കടന്നുപോയ ഈ പ്രദേശത്ത് താമസിക്കാനോ കൃഷി ചെയ്ാനോ കഴിയയാത്ത അവസ്ഥയിലാണ് ഈ കുടുംബങ്ങള്‍. കൂടാതെ മുഴുവന്‍ ബാങ്ക് വായ്പകളും എഴുതിത്തള്ളണമെന്ന ദുരന്ത ബാധിതരുടെ ആവശ്യം നിറവേറിയില്ല.

മൈക്രോ പ്ലാനില്‍ രണ്ടുലക്ഷം രൂപ വീതം സഹായധനം അനുവദിക്കല്‍, കൃഷിയും കൃഷിഭൂമിയും കെട്ടിടങ്ങളും കടമുറികളും നഷ്ടമായവര്‍ക്ക് സഹായം എന്നിവയും പരിഹാരം തേടുന്ന പ്രധാന പ്രശ്നങ്ങളാണ്. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് താങ്ങായി നിരവധി സംഘടനകളാണ് രംഗത്തുവന്നത്. 11 ഏക്കറില്‍ 105 വീടുകളാണ് ഉരുള്‍ ദുരന്തബാധിതര്‍ക്കായി ലീഗ് നിര്‍മിച്ചുനല്‍കുന്നത്. ഇതില്‍ തൃക്കൈപ്പറ്റ വെള്ളിത്തോട് 51 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറുകയും ചെയ്തു. ശേഷിക്കുന്ന 54 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മാനന്തവാടി രൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി 53 വീടുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ മൂന്നുവീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ശേഷിക്കുന്നവ ടൗണ്‍ഷിപ്പ് മാതൃകയില്‍ അവസാന ഘട്ടത്തിലാണ്.
പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ സര്‍വവും വെള്ളം കവര്‍ന്നപ്പോള്‍ ലഭിച്ച ജീവന്‍മാത്രമാണ് ഇന്നും പലര്‍ക്കും സ്വന്തമായുള്ളത്. കണ്ണീരുണങ്ങാത്ത മുഖവുമായി ഇന്നും മരിച്ചു ജീവിക്കുകയാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും താമസിച്ചിരുന്നവര്‍. എന്നാല്‍ ഒരിക്കല്‍ വന്‍ദുരന്തത്തിന്റെ പ്രതീകമായിരുന്ന മുണ്ടക്കൈയും ചൂരല്‍മലയും ഇന്ന് അതിജീവനത്തിന്റെയും പുനര്‍നിര്‍മാണത്തിന്റെയും പ്രതീക്ഷയുടെയും അടയാളമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഹൃദയ ഭൂമിയില്‍ ഇന്ന് സര്‍വമത പ്രാര്‍ഥന
മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഉരുള്‍ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് പുത്തുമലയിലെ ഹൃദയഭൂമിയില്‍ ഇന്ന് രാവിലെ 9-ന് സര്‍വമത പ്രാര്‍ഥനയും പുഷ്പാര്‍ച്ചനയും നടക്കും.
ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് ഹൃദയ ഭൂമിയില്‍ അനുസ്മരണവും സര്‍വമത പ്രാര്‍ഥനയും നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ദുരന്തബാധിതരെയും കുടുംബാംഗങ്ങളെയും കല്‍പ്പറ്റയില്‍ നിന്ന് പുത്തുമലയിലേക്കും തിരികെ കല്‍പ്പറ്റയിലേക്കും എത്തിക്കുന്നതിന് കെ.എസ്.ആര്.ടി.സിയുടെ പ്രത്യേക സര്‍വീസുകള്‍ നടത്തും.
