വരൾച്ചയിൽ വലയുന്ന ആഫ്രിക്കൻ ഗ്രാമീണർക്ക് കിണറുകൾ കുഴിച്ചു നൽകി മലയാളി വ്ളോഗർ

Pulamanthole vaarttha
യാത്ര ടുഡേ എന്ന യുട്യൂബ് ചാനലിലൂടെ ദിൽഷാദ് ചേലേമ്പ്ര വരണ്ട ഭൂമിയിൽ കുഴിച്ചു നൽകിയത് കാരുണ്യത്തിന്റെ ഉറവയൊഴുക്കുന്ന ഒൻപത് കിണറുകൾ
കോട്ടയ്ക്കൽ : ആഫ്രിക്കയിൽ കുടിവെള്ളംകിട്ടാതെ നരകിക്കുന്നവർക്കായി കാനഡയിലെ റിയാൻ ഹെൽജാക്ക് എന്ന ഒന്നാംക്ലാസുകാരൻ പണം സമാഹരിച്ച് കിണർ കുഴിച്ചുനൽകിയ സംഭവം ലോകംമുഴുവൻ വാർത്തയായിരുന്നു. റിയാൻ്റെ കിണർ എന്നപേരിൽ അബ്ദുള്ളക്കുട്ടി എടവണ്ണ എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകത്തിലൂടെ മലയാളികൾക്കും ആ സംഭവം പരിചിതം. എന്നാൽ റിയാന്റെ കഥ വായിച്ചിട്ടേയില്ലാത്ത ഒരുമലയാളി ഇപ്പോൾ ആഫ്രിക്കയിൽ സഞ്ചരിച്ച് സൗജന്യമായി കിണറുകൾ കുഴിച്ചുനൽകുന്നുണ്ട്. ചേലേമ്പ്രയിലെ മുഹമ്മദ് ദിൽഷാദ് എന്ന ഇരുപത്തൊൻപതുകാരനാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ കിട്ടുന്ന സമ്പാദ്യവും മറ്റുള്ളവരുടെ സംഭാവനയും ഉപയോഗിച്ച് കിണറുകൾ നിൽമിച്ചുനൽകുന്നത്.
KL 65 രെജിസ്ത്രേഷൻ താർ ജീപ്പിൽ 60 ഓളം രാജ്യങ്ങൾ ഒറ്റക്ക് സഞ്ചരിക്കാൻ പുറപ്പെട്ട ദിൽഷാദ് ആഫ്രിക്കൻ രാജ്യങ്ങളിലെ ഗ്രാമങ്ങളിൽ ആണ് കിണറുകൾ
നിർമ്മിക്കുന്നത് ഇന്ത്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിലൂടെ 60 രാജ്യങ്ങൾ താണ്ടുന്ന ദീർഘയാത്രയ്ക്കിടയിൽ ആഫ്രിക്കയിൽ വിവിധയിടങ്ങളിൽ തങ്ങിയാണ് കനിവൂറുന്ന ഈ സേവനം. തൻ്റെ ഥാർ ജീപ്പിൽ രണ്ടുവർഷംകൊണ്ട് യാത്ര പൂർത്തീകരിക്കാനാണ് ദിൽഷാദ് ഉദ്ദേശിക്കുന്നത്.
ഇതിനിടയിൽ കഴിയുന്നത്ര കിണറുകൾ കുഴിച്ചുനൽകും. മലയാളി സുഹൃത്തുക്കൾ ഉള്ളിടത്ത് അവർക്കൊപ്പമാണ് താമസം. അല്ലാത്തിടങ്ങളിൽ വണ്ടിയിൽത്തന്നെ.കരളലിയിച്ച ചില കാഴ്ചകളിൽനിന്നാണ് ഈ കാരുണ്യപ്രവർത്തനത്തിനു തുടക്കംകുറിക്കുന്നത്. യാത്ര ലഹരിയായ ദിൽഷാദ് 2021-ൽ ബുള്ളറ്റോടിച്ച് ആഫ്രിക്കവരെ സഞ്ചരിച്ചിരുന്നു. മഴയില്ലാത്ത ആ യാത്രക്കാലത്ത് പടിഞ്ഞാറൻ ടാൻസാനിയയിലെത്തിയപ്പോൾ പുഴയിൽനിന്നും മറ്റും കുഴികളുണ്ടാക്കി കിട്ടുന്ന ചളിവെള്ളം മുക്കിയെടുത്ത് കൊണ്ടുപോകുന്ന ചിലരെ കണ്ടു.
മലിനമായ ആ വെള്ളമാണ് അവർ കുടിക്കുന്നതെന്നറിഞ്ഞപ്പോൾ ചങ്കുപിടഞ്ഞു. അന്ന് വിചാരിച്ചതാണ് ഇനി വരുമ്പോൾ ഇവർക്ക് കിണർ കുഴിച്ചുകൊടുക്കണമെന്നത്. ആ ആഗ്രഹമാണ് ഇപ്പോഴത്തെ യാത്രയ്ക്കിടയിൽ സാധിച്ചത് -ദിൽഷാദ് പറഞ്ഞു.
സാധാരണ കിണർ കുഴിച്ചാൽ വെള്ളം കിട്ടുന്നിടത്ത് അങ്ങനെ, അല്ലാത്തിടത്ത് കുഴൽക്കിണർ. ഇതുവരെ ഒൻപത് കിണറുകൾ കുഴിച്ചുനൽകി. ടാൻസാനിയ-7, സാംബിയ-1, കെനിയ-1 എന്നിങ്ങനെ. ചിലത് സ്കൂളുകളിലാണ്. കിണറിനൊപ്പം ടാങ്കും പൈപ്പ് ലൈനും വെക്കുന്നുണ്ട്.
സാധാരണ കിണറിന് 20,000 മുതൽ 38,000 രൂപവരെ ചെലവുവരും. ഗ്രാമങ്ങളിലാണെങ്കിൽ സാധനങ്ങളെത്തിക്കാൻ പ്രയാസമാണ്. പണിക്കൂലി കുറവാണ്. കുഴൽക്കിണറിന് 1.20 ലക്ഷം മുതൽ 1.80 ലക്ഷം വരെയാണു ചെലവ്. സാംബിയയിലാണ് അവസാനത്തെ കിണർ കുഴിച്ചത്. അടുത്തത് മൊസാംബിക്. പിന്നെ നമീബിയ, അംഗോള, ഗോഡ്സ്വാന എന്നിവിടങ്ങളിൽ കുഴിക്കാനാണ് ഉദ്ദേശിക്കുന്നത് കുറഞ്ഞ വർഷങ്ങളായി വ്ലോഗറായ ദിൽഷാദിന് 861 കെ സബ്സ്ക്രായിബേഴ്സ് ഉണ്ട് യുട്യൂബിൽ മാത്രം