പുതിയ വഖ്ഫ് ബില്ലിലെ വിവാദ വ്യവസ്ഥകള്‍ അറിയാം

Pulamanthole vaarttha
കലക്ടര്‍ തര്‍ക്കംതീര്‍ക്കും, സുന്നികള്‍ക്കും ശീഈകള്‍ക്കും പ്രത്യേക ബോര്‍ഡ്, അമുസ്ലിംകളും അംഗം, വരുമാനം കുറയും.
വിശ്വാസപരമോ ജീവകാരുണ്യമോ ആയ ആവശ്യങ്ങൾ മുൻനിർത്തി മുസ്ലിംകൾ തങ്ങളുടെ സ്വത്ത് ദൈവമാർഗത്തിൽ ദാനംചെയ്യുന്ന സ്വത്താണ് വഖ്ഫ്. ഭൂമി, കെട്ടിടം, മറ്റ് വരുമാനമുള്ള വസ്തുക്കൾ എന്നിവയെല്ലാം വഖ്ഫ് ആകാം. ഇവയുടെ ഗുണഭോക്താക്കൾ ആരായാലും അവയുടെ ഉടമസ്ഥാവകാശം വഖ്ഫ് ബോർഡിനായിരിക്കും. ഒരു വ്യക്തി തന്റെ ഉടമസ്ഥതയിലുള്ള വസ്തുവിനെ വഖ്ഫ് ആയി പ്രഖ്യാപിച്ചാൽ പിന്നീട് അതിൻമേൽ ആ വ്യക്തിക്ക് അവകാശവാദം ഉന്നയിക്കാനാകില്ല. അത് പിന്നീട് എല്ലാ കാലവും വഖ്ഫ് സ്വത്ത് ആയി നിലനിൽക്കും. തീരുമാനം റദ്ദാക്കാനോ തിരിച്ചെടുക്കാനോ പറ്റില്ല. വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കൈകാര്യംചെയ്യുന്നത് അതത് സംസ്ഥാന സർക്കാരിന് കീഴിലുള്ള വഖ്ഫ് ട്രിബ്യൂണൽ ആണ്. ഇതുൾപ്പെടെയുള്ള ഘടനയിൽ മാറ്റംവരുത്താനാണ് കേന്ദ്രസർക്കാർ പുതിയ ബില്ലിലൂടെ നീക്കം നടത്തുന്നത്. ബില്ലിലെ വിവാദ വ്യവസ്ഥകൾ ഇവയാണ്:
1- തർക്കം തീർക്കൽ കലക്ടർ
വഖ്ഫ് സ്വത്തിൻമേൽ തർക്കമുണ്ടായാൽ തീർപ്പുകൽപ്പിക്കാൻ സർക്കാരിന് അധികാരം നൽകുന്ന വകുപ്പ് 3സി(2) ഏറെ അപകടം നിറഞ്ഞ വയവസ്ഥയാണ്. സ്വത്തിൻമേൽ തർക്കം ഉടലെടുത്താൽ അതത് കലക്ടറിലേക്ക് റഫർ ചെയ്യും. കലക്ടറായിരിക്കും അതിൽ അന്വേഷണം നടത്തി വഖ്ഫ് സ്വത്താണോ അതോ സർക്കാരിന്റെ/സ്വകാര്യ വ്യക്തിയുടെ സ്വത്താണോ എന്ന് തീർപ്പ് കൽപ്പിച്ച് സർക്കാരിന് റിപ്പോർട്ട് നൽകേണ്ടത്.
2- സുന്നി, ശീഈ വ്യത്യസ്ത ബോർഡ്
എല്ലാ മുസ്ലിം വിഭാഗങ്ങളിൽ നിന്നുമുള്ളവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നിലവിൽ രാജ്യത്ത് ഒരു വഖ്ഫ് ബോർഡേ ഉള്ളൂ. പുതിയ ഭേദഗതിയിലൂടെ ഇന്ത്യയിൽ വഖ്ഫ് സ്വത്തുക്കൾ, സുന്നി വഖ്ഫ് സ്വത്തുക്കളെന്നും ശീഈ വഖ്ഫ് സ്വത്തുക്കളെന്നും രണ്ടായി വിഭജിക്കപ്പെടും.
3- അമുസ്ലിം അംഗങ്ങളുടെ സാന്നിധ്യം
വഖ്ഫ് ബോർഡിൽ രണ്ട് അമുസ്ലിം പ്രതിനിധികൾ ഉണ്ടാകും. വഖ്ഫ് സ്വത്തുക്കൾ വിശ്വാസപരമവും വൈകാരികവുമായ വിഷയമായതിനാൽ അത് കൈകാര്യംചെയ്യുന്ന ബോർഡിലെ അംഗങ്ങൾ വിശ്വാസികളായിരിക്കണമെന്നാണ് മുസ് ലിംകൾ ആവശ്യപ്പെടുന്നത്. നിലവിൽ ബോർഡിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാനങ്ങക്ക് ചീഫ് എക്സികൂട്ടിവ് ഓഫിസറെ (സി.ഇ.ഒ) നിയമിക്കാൻ സാധിക്കൂ. ഇതുവരെ മുസ്ലിം സമുദായത്തിൽനിന്നുള്ളവരെ മാത്രമെ സി.ഇ.ഒ ആക്കിയിട്ടുള്ളൂ. പുതിയ വ്യവസ്ഥപ്രകാരം അമുസ്ലിംകളെയും സി.ഇ.ഒ ആക്കാം.
4.വരുമാനത്തിൽ കുറവ്
വഖ്ഫ് ബോർഡിന് കീഴിലുള്ള സ്ഥാപനങ്ങൾ വരുമാനത്തിൻന്റെ ഏഴ് ശതമാനം അതത് സംസ്ഥാന ബോർഡിന് നൽകണം. ഈ പണം ഉപയോഗിച്ചാണ് ബോർഡിലെ ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ചെലവുകൾ കണ്ടെത്തിയിരുന്നത്.
ക്ഷേമപദ്ധതികൾക്കും ഈ ഫണ്ടാണ് ബോർഡ് ഉപയോഗിക്കാറുള്ളത്. ഈ ഏഴുശതമാനം എന്നത് അഞ്ചുശതമാനം ആയി കുറക്കാൻ ബില്ല് നിർദേശിക്കുന്നു. ഇത് ബോർഡിൻ്റെ വരുമാനം കുറയാൻ കാരണമാകും. അതുവഴി ക്ഷേമപദ്ധതികൾ വെട്ടിക്കുറയ്ക്കാനും ബോർഡിനെ പ്രേരിപ്പിക്കും.
5- ജനപ്രതിനിധികളെ സർക്കാർ തീരുമാനിക്കും
സംസ്ഥാന വഖ്ഫ് ബോർഡുകളിലേക്കുള്ള എം.എൽ.എ, എം.പി എന്നിങ്ങനെയുള്ള ജനപ്രതിനിധികളെ സർക്കാർ ആകും തീരുമാനിക്കുക. ദേവസ്വം ബോർഡ് മാതൃകയിൽ നേരത്തെ ഇത് ബന്ധപ്പെട്ട മതവിഭാഗത്തിൽനിന്നുള്ള പ്രതിനിധികൾ ആയിരുന്നു തെരഞ്ഞെടുത്തിരുന്നത്.
പഴയ ബില്ലും ഭേദഗതി വരുത്തിയ ബില്ലും തമ്മിലെ പ്രധാന മാറ്റം
ഒറിജിനൽ ബില്ലിലെ വഖ്ഫ് സ്വത്തിനെക്കുറിച്ചുള്ള നിർവചനങ്ങളിലൊന്ന് ഭാവിയിൽ പ്രത്യാഘാതം ഉണ്ടാക്കും വിധത്തിലുള്ളതാണ്. രേഖപ്രകാരം വഖ്ഫ് ചെയ്യപ്പെടാത്ത, എന്നാൽ പതിറ്റാണ്ടുകളായി വഖ്ഫ് സ്വത്തായി കണക്കാക്കപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്നവയെ വഖ്ഫ് സ്വത്തായി കാണുന്ന (കൽപിത വഖഫ് സ്വത്തുക്കൾ) ആശയം ഇല്ലാതാക്കും. 1995 ലെ നിയമപ്രകാരം മതപരമായ ആവശ്യങ്ങൾക്കായി വിശ്വാസികൾ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന സ്വത്ത് വഖ്ഫ് സ്വത്താണ്. നിരവധി മസ്ജിദുകളും ഖബർസ്ഥാനകളും ഇത്തരത്തിൽ വഖ്ഫ് ആയി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഭേദഗതിവരുത്തിയ പുതിയ ബില്ലിൽ ഇത്തരം സ്വത്തുക്കൾ വഖ്ഫ് സ്ഥാപിക്കുന്നതിന് കുറഞ്ഞത് അഞ്ച് വർഷമായി അവ മതപരമായി ഉപയോഗിക്കുന്നുണ്ടെന്ന് കാണിക്കുകയോ തെളിയിക്കുകയോ ചെയ്യണം എന്ന വ്യവസ്ഥവച്ചിട്ടുണ്ട്. 2025 ലെ വഖ്ഫ് (ഭേദഗതി) നിയമം പ്രാബല്യത്തിൽ വരുമ്പോഴോ അതിനു മുമ്പോ ഒരു വ്യക്തി രജിസ്റ്റർ ചെയ്തത നിലവിലുള്ള വഖ്ഫ് സ്വത്തുക്കൾ (പൂർണ്ണമായോ ഭാഗികമായോ സർക്കാരിന് കീഴിലുള്ള സ്വത്താണെന്ന തർക്കം ഉടലെടുത്തിട്ടില്ലെങ്കിൽ) വഖ്ഫ് സ്വത്തുക്കളായി തന്നെ തുടരുമെന്നും പുതിയ ബിൽ പറയുന്നു.