‘ഇവിടെ വലിയൊരു ആപത്തു വരാന്‍ പോകുന്നു… വേഗം രക്ഷപ്പെടുക” ദുരന്തപ്രവചനം പോലെ വെള്ളാര്‍മല സ്കൂളിലെ ലയ എന്ന കുരുന്ന് എഴുതിയ കഥ

Pulamanthole vaarttha
കല്‍പ്പറ്റ: കേരളത്തെ ഒന്നടങ്കം സങ്കടക്കടലില്‍ ആഴ്ത്തി 200 ലധികം പേരുടെ ജീവന് നഷ്ടമായ വയനാട് മുണ്ടക്കൈയ്യിലെ ദുരന്തം മുന്‍കൂട്ടി കണ്ട് തയ്യാറാക്കിയത് പോലെ ഡിജിറ്റല്‍ മാസികയില്‍ കഥ. ദുരന്തഭൂമിയിലെ വെള്ളാര്‍മല സ്കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ ഡിജിറ്റല്‍ മാസികയില്‍ ലയ എന്ന വിദ്യാര്‍ത്ഥിനി തയ്യാറാക്കിയ ‘ആഗ്രഹത്തിന്റെ ദുരനുഭവം’ എന്ന കഥയിലെ പരാമര്‍ശമാണ് മുണ്ടക്കൈ ദുരന്തത്തോട് സാമ്യതയുള്ളത്. വെള്ളാര്‍മല സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് കുട്ടികള്‍ തയ്യാറാക്കിയ വെള്ളാരങ്കല്ലുകള്‍ എന്ന ഡിജിറ്റല്‍ മാഗസിനിലാണ് കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഥയിലെ പ്രസക്ത ഭാഗം സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ”മഴയായതിനാല്‍ വെള്ളം കലങ്ങിത്തുടങ്ങി. അതുകൊണ്ട് വെള്ളത്തില്‍ ഇറങ്ങേണ്ട എന്ന് അവര്‍ തീരുമാനിച്ചു. അങ്ങനെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുമ്ബോഴാണ് ഒരു കിളി അവിടേക്ക് വന്നത്. ആ കിളി ഒരു വിചിത്രമായിരുന്നു. ആ കിളി സംസാരിക്കുമായിരുന്നു. അത് അവരോട് പറഞ്ഞു. നിങ്ങള്‍ ഇവിടെ നിന്ന് വേഗം രക്ഷപ്പെട്ടോ കുട്ടികളെ. ഇവിടെ വലിയൊരു ആപത്തു വരാന്‍ പോകുന്നു. നിങ്ങള്‍ക്ക് രക്ഷപ്പെടണമെങ്കില്‍ വേഗം ഇവിടെ നിന്ന് ഓടി പൊയ്ക്കോളൂ. എന്ന് പറഞ്ഞിട്ട് ആ കിളി അവിടെ നിന്ന് പറന്ന് പോയി. കിളി പറഞ്ഞതിന്റെ പൊരുള്‍ മനസിലായില്ലെങ്കിലും അവിടെ നിന്ന് കുട്ടികള്‍ ഓടാന്‍ തുടങ്ങി.” വെള്ളച്ചാട്ടത്തില്‍പ്പെട്ട് മരിച്ച അമൃത എന്ന പെണ്‍കുട്ടിയാണ് കിളിയായി വന്ന് മുന്നറിയിപ്പ് നല്‍കിയതെന്നാണ് കഥയിലെ സങ്കല്‍പ്പം. കൈറ്റ് സിഇഒ ആയ കെ അന്‍വര്‍ സാദത്ത് ആണ് ഈ അപ്രതീക്ഷിത ആകസ്മികതയേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വിശദമാക്കിയിട്ടുള്ളത്.
വെള്ളാർമല സ്കൂളിലെ ‘ലിറ്റിൽ കൈറ്റ്സ്’ കുട്ടികൾ തയാറാക്കിയ ഡിജിറ്റൽ മാഗസിനിലെ കഥയാണിത്. അവസാനത്തെ പേജിലെ കഥ. നാടിൻ്റെ സൗന്ദര്യവും നന്മയും വിവരിക്കുന്ന പുസ്തകത്തിന്റെ്റെ പേര് ‘വെള്ളാരങ്കല്ലുകൾ’. ലയ എന്ന കുഞ്ഞു പെൺകുട്ടി ഈ കഥയെഴുതിക്കഴിഞ്ഞ് അവരുടെ ഡിജിറ്റൽ മാഗസിനിൽ ആ കഥ പ്രസിദ്ധീകരിച്ച് ഏറെ നാൾ കഴിയും മുമ്പേ അവരുടെ കഥകളുടെ മുകളിലേക്ക് പെരുമഴ പെയ്തു . മലയും പുഴയും ആർത്തലച്ചു വന്ന മഴ. കൂറ്റൻ പാറക്കല്ലുകളുടെ ഭൂമി പിളർത്തി കൊണ്ടുവന്ന കൊടുംമഴ. മരവും ഉരുളൻ കല്ലുകളും അവരുടെ വീടുകളും അവർക്കു മുകളിൽ മരണമായി ആഞ്ഞു പെയ്ത മഴ. ആ മഴക്കു മുൻപ് പക്ഷേ അവർക്ക് മുന്നറിയിപ്പുമായി കിളി വന്നില്ല. കാലങ്ങളായി അവർ കളിച്ചു നടന്ന മണ്ണിൽ അവരുടെ അഭയമായ വീട്ടിൽ അവർ കൺകുളിർക്കെ കണ്ടാസ്വദിച്ച അവരുടെ പ്രിയപ്പെട്ട അരുവികൾക്കും പുഴക്കുമരികിൽ സാധാരണ പോലൊരു ഉറക്കത്തിലേക്കാഴ്ന്ന അവർക്കു മേൽ അന്ന് മരണം ഉരുളായി പെയ്തിറങ്ങി. ഉരുൾപൊട്ടലിൽ രണ്ട് ഗ്രാമങ്ങൾ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ മേഖലയിലെ പ്രധാന സ്കൂളായ വെള്ളാർമല ജി.വി.എച്ച്.എസ്.എസ് പാതി തകർന്നൊരു സ്മാരകമായി. സ്കൂളിലെ ചില വിദ്യാർഥികളെ ഇനിയും ബന്ധപ്പെടാനായിട്ടില്ല
‘കൈറ്റ്’ സി.ഇ.ഒ കെ. അൻവർ സാദത്താണ് ഇതുസംബന്ധിച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍ വെള്ളാര്‍മല സ്കൂളിനെയും ബാധിച്ചിരുന്നു. സ്കൂള്‍ സംസ്ഥാനത്തെ മാതൃകാ സ്കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഭൂകമ്ബം ഉള്‍പ്പെടെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള കെട്ടിടവും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മാണവും നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റില്‍ ഒരു ജില്ലയില്‍ ഒരു മാതൃക സ്കൂള്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്കൂള്‍ വെള്ളാര്‍മല സ്കൂള്‍ ആയിരിക്കുമെന്നും പറഞ്ഞു.
ലയാ മോൾ സേഫ് ആണ്
വയനാട്ടിലെ GVHSS വെള്ളാർമലയിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കഴിഞ്ഞ വർഷം തയ്യാറാക്കിയ ‘വെള്ളാരങ്കല്ലുകൾ’ എന്ന ഡിജിറ്റൽ മാഗസിനിൽ ‘ആഗ്രഹത്തിന്റെ ദുരനുഭവം’ എന്ന പ്രവചന സ്വഭാവത്തോടെയുള്ള ലയാ മോളുടെ കഥയെപ്പറ്റി കഴിഞ്ഞ പോസ്റ്റിൽ എഴുതിയിരുന്നു . വയനാട്ടിൽ നിന്നും അറിഞ്ഞത് ലയ സേഫ് ആണെന്നാണ് , കുട്ടിക്ക് അടുത്തവരെ നഷ്ടപ്പെട്ടിട്ടുണ്ട് . ദയവ് ചെയ്ത് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ആരും ഇക്കാര്യത്തിനായി ഇവരെ ബന്ധപ്പെടാൻ ശ്രമിക്കരുത്. ആ പ്രദേശം അത്തരമൊരു മാനസികാവസ്ഥയിൽ അല്ലല്ലോ ? സ്കൂളിന്റെ ( കോഡ് : 15036 ) സ്കൂൾ വിക്കി താളിൽ നൽകിയ ഹൈടെക് ക്ലാസ്സ്മുറികളുടെ ചിത്രങ്ങളുമൊക്കെ കണ്ണീരോടെയല്ലാതെ കാണാനാവില്ല.
നമ്മൾ അതിജീവിക്കും..
കെ അൻവർ സാദത്ത്