എന്റെ ഉസ്താദിനൊരു വീട്’ പദ്ധതിയുടെ പേരില്‍ ഒരു കോടിയിലേറെ രൂപ പിരിച്ചെടുത്ത പ്രതികൾ മഞ്ചേരിയില്‍ പൊലീസ് പിടിയില്‍

Pulamanthole vaarttha
മഞ്ചേരി : ഭവനനിര്‍മാണ പദ്ധതിയുടെ പേരില്‍ ഒരു കോടിയിലേറെ രൂപ പിരിച്ചെടുത്ത സംഘം മലപ്പുറം മഞ്ചേരിയില്‍ പൊലീസ് പിടിയില്‍. ‘എന്റെ ഉസ്താദിന് ഒരു വീട് ഭവനപദ്ധതി’ എന്ന പേരിലാണ് സംഘം നാട്ടുകാരില്‍ നിന്ന് പണം പിരിച്ചെടുത്തത്. അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ്, താഴേക്കോട് കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശി ഹുസൈന് ടി കെ, പാലക്കാട് അലനല്ലൂര്‍ സ്വദേശി ഷൗക്കത്തലി സി എന്നിവരാണ് പിടിയിലായത്.
സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മഞ്ചേരി മുട്ടിപ്പാലത്ത് അനധികൃത പണം ഇടപാട് നടക്കുന്നുണ്ട് എന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മഞ്ചേരി സി ഐ റിയാസ് ചാക്കീരിയും സംഘവും സ്ഥലത്ത് പരിശോധന നടത്താന്‍ എത്തി. റൂമിന്റെ പുറത്ത് DIVINE HAND CHARITABLE TRUST(DHCT) എന്ന പേരില്‍ “എന്റെ ഉസ്താദിന് ഒരു വീട് ഭവന നിര്‍മ്മാണ പദ്ധതി ” എന്ന ഒരു ബാനര്‍ കെട്ടിവെച്ചിരുന്നു. റൂമില്‍ അഞ്ച് പേര് ചേര്‍ന്ന് പണം എണ്ണുകയായിരുന്നു.കറന്‍സികള്‍ യന്ത്ര സഹായത്താല്‍ ആയിരുന്നു എണ്ണി ത്തിട്ടപ്പെടുതിയിരുന്നത്. പോലീസിനെ കണ്ടതോടെ ഒരാള്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. മറ്റ് 4 പേരെ പോലീസ് പിടികൂടി. 58.5 ലക്ഷം രൂപയും പോലീസ് ഇവിടെനിന്നും കണ്ടെടുത്തു. റൂമില്‍ നിന്നും 6 മൊബൈല്‍ ഫോണുകള്‍, ഇലട്രോണിക് നോട്ടെണ്ണല്‍ യന്ത്രം, നിരവധി റസീപ്റ്റ് ബുക്കുകള്‍, എഗ്രിമെന്റ് പേപ്പറുകള്‍, ഉടമ്ബടി കരാര്‍ രേഖകള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. പ്രതികള്‍ വ്യാജ വാഗ്ദാനം നല്കി ആളുകളില്‍നിന്നും ഫണ്ട് സ്വരൂപിച്ചു കൊണ്ട് സാമ്പത്തിക തട്ടിപ്പ് നടത്തുകയാണ് എന്ന് പോലീസ് പറയുന്നു. മഞ്ചേരി പോലീസ് Banning of Unreguletted Deposit Scheams Act – 2019 പ്രകാരം ഇവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
പത്ര മാധ്യമങ്ങള്‍ വഴിയും മറ്റും പരസ്യം ചെയ്ത് ആളുകളെ വരുത്തി സംഭാവനകള്‍ കൂപ്പണ്‍ വഴിയും മുദ്ര പേപ്പര്‍ വഴിയും ആണ് പണം ശേഖരിച്ചിട്ടുള്ളത്. ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ ആണ് ആളുകളില്‍ നിന്നും ഇവര്‍ ശേഖരിക്കുന്നത്. 2 ലക്ഷം തന്നവര്‍ക്ക് 4 മാസത്തിനു ശേഷം 8 ലക്ഷത്തിന്റ വീട് വെച്ച് നല്‍കുമെന്ന് പറഞ്ഞാണ് പണം ശേഖരിച്ചിട്ടുള്ളത് എന്നും പോലീസ് വ്യക്തമാക്കി. പണം നല്കിയ ആരും തന്നെ പരാതിയുമായി വന്നിട്ടില്ല എന്നും പോലീസ് പറഞ്ഞു. പണം നല്കിയ ചില ആളുകള്‍ക്ക് ഇവര്‍ വീടുകള്‍വച്ച് നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. അവര്‍ വഴിയുള്ള മൗത്ത് പബ്ലിസിറ്റിയിലൂടെ ആകൃഷ്ടരായി ആണ് കൂടുതല്‍ ആളുകള്‍ പണം ഡെപ്പോസിറ്റ് ചെയ്യാന്‍ എത്തുന്നത്. പോലീസ് പരിശോധന നടക്കുന്ന സമയത്തും ഒന്നുരണ്ട് പേര് പണം ഡെപ്പോസിറ്റ് ചെയ്യാന്‍ വന്നിരുന്നു. ചിലരോട് 2-ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്താല്‍ 4-മാസത്തിന് ശേഷം 8-ലക്ഷം രൂപ റൊക്കം പണമായി നല്‍കാം എന്ന് ആണ് വാഗ്ദാനം നല്‍കിയിരുന്നത് എന്നും പോലീസ് പറഞ്ഞു
തട്ടിപ്പ് സംഘം 3 ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം 93 പേരില്‍നിന്നായി 1,18,58,000 രൂപ പിരിച്ചെടുത്തതായി പോലീസ് കണക്കാക്കുന്നു. 20ന് 37 ആളുകളില്‍ നിന്നായി 24,60,000 രൂപയും 21ാം തീയതി 22 ആളുകളില്‍ നിന്ന് 35,48,000രൂപയും 22 ന് 34 ആളുകളില്‍ നിന്നായി 58, 50,000 രൂപയും അടക്കം (മൊത്തം 1,18,58,000 രൂപ) മൂന്ന് ദിവസങ്ങളിലായി കൈപ്പറ്റി എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമെ കഴിഞ്ഞ ദിവസം പരിശോധിച്ച സമയത്ത് പിടിച്ചെടുത്ത 58,50,000 രൂപ പിരിച്ചതിന്റെ രേഖകളും വ്യക്തി വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡെപ്പോസിറ്റ് ആയി സ്വീകരിച്ച പണത്തില്‍ 30ലക്ഷത്തില്‍ പരം രൂപ രണ്ടാം പ്രതിയായ മുഹമ്മദ് അബ്ദുല്‍ ജബ്ബാറിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു. പുലര്‍ച്ചെ പെരിന്തല്‍മണ്ണ പോലീസിന്റെ സഹായത്തോടെ ആണ് ഇയാളുടെ വീട്ടില്‍ നിന്നും 30,70, 000 രൂപ കണ്ടെടുത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.