അപകടങ്ങൾ തുടർക്കഥയായി തൂത പുഴയുടെ കടവുകൾ

Pulamanthole vaarttha
പുഴയിലെ കാടുകൾ വെട്ടിഒഴിവാക്കിയോ കടവുകളിലെ മുൾപടർപ്പുകൾ ഒഴിവാക്കിയും മുൻകരുതൽ ബോർഡുകൾ സ്ഥാപിച്ചോ അപകട സാധ്യത നടപടികൾ എടുക്കാതെ അധികൃതർ
പുലാമന്തോൾ: ഒരുകാലത്ത് അടുത്ത വേനലിൽ പോലും തെളിനീരൊഴുകിയിരുന്ന തൂതപ്പുഴയുടെ
ആഴങ്ങളിൽ അപകടങ്ങളും ജീവഹാനികളും തുടർക്കഥയാവുന്നു. പതിറ്റാണ്ടുകളോളം മണലെടുത്ത് വൻ ഗർത്തങ്ങൾ രൂപപ്പെട്ട പുഴയുടെ പല ഭാഗങ്ങളും ഇന്ന് പുഴയോരവാസികൾക്ക് പോലും പേടിസ്വപ്നമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പുലാമന്തോൾ വിളയൂർ പഞ്ചായത്തുകൾക്ക് അതിർവരമ്പിട്ടൊഴുകുന്ന പുഴയിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
എന്നാൽ പുഴയുടെ അപകടകരമായ ഗർത്തങ്ങളെ കുറിച്ചു മുന്നറിയിപ്പ് നൽകാനോ പലയിടങ്ങളിലും അപകടകരമായി വളർന്ന മുൾപടർപ്പുകളും കാടുകളും നീക്കം ചെയ്യുവാനോ ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിക്കാറില്ല വർഷങ്ങൾക്കു മുമ്പ് കുളിക്കുവാനും മറ്റുമായി ദിനേന 100 കണക്കിന് ആളുകൾ എത്തി സജീവമായിരുന്ന പുഴ കടവുകൾ കാലങ്ങളായി പലപ്പോഴും ആരും എത്താതെ വിജനമാണ്. പല കടവുകളിലും പുഴയിൽ ഇറങ്ങുന്നത് തന്നെ ഭീതിജനകമാണ്.
പുലാമന്തോൾ പഞ്ചായത്തിൽ പുലാമന്തോൾ തടയണക്ക് താഴെയും ചെമ്മലശ്ശേരി ആലിക്കൽ കടവിന് സമീപവുമാണ് കുറച്ചു വർഷങ്ങളായി പുഴയിൽ നിരവധി ജീവഹാനികൾ സംഭവിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 16ന് മൂർക്കനാട് സ്വദേശി കിളിക്കുന്നുകാവ് പാറക്കടവിൽ മുങ്ങി മരിച്ചിരുന്നു. ദുബൈയിൽ ജീവനക്കാരായ ഭാര്യയും ഭർത്താവും കിളിക്കുന്ന് കാവ് ക്ഷേത്രത്തിനു സമീപമുള്ള ബന്ധുവീട്ടിൽ വീട് കൂടൽ ചടങ്ങിനെത്തിയതായിരുന്നു. അന്നേ ദിവസം ഉച്ചയോടെ പുഴ കാണാനെത്തിയപ്പോൾ കുളിക്കാനുള്ള ആഗ്രഹവുമായി തൊട്ടടുത്ത വീട്ടിൽനിന്ന് തോർത്ത് മുണ്ട് വാങ്ങി പുഴയിലേക്കിറങ്ങുകയായിരുന്നു മരണപെട്ട ആൾ. പരിസരവാസികൾ നൽകിയ മുന്നറിയിപ്പ് അവഗണിച്ചിറങ്ങിയ ആളെ തൊട്ടടുത്ത ദിവസം രാവിലെ പാറക്കടവിൽനിന്ന് 200 മീറ്റർ താഴെ മുൾപ്പടർപ്പിൽ കുരുങ്ങി മരിച്ച നിലയിൽ മീൻപിടിക്കാനെത്തിയവരാണ് കണ്ടെത്തിയത്.
മുന്നറിയിപ്പുകൾ നൽകിയാലും പുഴയിൽ ഇറങ്ങുന്നത് അവഗണിക്കുന്നതാണ് പതിവ് എന്ന് പുഴയോര വാസികൾ പറയുന്നു. കഴിഞ്ഞദിവസം ആലിക്കൽ ആറാട്ടിനോടനുബന്ധിച്ച് പുഴയോരത്ത് എത്തിയ രണ്ട് കുട്ടികൾ പുഴയിലേക്ക് ഇറങ്ങുകയും തുടർന്ന് ഇവരെ രക്ഷിക്കാൻ എത്തിയ കരിങ്ങനാട് സ്വദേശി കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടയിൽ പുഴയുടെ ആഴങ്ങളിലേക്ക് മുങ്ങി പോവുകയും ആയിരുന്നു
രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയവർക്ക് നിർഭാഗ്യവശാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതിനുമുമ്പും നിരവധി പേർ പുഴയിൽ മുങ്ങിപ്പൊങ്ങുകയും പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. റിവർ മാനേജ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി പുഴയിലെ കാടുകൾ വെട്ടി ഒഴിവാക്കുകയും കടവുകൾ പുനരുദ്ധരിക്കുകയും ചെയ്യാമെന്ന്ഇരിക്കെ ബന്ധപെട്ടവർ ഇതിനുമുതിരുന്നില്ല മാത്രമല്ല പുഴയിലെ ആഴങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ബോർഡുകളും മറ്റും സ്ഥാപിക്കാനും അധികൃതർ ഇനിയും തയാറായിട്ടില്ല.