കവർ പൊട്ടിക്കാത്ത ഷർട്ടുകളും മുണ്ടുകളും, തേൻ, കെട്ടുകണക്കിന് പേനമുതൽ കുടംപുളി വരെ: കെെക്കൂലിയായി എന്തും സുരേഷ് വാങ്ങും, താമസിച്ചിരുന്നത് 2500 മാസവാടകയുള്ള മുറിയിൽ, ആർക്കും സംശയം തോന്നാതിരിക്കാൻ ഒരു അതിബുദ്ധിയും

Pulamanthole vaarttha
മണ്ണാർക്കാട് കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് സുരേഷ് കുമാർ പിടിയിലായ സംഭവം ഏറെ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. കോടികളുടെ കെെക്കൂലിപ്പണം കെെയിൽ എത്തുമായിരുന്നെങ്കിലും സുരേഷ് നയിച്ചിരുന്നത് വളരെ ലളിതമായ ജീവിതമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവർക്ക് സുരേഷ് കുമാറിൻ്റെ കാര്യത്തിൽ സംശയം തോന്നിയിരുന്നതുമില്ല. പണം സൂക്ഷിച്ചിരുന്നത് സ്വന്തമായി വീട് വയ്ക്കാനാണെന്നാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പണത്തിൻ്റെ ഉറവിടം ഇദ്ദേഹം കാട്ടിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വൻ സമ്പാദ്യമാണ് സുരേഷ് കുമാറിൻ്റെ അക്കൗണ്ടിൽ കാണാൻ കഴിഞ്ഞത്. 35 ലക്ഷം രൂപയ്ക്ക് പുറമേ 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിൻ്റെ രേഖയും 17 കിലോ നാണയവും സുരേഷിൻ്റെ മുറിയിൽ നിന്ന് പിടികൂടിയിട്ടുണ്ട്. സുരേഷ് കുമാർ സാലറി അക്കൗണ്ടിൽ നിന്ന് പണം വിൻവലിക്കാറില്ലായിരുന്നുവെന്നാണ് വിജിലൻസ് അറിയിക്കുന്നത്. നിലവിൽ ഇയാളുടെ സാലറി അക്കൗണ്ടിൽ ബാക്കിയുള്ളത് 25 ലക്ഷം രൂപയായിരുന്നു. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലായിരുന്നു സുരേഷ് കുമാർ വിജിലൻസ് പിടിയിലാകുന്നത്. പിന്നാലെ മണ്ണാർക്കാടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 35 ലക്ഷം രൂപ പിടിച്ചെടുത്തത്. കണ്ടെത്തിയത് കൈക്കൂലി പണമാണെന്നാണ് വിജിലൻസ് അറിയിക്കുന്നത്. മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള റവന്യൂ അദാലത്ത് വേദിയുടെ സമീപത്ത് നിന്നാണ് സുരേഷ് കുമാർ 2500 രൂപ കൈക്കൂലിയായി കൈപ്പറ്റിയതെന്നാണ് വിവരം. മഞ്ചേരി സ്വദേശിയുടെ പരാതിയിന്മേലായിരുന്നു വിജിലൻസ് നടപടി.
വിജിലൻസ് മേധാവിയുടെ പ്രത്യേക നിർദേശ പ്രകാരമായിരുന്നു ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. സുരേഷ് കുമാർ ഇതുവരെ കൈക്കൂലിയായി കൈപ്പറ്റിയ ഭീമമായ തുകയെ കുറിച്ചുള്ള വിവരം പരിശോധനയിലൂടെയാണ് പുറത്തറിയുന്നത്. കൈക്കൂലിയായി എന്തുകിട്ടിയാലും സ്വീകരിക്കുന്ന വ്യക്തിയായിരുന്നു സുരേഷ് കുമാർ എന്നാണ് വിജിലൻസ് പറയുന്നത്. പണത്തിനുപുറമേ കവർ പൊട്ടിക്കാത്ത പത്ത് ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, പത്ത് ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുക്കണക്കിന് പേന എന്നിവയും സുരേഷ് കുമാറിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വെറും 2500 രൂപ മാസവാടകയ്ക്കാണ് സുരേഷ് കുമാർ താമസിച്ചിരുന്നത്. ഇത്ര ലളിതമായ ജീവിതം നയിച്ചിരുന്ന സാത്വിക മാതൃകയായിരുന്നു സുരേഷ്കുമാർ. ആർക്കും സംശയം തോന്നാതിരിക്കാൻ മറ്റൊരു അതിബുദ്ധികൂടി സുരേഷ് കുമാർ ചെയ്യുമായിരുന്നു. താമസിച്ചിരുന്ന മുറി പോലും പൂട്ടാതെ സുരേഷ് പുറത്തുപോകുമായിരുന്നെന്നാ പ്രദേശവാസികൾ പറയുന്നത്. അതുകൊണ്ടുതന്നെ മുറിക്കുള്ളിൽ ഒന്നുമുണ്ടാകില്ലെന്ന് മറ്റുള്ളവരും കരുതിയിരുന്നു. സുരേഷ് കുമാറിനെക്കുറിച്ച് വിജിലൻസിന് പരാതി ലഭിക്കുന്നത് ഇതാദ്യമാണ്. മുൻപ് ജോലി ചെയ്തിരുന്ന വില്ലേജ് ഓഫീസുകളിലും ഇയാൾ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിലും ആരും പരാതി നൽകിയിരുന്നില്ലെന്നാണ് വിവരം. സുരേഷിനെ ഇന്ന് തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നുതന്നെ വിജിലൻസ് കസ്റ്റഡി അപേക്ഷ നൽകുമെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.