ലൈംഗികാരോപണം രഞ്ജിത്തും -സിദ്ധിഖും തൽസ്ഥാനങ്ങൾ രാജിവെച്ചു

Pulamanthole vaarttha
യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതോടെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദിഖ് രാജിവെച്ചു. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്മാൻ സ്ഥാനം രഞ്ജിത്തും രാജിവെച്ചു
കോഴിക്കോട്: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുള്ള വെളിപ്പെടുത്തലിൽ സിനിമ ലോകത്ത് വന്മരങ്ങൾ വീഴുന്നു. ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയിൽ നിന്ന് സംവിധായകനും നടനുമായ രഞ്ജിത്ത് രാജിവെച്ചു. അഭിനേതാക്കളുടെ സംഘടനായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന നടൻ സിദ്ദിഖ് രാജിവെച്ചതിന്റെ പിന്നാലെയാണ് രഞ്ജിത്തിൻ്റെ രാജി. സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തി മോശമാ പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില രഞ്ജിത്തിന്റെ രാജി. ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്ന് പദവി രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചതായാണ് വിവരം. വയനാട്ടിൽനിന്നും ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങിയെത്തിയ രഞ്ജിത്ത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിക്കത്ത് കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരം.
രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ശക്തമായിരുന്നു. വയനാട്ടിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന രഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു എത്തിയത്. രഞ്ജിത്ത് രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായതോടെ കോഴിക്കോട് ചാലപ്പുറത്തുള്ള രഞ്ജിത്തിന്റെ വീടിന് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു.സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഇടതുപക്ഷക്കാരനായ രഞ്ജിത്തിനെ സർക്കാർ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇടതു മുന്നണിയിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ പരസ്യമായി പിന്തുണച്ചത് ഏറെ വിവാദമായിരുന്നു.
സിദ്ധിഖ് രാജിവെച്ചത് യുവനടി നടി രേവതി സമ്പത്ത് പീഡനാരോപണം ഉന്നയിച്ചതോടെ
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖ് രാജിവെച്ചു. സംഘടന പ്രസിഡൻ്റ് മോഹൻലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് സിദ്ദിഖിൻറെ രാജി. സിദ്ദിഖ് തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നടി രേവതി സമ്പത്താണ് രംഗത്തെത്തിയത്. നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നു നടി രേവതി സമ്പത്ത് ഇന്നലെയാണ് ആരോപണമുന്നയിച്ചത്. പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
സിദ്ദീഖ് ക്രിമിനൽ ആണെന്നും അവർ ആരോപിച്ചിരുന്നു. ഇപ്പൊൾ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞു.പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’ – നടി പറഞ്ഞു പീഡന അനുഭവം തുറന്ന് പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. തനിക്ക് മാത്രമല്ല തൻ്റെ സുഹൃത്തുക്കൾക്കും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഉന്നതരായ പലരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കൾ പങ്കു വെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടിൽ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ പ്രധാന്യം നൽകണം – രേവതി സമ്പത്ത് കൂട്ടിച്ചേർത്തു.