ഹൃദയം നൽകി സ്നേഹിച്ചവൾ തന്നെ വഞ്ചിക്കില്ലെന്ന വിശ്വാസം മരണകിടക്കയിലും കൈവിടാതെ ഷാരോൺ

Pulamanthole vaarttha
സോറി ഇച്ചായാ, ഞാൻ അങ്ങനെ ചെയ്യോ?’;കൊടും വഞ്ചന ഉള്ളിലൊളിപ്പിച്ചു ഗ്രീഷ്മയുടെ തേനൂറുന്നവാക്കുകൾ
തിരുവനന്തപുരം: നീണ്ട ചോദ്യം ചെയ്യലുകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ പാറശ്ശാല സ്വദേശി ഷാരോണിന്റെ ദുരൂഹമരണം കൊലപാതകമെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. പെൺകുട്ടിയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് ക്രൂര കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചത്.
ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് പെണ്‍സുഹൃത്ത് ഗ്രീഷ്മ മൊഴി നൽകിയിരിക്കുന്നത് വിഷം കഴിച്ച് അവശനായി ആശുപത്രിയിൽ കിടക്കുമ്പോഴും, ഗ്രീഷ്മ വിഷം തന്ന് തന്നെ വഞ്ചിക്കില്ലെന്ന ഷാരോണിന്റെ ഉറപ്പായിരുന്നു അവളുടെ ധൈര്യം. ഇരുവരും തമ്മിലുള്ള ചാറ്റ് ഹിസ്റ്ററി നേരത്തെ തന്നെ പുറത്തു വന്നിരുന്നു. കഷായത്തിൽ ഒന്നുമില്ലെന്ന് ഉറപ്പിച്ച് പറയുമ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഷാരോണിന്റെ മുന്നില്‍ ഗ്രീഷ്മ കരയുന്നതിന്റെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.
തെളിവുകളൊക്കെ തനിക്ക് എതിരാണെന്ന് ഉറപ്പായിട്ടും രക്ഷപ്പെടുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഗ്രീഷ്മയ്ക്ക് ഒടുവിൽ പോലീസിന്റെ ചോദ്യംചെയ്യലിനു മുന്നില്‍ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. മരണപ്പെട്ട ഷാരോണും പെൺസുഹൃത്തും ഷാരോണിന്റെ സുഹൃത്തുക്കളും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ ഷാരോണിന്റെ ബന്ധുക്കളാണ് പുറത്തുവിട്ടത്. താൻ കുടിച്ചിരുന്ന കഷായത്തിന്റെ ബാക്കിയാണ് ഷാരോൺ കുടിച്ചതെന്നും കഷായം കഴിച്ച് തീരേണ്ട അവസാന ദിവസമായിരുന്നെന്നും പറയുന്നത് ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം താൻ മറ്റൊന്നും നൽകിയിട്ടില്ലെന്നും അവനെ താൻ എന്തിനാണ് അപായപ്പെടുത്തുന്നതെന്നും പെൺകുട്ടി ചാറ്റിൽ ചോദിക്കുന്നുണ്ട്. ഇതേ കഷായം താനും തന്റെ ചേച്ചിയും കുടിച്ചിട്ടുള്ളതായും അതിനാൽ കഷായത്തിൽ പ്രശ്നമില്ലെന്നും പെൺകുട്ടി പറയുന്നുണ്ട്.
കഷായത്തിന്റെ കയ്പ് മാറുന്നതിനായി കുടിച്ച ജ്യൂസിന്റെ പ്രശ്നമാകാമെന്നും അമ്മയെ വീട്ടിലെത്തിച്ച ഓട്ടോഡ്രൈവർക്ക് ഈ ജ്യൂസ് കുടിച്ച ശേഷം പ്രശ്നങ്ങളുണ്ടായതായും വാട്സാപ്പ് സന്ദേശത്തിൽ പെൺകുട്ടി പറയുന്നുണ്ട് പെൺകുട്ടിയെ ഏൽപ്പിച്ചിരുന്ന റെക്കോഡ് ബുക്ക് തിരികെ വാങ്ങുന്നതിനായി 14-ന് ഷാരോൺ സുഹൃത്തിനോടൊപ്പം പെൺകുട്ടിയുടെ വീട്ടിൽ പോയിരുന്നു. ഇവിടെവച്ച്, പെൺകുട്ടി കഴിച്ചിരുന്ന കഷായം ഷാരോണും കുടിച്ചു. കഷായത്തിനു പിന്നാലെ അവിടെനിന്ന് ജ്യൂസും കുടിച്ച ഷാരോൺ, പിന്നീട് ഛർദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്തതായി ഷാരോണിന്റെ ബന്ധുക്കൾ പാറശ്ശാല പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ആദ്യ ദിവസം ചികിത്സ കഴിഞ്ഞു വീട്ടിലേക്കെത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങളുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ, ഷാരോണിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായതിനെ തുടർന്ന് ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പെൺസുഹൃത്തിന്റെ വീട്ടിൽനിന്നുള്ള പാനീയം കുടിച്ചല്ല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്നും പെൺകുട്ടിക്ക് തന്നെ അപായപ്പെടുത്തണമെന്ന ചിന്ത ഇല്ലെന്നുമാണ് ഷാരോൺ മജിസ്ട്രേറ്റിനു മുന്നിൽ മൊഴിനൽകിയതെന്നും പോലീസ് പറയുന്നു.
പിന്നീട് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത് വന്നതോടെ കേസ് ക്രൈംബ്രാഞ്ചിന് ഏൽപ്പിക്കുകയായിരുന്നു