സഫലമാകില്ല ആ സ്വപ്നം: ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് എന്ന സ്വപ്നം വിസ്മൃതിയിലേക്ക്

Pulamanthole vaarttha
പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിലെ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെയുള്ള ഗതാഗതക്കുരുക്കിന് പൂർണമായി പരിഹാരമാകുമെന്ന് ജനം സ്വപ്നം കണ്ട ഓരാടംപാലം–മാനത്തുമംഗലം ബൈപാസ് സ്വപ്നത്തില് മാത്രം ഒതുങ്ങി. ബൈപാസിന്
മരണമണി മുഴക്കിയത് സ്വകാര്യ സങ്കുചിത താൽപര്യങ്ങളും രാഷ്ട്രീയ വടം വലിയുമാണ്.
15 വർഷം പിന്നിടുമ്പോഴും ഈ പദ്ധതിക്കുമാത്രം സർക്കാരിന് ഫണ്ടില്ല എന്നതാണ് ചിലരുടെ സങ്കുചിത താൽപര്യങ്ങൾക്കും രാഷ്ട്രീയ വടം വലിക്കും കാരണമായി ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് ഇനി ഒരിക്കലും പൂവണിയില്ലെന്ന് മനസ്സിലാകുന്നത് അങ്ങാടിപ്പുറത്ത് മേൽപാലമെന്ന ആശയത്തിനു 2 വർഷം മുൻപാണ് ഓരാടംപാലം- മാനത്തുമംഗലം ബൈപാസിന്റെ ആലോചന തുടങ്ങുന്നത്. 2011 ൽ എൽഡിഎഫ് സർക്കാർ 4.1 കിലോമീറ്റർ വരുന്ന ബൈപാസ് പദ്ധതി അംഗീകരിച്ചു. ട്രഷറി നിക്ഷേപം സമാഹരിച്ചാണ് സ്ഥലമെടുപ്പിന് 10 കോടി രൂപ അനുവദിച്ചത്. പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു. ആദ്യഘട്ട പ്രവർത്തനങ്ങൾ അതിവേഗം നടന്നെകിലും ഭരണ മാറ്റത്തോടെ മുൻഗണന അങ്ങാടിപ്പുറം മേൽപാലത്തിനായി. ഇരുപക്ഷത്തും രാഷ്ട്രീയ പരിഗണനകൾ മേൽക്കൈ നേടി. പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തെയും വ്യാപാരികളുൾപ്പെടെ ജനം രണ്ടു തട്ടിലായി. റെയിൽവേയുടെ ചില തടസ്സവാദങ്ങൾ പദ്ധതിക്ക് അളളുവച്ചവർക്ക് പിടിവള്ളിയായി.
മേൽപാലത്തിന് ആദ്യ പരിഗണന വേണമെന്ന് ഒരുപക്ഷവും ബൈപാസിന് ആദ്യ പരിഗണനയെന്നു മറുപക്ഷവും ശഠിച്ചു. ആദ്യം അങ്ങാടിപ്പുറം ജംക്ഷനിൽ നിന്ന് ആരംഭിക്കാനുള്ള മേൽപാലം പദ്ധതിയെ കുറിച്ച് നടന്ന ചർച്ചകളിൽ വീതി കുറഞ്ഞ റോഡിൽ സ്ഥലമെടുപ്പ് പ്രതിസന്ധിയാവുമെന്ന തിരിച്ചറിവാണ് മിനി മേൽപാലം എന്ന ആശയത്തിലെത്തിയത്.ഓരാടംപാലം– മാനത്തുമംഗലം ബൈപാസിനു വേണ്ടി നടന്ന ആദ്യ സർവേയെ കുറിച്ച് ചില ആക്ഷേപങ്ങളുയർന്നു. ചില സ്ഥലങ്ങൾ ഒഴിവാക്കാൻ ശ്രമം നടന്നപ്പോൾ മറ്റ് ചില സ്ഥലങ്ങൾ ഉൾപ്പെട്ടതായി ആക്ഷേപമുയർന്നു. 2012 ഫെബ്രുവരി 29ന് ആണു ബൈപാസ് റോഡിനായി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചത്. ചില വീടുകൾ പൂർണമായും മറ്റു ചിലത് ഭാഗികമായും നഷ്ടപ്പെടുന്ന വിധമായിരുന്നു അലൈൻമെന്റ്. നിർദിഷ്ട പ്ലാനിന്റെ തെക്കുവശം ഒഴിഞ്ഞ സ്ഥലമാണെന്നും റോഡിന്റെ തുടക്കം മുതൽ ഒരു കിലോമീറ്റർ ഭാഗം തെക്കുവശത്തേക്കു നീക്കിയാൽ വീടുകളൊന്നും നഷ്ടപ്പെടില്ലെന്നും ചൂണ്ടിക്കാട്ടി ഒരാൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശപ്രകാരം ചിലയിടങ്ങളിൽ റീസർവേ നടത്തി അധികൃതർ പ്ലാൻ ഉറപ്പിച്ചു. നാലു കിലോമീറ്ററിലേറെ നീളം വരുന്ന നിർദിഷ്ട ബൈപാസ് കൃഷിയിടങ്ങളിലൂടെയും നീർത്തടങ്ങളിലൂടെയുമാണെന്നും ഇവിടം മണ്ണിട്ടു നികത്തിയാൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്നും പരാതിയെത്തി. വീതി കുറഞ്ഞ മേൽപാലം എന്ന ആശയം ഉറപ്പിച്ചതോടെ സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലായി. വളരെ കുറച്ച് സ്ഥലമാണ് റോഡ് കഴിച്ച് ഏറ്റെടുക്കേണ്ടി വന്നത്.
ഓരാടംപാലം–മാനത്തുമംഗലം ബൈപാസിനു വേണ്ടി അന്നത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോസ് വർഗീസിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചു. 2012 ഡിസംബർ 6ന് അങ്ങാടിപ്പുറത്ത് മേൽപാലത്തിനൊപ്പം ഓരാടംപാലം–മാനത്തുമംഗലം ബൈപാസും നിർമിക്കുകയെന്ന വിധിയാണ് ഹൈക്കോടതി നൽകിയത്. മേൽപാലത്തിനൊപ്പം ബൈപാസ് പദ്ധതിയും മുന്നോട്ടു പോകുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളെല്ലാം ജനങ്ങളെ പറഞ്ഞു പറ്റിച്ചു. 2014ൽ സർവേ പ്രവർത്തനങ്ങളിൽ ആക്ഷേപം ഉന്നയിച്ചു നാട്ടുകാർ തടഞ്ഞിരുന്നു. 2015 ജനുവരി 23ന് ഓരാടംപാലം –മാനത്തുമംഗലം ബൈപാസ് റോഡിന് അതിർത്തി കല്ലുകൾ സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞു. ആദ്യം തയാറാക്കിയ പ്ലാനിൽ മാറ്റം വരുത്തിയെന്നായിരുന്നു ആക്ഷേപം. ആദ്യത്തെ പ്ലാനിൽ 3 വീടുകൾക്ക് നാശനഷ്ടം സംഭവിക്കുന്ന സ്ഥാനത്ത് പുതിയ പ്ലാനിൽ 13 വീടുകൾ പൊളിച്ചു നീക്കേണ്ട സ്ഥിതയുണ്ടായി. രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമല്ല, ചില മാഫിയകളും ഈ പദ്ധതിയെ വൈകിപ്പിക്കാനും ഇല്ലാതാക്കാനും പ്രവർത്തിച്ചു.
2023 നവംബറിൽ നടന്ന മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് ചില പ്രതീക്ഷകൾ നൽകി. പദ്ധതിക്ക് വേണ്ടി ആദ്യശ്രമം നടത്തിയ വി.ശശികുമാർ തന്നെ ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ദേശീയപാതയിൽ ഈ മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കാൻ സർക്കാർ ഈ പദ്ധതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എൻ.ബാലഗോപാലും ഉറപ്പു നൽകിയിട്ടും ഒന്നും സംഭവിച്ചില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരാടംപാലം–മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാക്കുമെന്ന് ഇരു മുന്നണികളും ജനങ്ങൾക്ക് വാക്ക് നൽകിയതയാണ്. ബൈപാസിന് സ്ഥലമെടുപ്പിനു വേണ്ടി 10 കോടി രൂപ അനുവദിച്ചതിനു പുറമേ ബൈപാസിൽ നിർമിക്കേണ്ട മേൽപാലത്തിനായി പി ആൻഡ് ഇ ചാർജ് ഇനത്തിൽ 16,23,800 രൂപയും ഇതിനകം നൽകിയിട്ടുണ്ട്. റെയിൽവേ മേൽപാലത്തിന്റെ അംഗീകാരത്തിനായി അലൈൻമെന്റ് സമർപ്പിച്ചതായാണ് ചീഫ് എൻജിനീയർ പറയുന്നത്. ഇതിൽ മാറ്റങ്ങൾ വരുത്താൻ റെയിൽവേ നിർദേശിച്ചതായും ഇതു പ്രകാരം മാറ്റം വരുത്തുന്നതിനായി ഡിസൈൻ വിഭാഗത്തിന്റെ സാങ്കേതിക ഉപദേശം തേടിയതായുമാണ് ഒടുവിൽ അധികൃതർ പറയുന്നത്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഓരാടംപാലം–മാനത്തുമംഗലം ബൈപാസിന് ഫണ്ട് അനുവദിച്ചില്ലെന്ന് പറയരുത്. 100 രൂപയാണ് അനുവദിച്ചതെന്ന് മാത്രം
വാൽ കഷ്ണം : കാലമെത്ര കഴിഞ്ഞാലും അങ്ങാടിപ്പുറത്തെ ബ്ലോക്കിൽ പ്പെട്ട് ഇഴയാനാണ് പൊതുജനത്തിന് വിധി