വലിയശബ്ദം, പൊടി, ആദ്യം ഒന്നും കാണാനായില്ല’; ലോറിക്കടിയിൽ ദാരുണകാഴ്ച, കണ്ണീരിൽ മുങ്ങി പനയമ്പാടം

Pulamanthole vaarttha
സ്ഥിരം അപകടമേഖലയിൽ ഉണ്ടായ നാടിനെ നടുക്കിയ അപകടത്തിൽ മരണം നാലായി
വ്യാഴാഴ്ച വൈകീട്ട് ചാറ്റൽമഴയ്ക്കൊപ്പം കല്ലടിക്കോട് പനയമ്പാടത്ത് പെയ്തിറങ്ങിയത് കണ്ണീരും. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പനയമ്പാടത്ത് നിയന്ത്രണംവിട്ട ലോറി മറിഞ്ഞുണ്ടായ അപകടത്തിൽനാല് വിദ്യാർഥിനികൾക്കാണ് ജീവൻ പൊലിഞ്ഞത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ നാല് എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം. സിമന്റ് കയറ്റിവന്ന ലോറി മറ്റൊരുവാഹനത്തിലിടിച്ച ശേഷമാണ് നിയന്ത്രണംവിട്ട് മറിഞ്ഞതെന്നാണ് സമീപവാസികൾ പറയുന്നത്. സ്കൂളിൽനിന്ന് മടങ്ങാനായി ബസ് കാത്ത് നിന്ന വിദ്യാർഥിനികളുടെ ദേഹത്തേക്കാണ് കൂറ്റൻ ചരക്കുലോറി മറിഞ്ഞത്. വിദ്യാർഥിനികളിൽ മൂന്നുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
വലിയ ശബ്ദം കേട്ടാണ് അപകടവിവരമറിഞ്ഞതെന്ന് സമീപവാസിയായ സ്ത്രീ പറഞ്ഞു. ശബ്ദം കേട്ടെത്തിയപ്പോൾ റോഡിൽ മുഴുവൻ പൊടിപടലമായിരുന്നു. ആദ്യം ഒന്നും കാണാൻ പറ്റിയില്ല. പിന്നെയാണ് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായത്. ഇത്രയുംവർഷത്തിനിടയ്ക്ക് ആദ്യമായാണ് ഇങ്ങനെയൊരു അപകടം. റോഡിലൂടെ പോകുന്ന വണ്ടിക്കാരെല്ലാം നിയന്ത്രണംവിട്ട പോലെയാണ് വണ്ടിയോടിക്കുന്നത്. അതിനാൽ ഇപ്പോൾ വീട്ടിലിരിക്കാൻ തന്നെ പേടിയാണെന്നും സമീപവാസിയായ സ്ത്രീ പറഞ്ഞു.
സ്കൂൾവിട്ടുവരുന്ന മകളെ വിളിക്കാനായി റോഡിലേക്ക് പോയപ്പോളാണ് അപകടം കണ്ടതെന്ന് സമീപവാസിയായ മറ്റൊരു യുവതിയും പ്രതികരിച്ചു. ‘ആ കുട്ടികൾ ലോറിക്കടിയിൽ കിടക്കുന്ന കാഴ്ചയാണ് കണ്ടത്. വണ്ടി ചെരിഞ്ഞ് കിടക്കുകയായിരുന്നു. ഡ്രൈവർ ചാടിയിറങ്ങി അപ്പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു. അയാൾക്ക് കുഴപ്പമൊന്നുമില്ല’, യുവതി പറഞ്ഞു. അതിനിടെ, അപകടത്തിന് ശേഷം ലോറിയിലെ ഡ്രൈവറും ക്ലീനറുമെന്ന് കരുതുന്ന രണ്ടുപേർ സമീപത്തെ വീട്ടിലെത്തി ബക്കറ്റിലുണ്ടായിരുന്ന വെള്ളംകുടിച്ച് പോയെന്നും സമീപവാസികളായ സ്ത്രീകൾ പറഞ്ഞു.വ്യാഴാഴ്ച വൈകീട്ട് പനയമ്പാടത്തെ അപകടവിവരം പുറത്തറിഞ്ഞത് മുതൽ ഒരുനാട് മുഴുവൻ ആശങ്കയിലായിരുന്നു. അപകടത്തിൽപ്പെട്ടത് സ്കൂൾ വിദ്യാർഥികളാണെന്ന വിവരം മാത്രമാണ് ആദ്യംപുറത്തുവന്നത്. ഇതോടെ സമീപപ്രദേശങ്ങളിലെ മിക്ക വീട്ടുകാരും സംഭവസ്ഥലത്തേക്ക് കുതിച്ചു. അപകടത്തിൽപ്പെട്ടത് തങ്ങളുടെ കുട്ടികളാണോയെന്ന ആശങ്കയിലാണ് പലരും ഓടിയെത്തിയത്. അപകടത്തിൽപ്പെട്ട കുട്ടികളെ ലോറിക്കടിയിൽനിന്ന് പുറത്തെടുത്തെങ്കിലും മൂന്നുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. അതിനിടെ, ലോറിക്കടിയിൽ കൂടുതൽ കുട്ടികളുണ്ടോയെന്നും സംശയമായി. പിന്നീട് ലോറി ഉയർത്തിയശേഷമാണ് കൂടുതൽപേർ അപകടത്തിൽപ്പെട്ടില്ലെന്ന് സ്ഥിരീകരിച്ചത്കോഴിക്കോട്- പാലക്കാട് ദേശീയപാതയിലെ പനയമ്പാടം ഉൾപ്പെടെയുള്ള മേഖലകൾ സ്ഥിരം അപകടമേഖലയാണെന്നാണ് നാട്ടുകാരുടെ പരാതി. ചെറിയ മഴ പെയ്താൽ പോലും ഇവിടെ അപകടം പതിവാണെന്നും നാട്ടുകാർ പറയുന്നു. വ്യാഴാഴ്ച അപകടമുണ്ടായ പനയമ്പാടത്തുനിന്ന് ഏതാനും കിലോമീറ്ററുകൾക്ക് അകലെയാണ് ഒന്നരമാസം മുൻപുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ജീവൻപൊലിഞ്ഞത്.അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് ഒക്ടോബർ 22-ന് രാത്രി അപകടമുണ്ടായത്. കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപമായിരുന്നു അന്ന് അപകടം സംഭവിച്ചത്.