ഷാജിക്ക് മണ്ഡലമില്ല, പകരം പാർട്ടിയുടെ ‘സ്റ്റാർ ക്യാംപെയ്നർ’? എതിർപ്പുകൾക്കിടെ ‘മാസ്റ്റർ പ്ലാനുമായി’ സംസ്ഥാന നേതൃത്വം
Pulamanthole vaarttha
സംസ്ഥാന രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ കരുത്തനായ ശബ്ദവും പ്രമുഖ വാഗ്മിയുമായ കെ.എം ഷാജിയെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്തി, പൂർണ്ണമായും സംഘടനാ രാഷ്ട്രീയത്തിൽ സജീവമാക്കാൻ മുസ്ലിം ലീഗ് നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ട്. വിവിധ മണ്ഡലങ്ങളിൽ നിന്ന് ഷാജിക്കെതിരെ കടുത്ത പ്രാദേശിക വിയോജിപ്പുകൾ ഉയരുന്ന സാഹചര്യത്തിലാണ്, വിവാദങ്ങൾ ഒഴിവാക്കി അദ്ദേഹത്തിന്റെ പ്രസംഗ പാടവവും സംഘടനാ മികവും പാർട്ടിക്ക് ഗുണകരമാകുന്ന രീതിയിൽ സംസ്ഥാന തലത്തിൽ ഉപയോഗിക്കാൻ നേതൃത്വം നീക്കം നടത്തുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ പരാജയപ്പെട്ടതോടെ, വീണ്ടും അവിടെ മത്സരിക്കാൻ ഷാജി താല്പര്യം കാണിച്ചിരുന്നില്ല. ഇതേ തുടർന്ന് അദ്ദേഹം കാസർകോട് മണ്ഡലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിലും അവിടുത്തെ പാർട്ടി നേതൃത്വവും അണികളും സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യമായും രഹസ്യമായും രംഗത്തുവന്നത് സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദനയായിരുന്നു.
ഇടതുപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും നിർണ്ണായകമായ കാസർകോട് മണ്ഡലത്തിൽ കെ.എം ഷാജി മത്സരിച്ചാൽ അത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി തന്നെ പ്രസ്താവിച്ചിരുന്നു. ഷാജി നടത്തുന്ന കടുത്ത രാഷ്ട്രീയ കടന്നാക്രമണങ്ങൾ മണ്ഡലത്തിൽ യുഡിഎഫിന്റെ പരാജയത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ, പ്രസ്ഥാനത്തെ ഇകഴ്ത്തുന്നവരെ കാസർകോട് മത്സരിപ്പിക്കുന്നത് ഗുണകരമല്ലെന്ന എസ്കെഎസ്എസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിരയുടെ പരോക്ഷ പ്രസ്താവനയും ഷാജിക്ക് വലിയ തിരിച്ചടിയായി.
ബിജെപി രണ്ടാം സ്ഥാനത്തുള്ള കാസർകോട് മണ്ഡലത്തിൽ ഷാജിയെപ്പോലൊരു നേതാവ് മത്സരിക്കുന്നത് ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്ന ആശങ്ക ലീഗ് അണികൾക്കിടയിൽ ശക്തമാണ്. സമസ്തയിലെ ഇരു വിഭാഗങ്ങൾക്കും ഷാജിയോടുള്ള വിയോജിപ്പും ഇതിന് ആക്കം കൂട്ടുന്നു. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരേക്കാൾ പ്രാദേശികരായ നേതാക്കൾക്ക് മുൻഗണന നൽകണമെന്ന ആവശ്യമാണ് അവിടെ ശക്തമായി ഉയർന്നത്.
കാസർകോട് വഴി അടഞ്ഞതോടെ കൊടുവള്ളി കേന്ദ്രീകരിച്ച് ഷാജി നീക്കങ്ങൾ നടത്തിയെങ്കിലും അവിടെയും സമാനമായ സാഹചര്യമാണ് നേരിട്ടത്. കൊടുവള്ളിയിൽ പ്രാദേശിക സ്ഥാനാർത്ഥി മതിയെന്ന് ആവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്തയച്ചത് ഷാജിയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു. ലീഗിന് വലിയ സ്വാധീനമുള്ള കൊടുവള്ളിയിൽ പുറത്തുനിന്നുള്ള നേതാക്കളെ ഇനിയും കെട്ടിയിറക്കരുതെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ കർശന നിലപാട്.
വാഗ്മി എന്ന നിലയിൽ ഷാജിക്ക് വലിയ സ്വീകാര്യതയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ സമസ്തയുടെ പിന്തുണ ഉറപ്പാക്കാൻ കഴിയാത്തതും ഹൈന്ദവ വോട്ടുകൾ എതിരാകാനുള്ള സാധ്യതയും വലിയ വിലങ്ങുതടിയാവുന്നു. ഈ സാഹചര്യത്തിലാണ് ഷാജിയെ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്തി, സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും പാർട്ടിക്കായി പ്രചരണം നയിക്കുന്ന സംഘടനാ ചുമതലയിലേക്ക് കൊണ്ടുവരാൻ നേതൃത്വം ആലോചിക്കുന്നത്. വിവാദ മണ്ഡലങ്ങളിൽ ഷാജിയെ മത്സരിപ്പിച്ച് റിസ്ക് എടുക്കുന്നതിനേക്കാൾ, അദ്ദേഹത്തെ ഒരു ‘സ്റ്റാർ ക്യാംപെയ്നർ’ ആയി നിലനിർത്തുന്നതാണ് പാർട്ടിക്കും മുന്നണിക്കും ഗുണകരമെന്നാണ് ഇപ്പോഴത്തെ നിഗമനം.