പട്ടാമ്പി കൂട്ടുപാതയിലെ കട്ടിൽ മാടം സംരക്ഷണ മില്ലാതെ നശിക്കുന്നത് നൂറ്റാണ്ടുകളുടെ പൈതൃക സമ്പത്ത്

Pulamanthole vaarttha
കൂട്ടുപാത കട്ടിൽമാടം : സുരക്ഷയൊരുക്കുമെന്ന് പുരാവസ്തുവകുപ്പ് അധികൃതർ
കൂട്ടുപാത / പട്ടാമ്പി : ഇത് “കട്ടിൽ മാടം” എന്ന പേരിൽ അറിയപ്പെടുന്ന ചരിത്ര സ്മാരകം പുരാതന ജൈന ക്ഷേത്രമാണെന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തിയ കട്ടിൽമാടം പട്ടാമ്പി ഗുരുവായൂർ റോഡിൽ കൂട്ടുപാതക്കടുത്ത് ചാല്പ്പുറം ജുമാമസ്ജിദിന് സമീപം പാതവക്കില്‍ നാശോന്മുഖമായി നിലകൊള്ളുന്നത് .ഒമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളിലോ പത്താം നൂറ്റാണ്ടിന്റെ പ്രാരംഭ ഘട്ടത്തിലോ ആണ് ഇത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. അധികൃതരുടെ അനാസ്ഥ കാരണം സംരക്ഷണം ലഭിക്കേണ്ടുന്ന ഈ സ്മാരകത്തിനുള്ളിൽ പല വേസ്റ്റുകളും യാത്രക്കാർ ഇപ്പോള്‍ നിക്ഷേപിക്കുന്നുണ്ട് ചതുരാകൃതിയിയിൽ നിർമിച്ച ഇതിൻറെ മുകളില്‍ മകുടവും വശങ്ങളില് വ്യത്യസ്ത ശില്പ്പങ്ങളുംകൊത്തി വെച്ചിട്ടുണ്ട് . ഇതിന്റെ മുന്നിലെ കുറ്റന്‍ കരിങ്കല്പാളിളിൽ ചിലതു വർഷങ്ങൾക്ക് മുൻപ് അടര്‍ന്ന് വീണിട്ടുണ്ടെങ്കിലും മറ്റ് ഭാഗങ്ങള്‍ക്കൊന്നും കാര്യമായ കേട്പാടുകൾ സംഭവിച്ചിട്ടില്ല, ജൈനമതാചാര്യന്മാരുടെ രൂപമാണ് കരിങ്കല്‍ സ്തൂപത്തിലുള്ളതെന്ന് അനുമാനിക്കപ്പെടുന്നു .ജൈന, ബുദ്ധ ആസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് കട്ടില് എന്ന പദം ഉപയോഗിക്കുന്നത്.
ഗോപുരസ്തംഭം, വാതായനസ്താനം എന്നി അര്‍ഥങ്ങള്‍ ഇതിനുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. തൃത്താലയുടെ എതിര്‍ക്കരയിലുള്ള പള്ളിപ്പുറം കുളമുക്ക് ഗ്രാമം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു പട്ടണമായിരുന്നെന്നും അറബിക്കടലില്‍ നിന്ന് ഭാരതപ്പുഴയിലൂടെ ഇങ്ങോട്ട് ഗതാഗതം ഉണ്ടായിരുന്നുതെന്നും 1233 ലെ ഒരു കന്നടലിഖിതത്തില് പരാമര്ശമുണ്ടെത്രെ . അന്ന് വാണിജ്യത്തിനായി വന്ന ജൈനമതക്കാര്‍ നിര്‍മിച്ചതാവാം കട്ടില്മാടമെന്നാണ് പുരാവസ്തു വകുപ്പിൻറെ അനുമാനം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ വസ്തുശില്‍പ്പം പരിപാലിക്കാതെ നശിക്കുന്നതിലൂടെ പഴമയുടെ സംസ്കൃതി തന്നെ ഇല്ലാതാവാന്‍ ഇടയുണ്ട്.
പട്ടാമ്പിയിലെ പ്രശസ്തമായ തളിക്ഷേത്രത്തിന്റെ നിർമ്മാണകലയുമായി വളരെയധികം സാമ്യം കട്ടിൽമാടത്തിനുണ്ട്.ആ ക്ഷേത്രത്തിന്റെ ഗോപുര ആവശ്യത്തിന് വേണ്ടി നിർമ്മിച്ചതായിരിക്കണം ഇതെന്നും അഭിപ്രായമുണ്ട്.ആ വസ്തുതകൾ ശരിയാണെങ്കിൽ കട്ടിൽമാടം പോലുള്ള പല നിർമിതികളും ജൈനബുദ്ധഹൈന്ദവ സംസ്കാരങ്ങളുടെ സമന്വയമാണെന്ന് ഉറപ്പിക്കാം.ഇന്ന് വേറിട്ട് നിൽക്കുന്ന പലതും മുൻകാലങ്ങളിൽ ഒന്നായിരുന്നെന്ന് ചരിത്രകാരന്മാർ പറയുന്നത് പോലെ.
കട്ടിൽമാടത്തിന്റെ പരിസരപ്രദേശങ്ങളിൽ ഇന്നും വയസ്സായവർ പലരാലും പറഞ്ഞുകേൾക്കാവുന്ന അതിശയോക്തി നിറഞ്ഞ ഒരു കഥയുമുണ്ട്.ഒരൊറ്റ രാത്രി കൊണ്ട് ചെകുത്താന്മാരാണ് ഇത് നിർമ്മിച്ചത് എന്ന്.എന്നാൽ പണിക്കിടയിൽ പാതിരാത്രി കോഴി കൂവിയപ്പോൾ നേരം വെളുത്തെന്ന് കരുതി പണി പൂർത്തിയാക്കാതെ ചെകുത്താന്മാർ പോയി എന്നും. ഇവിടെ നിന്നും നോക്കിയാൽ കാണുന്ന കൊടക്കാട് മലകളിൽ നിന്നുള്ള കല്ലുകൾ ഒറ്റരാത്രികൊണ്ട് ഇങ്ങോട്ട് ചെകുത്താന്മാർ എത്തിച്ചാണ് ഇവ നിർമിച്ചെതുമെന്നുമാണ് ആ കെട്ടുകഥ
എന്തൊക്കെയായിരുന്നാലും ഇത്രയും വർഷങ്ങൾക്കു മുൻപ് ടെക്നോളജിയുടെ നിലവിലെ സാധ്യതകൾ ഒന്നുമില്ലാതിരുന്ന ഒരു കാലത്തും ഈ രീതിയിലുള്ള നിർമ്മാണശൈലികൾക്ക് പ്രാപ്തരായിരുന്ന മനുഷ്യൻമാർ ജീവിച്ചിരുന്നു എന്നോർക്കുമ്പോൾ ഏതൊരാൾക്കും അതിശയം തോന്നുക സ്വാഭാവികം. ശിലാരൂപത്തിലായ ഈ ക്ഷേത്ര മാതൃകയുടെ കാലപ്പഴക്കം ഇതുവരെ നിജപ്പെടുത്തിയിട്ടില്ല .പെരുമ്പിലാവ് -നിലമ്പൂർ സംസ്ഥാന പാതയ്ക്ക്ക്കരികെ സ്ഥിതിചെയ്യുന്ന ഈ സ്മാരകം വർഷങ്ങൾക്ക് മുൻപ് കോട്ടം തട്ടാത്ത രീതിയിൽ മാറ്റി സ്ഥാപിക്കാൻ പദ്ധതി ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു . പട്ടാമ്പി – ഗുരുവായൂര്‍ റോഡില്‍, പട്ടാമ്പിയില്‍ നിന്നും 5 കി.മി. അകലെ ആയി കൂട്ടുപാതയില്‍ സ്ഥിതി ചെയ്യുന്ന ഈ ജൈന ക്ഷേത്രത്തിന്റെ നിർമ്മാണ രീതി പുരാതന ദ്രാവിഡ നിർമ്മാണ കലയോട് സാമ്യം പുലർത്തുന്നുണ്ടെത്രെ .പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ച ഈ കെട്ടിടം പാണ്ഡ്യ , ചോള രാജ വംശങ്ങളുടെ നിർമ്മാണ കലയുടെ ഉത്തമോദാഹരണമായി കണക്കാക്കപ്പെടുന്നു.കേരള സർക്കാർ 1976 ജനുവരി 6 ന് ഇത് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രധാന പാതക്കരികിൽ നിലകൊളളുന്ന ഈ സ്മാരകം സംരക്ഷിക്കാൻ ഒരു നടപടിയും ഇത് വരെ എടുത്ത് കാണുന്നില്ല.ആയതു കൊണ്ട് തന്നെ കാലങ്ങളായി കരിങ്കൽ പാളികൾ അടർന്നു വീഴാനായി നിൽക്കുന്ന ഈ പൈതൃക സ്മാരകം നാശോന്മുഖ മായിക്കൊണ്ടിരിക്കുകയാണ് . ഈ ചരിത്ര സ്മാരകത്തെ സംരക്ഷിക്കാതിരിക്കുന്നത് ചരിത്ര പഠന വിദ്യാർത്ഥികൾക്കും -പുതുതലമുറക്കും വലിയ നഷ്ടമായി ഭവിക്കും .
കൂട്ടുപാത കട്ടിൽമാടം : സുരക്ഷയൊരുക്കുമെന്ന് പുരാവസ്തുവകുപ്പ് അധികൃതർ
കൂറ്റനാട് : കൂറ്റനാട്-പട്ടാമ്പി പാതയിൽ സംരക്ഷണമില്ലാതെ കിടക്കുന്ന കട്ടിൽ മാടം ശിലാകൂട ചരിത്രസ്മാരകം പുരവസ്തുവകുപ്പിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി. കട്ടിൽമാടത്തിന്റെ മുകൾഭാഗങ്ങളും ഉൾഭാഗവും കഴുകിവൃത്തിയാക്കി. കഴിഞ്ഞ ഓഗസ്റ്റ് 26-ന് പാതയരികിലുള്ള സ്തൂപത്തിൽ അജ്ഞാതവാഹനമിടിച്ച് കരിങ്കൽക്കഷ്ണങ്ങൾ സ്തൂപത്തിൽനിന്ന് അടർന്നുവീണിരുന്നു. ഇതോടെ, സംരക്ഷണച്ചുമതലയുള്ള പുരാവസ്തുവകുപ്പ് ചുമതല നിർവഹിക്കുന്നില്ലെന്നുള്ള ആക്ഷേപവും രൂക്ഷമായി. സംഭവം നടന്ന് രണ്ടുമാസത്തിനുശേഷമാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നത്. ഇത്തരത്തിലുള്ള ചരിത്രാവശിഷ്ടങ്ങളുടെ സംരക്ഷണച്ചുമതല തിരുവനന്തപുരത്തുള്ള പുരാവസ്തുവകുപ്പ് ഡയറക്ടറേറ്റിന്റെ അധികാരപരിധിയിലാണ്. തൃശ്ശൂരിലെ പുരാവസ്തു മ്യൂസിയത്തിനാണ് കട്ടിൽമാട സംരക്ഷണത്തിന്റെ താത്കാലിക ചുമതലയുള്ളത്. ഉദ്ദ്യോഗസ്ഥർ സ്ഥലംസന്ദർശിക്കയും കാടുംപടലവും പിടിച്ചുകിടക്കുന്ന പരിസരം വൃത്തിയാക്കാനുള നടപടി സ്വീകരിക്കയും ചെയ്തു. വാഹനങ്ങൾ ഇടിക്കാതിരിക്കാനുള്ള സുരക്ഷയൊരുക്കുമെന്നും പുരാവസ്തുവകുപ്പ് ഓഫീസർ ആതിര ആർ.പിള്ള അറിയിച്ചു. അടർന്നുചാടിയ കരിങ്കൽക്കഷ്ണങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തുമെന്നും ചുറ്റുഭാഗത്തും ചെറിയകമ്പികൾ ഉപയോഗിച്ച് ചുറ്റുവേലി കെട്ടുമെന്നും മ്യൂസിയം ക്യൂറേറ്റർ കൂടിയായ ആതിര പറഞ്ഞു.