മലപ്പുറത്തിന്റെ കനിവുമ്മക്കായി ഇപ്പോഴും നിലക്കാത്ത പ്രാർത്ഥനകൾ

Pulamanthole vaarttha
ഒരു കുഞ്ഞു വളരുന്നതും നോക്കി നിൽക്കുന്നതുപോലെ സൈനബ ഹജ്ജുമ്മ ഓരോ ദിവസവും ഡയാലിസിസ് സെന്ററിന് മുന്നിലെത്തി. ആ കനിവിന്റെ കേന്ദ്രത്തിനു മുന്നിൽ മലപ്പുറത്തിന്റെ കനിവുമ്മ പ്രാർത്ഥനയോടെ നിന്നു.
മലപ്പുറം: സൈനബ ഹജ്ജുമ്മക്ക് വേണ്ടി ആയിരങ്ങളാണ് ഇതെഴതുന്ന സമയത്തും പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നത്. മലപ്പുറത്ത് കനിവിന്റെ വറ്റാത്ത ഉറവയിലെ ഏറ്റവും തെളിച്ചമുള്ള ചരിത്രമൊന്ന് തീര്ത്താണ് സൈനബ ഹജ്ജുമ്മ ഇന്നലെ അന്തരിച്ചത്. മലപ്പുറം നഗരത്തിനോട് ചേർന്ന്, കോടികൾ വിലയുള്ള ഒരേക്കറും മുപ്പത് സെന്റ് ഭൂമിയും മലപ്പുറം ഡയാലിസിസ് സെന്ററിന് കൈമാറിയാണ് സൈനബ ഹജ്ജുമ്മ ലോകത്തോട് വിട പറഞ്ഞത്. ഭർത്താവ് പുൽപ്പത്തൊടി കുഞ്ഞഹമ്മദ് ഹാജിയുടെ മരണ ശേഷം തനിക്ക് ഓഹരിയായി ലഭിച്ച മലപ്പുറം നഗരത്തിനോട് ചേർന്ന് കിഴക്കേത്തലയിലുള്ള 1.30 ഏക്കർ സ്ഥലമാണ് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മലപ്പുറം ഡയാലിസിസ് സെന്ററിന് കൈമാറിയത്.
കൂടപ്പിറപ്പിനെ കരൾ രോഗം കാർന്നുതിന്ന കാലത്ത് ചികിത്സക്കായി ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്ക് ഓടിനടന്നതിന്റെ ഓർമകളുടെ കൂട്ടുണ്ടായിരുന്നു സൈനബ ഹജ്ജുമ്മക്ക്. മതിയായ ചികിത്സ കിട്ടാതെ തനിക്ക് താങ്ങും തണലുമായിരുന്ന സഹോദരൻ മരണത്തോട് മല്ലിടുമ്പോൾ സൈനബ ഹജ്ജുമ്മ ഒന്നുറച്ചു. ഇനിയാരും അങ്ങിനെ ചികിത്സകിട്ടാതെ പ്രയാസപ്പെടരുത്. പിന്നീട് കിടപ്പിലും ഇരിപ്പിലുമെല്ലാം അതിനുള്ള ആലോചനകളായി. സ്ഥലം വിറ്റിട്ടാണേലും കിഡ്നി രോഗികൾക്കായി എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ചു. തീരുമാനം ബന്ധുക്കളെ അറിയിച്ചു. പുണ്യമുള്ള കാര്യമായത് കൊണ്ടു തന്നെ ആരും എതിർപ്പൊന്നും പറഞ്ഞില്ല. വിവരമറിഞ്ഞ് പല സംഘടനകളും ഹജ്ജുമ്മയെ സമീപിച്ചു. എല്ലാവരേയും സ്നേഹപൂർവ്വം മടക്കി അയച്ചു. അവസാനം സൈനബ ഹജ്ജുമ്മ പാണക്കാട്ടെത്തി. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോട് കാര്യം പറഞ്ഞു. സ്ഥലം വിൽക്കേണ്ടെന്നും അവിടെ ഒരു ഡയാലിസിസ് സെൻ്റർ പണിയാമെന്നും തങ്ങൾ ഉറപ്പു നൽകി. അതിൻ്റെ ചുമതല സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങളെ ഏൽപിക്കുകയും ചെയ്തു. തന്റെ സമ്പാദ്യത്തിലെ പകുതിയും കിഡ്നി രോഗം കൊണ്ട് കഷ്ടപ്പെട്ട എന്റെ സഹോദരനു വേണ്ടിയാണ് സൈനബ ഹജ്ജുമ്മ ചെലവഴിച്ചത്. എന്നിട്ടും മതിയായ ചികിത്സ നൽകി സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചു നടത്താൻ സാധിച്ചില്ല. പണമില്ലാത്തത് കൊണ്ടും സൗകര്യമില്ലാത്തത് കൊണ്ടും ഒരു രോഗിയും ഇനി ചികിത്സയില്ലാതെ വലയരുത്. അതിനു സാധ്യമാവും വിധമുള്ള സൗകര്യങ്ങൾ ചെയ്യണം. നിറഞ്ഞ കണ്ണും വിതുമ്പുന്ന വാക്കുകളുമായി സൈനബ പാണക്കാട്ടെ പടിയിറങ്ങുമ്പോൾ തങ്ങൾ കുടുംബം ഒന്നുറപ്പിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ അവിടെ ഒരു ഡയാലിസിസ് സെൻ്റർ പണിയണം. പദ്ധതി മലപ്പുറം സി.എച്ച് സെന്റർ ഏറ്റെടുത്തു. പിന്നീട് സംഭവിച്ചതെല്ലാം അത്ഭുതം. അതിനിടയിൽ തന്റെ സഹോദരൻ വീമ്പൂർ മുതുവച്ചോല അബ്ദുൽ സത്താർ കിഡ്നി രോഗം മൂർജ്ജിച്ച് മരണമടഞ്ഞു. മരണം തീർത്ത സങ്കടങ്ങൾക്കിടയിലും ആയിരങ്ങൾക്ക് ആശ്വാസമാകാവുന്ന പദ്ധതിയുടെ ചിന്തകൾക്ക് തിരികൊളുത്തിയ സഹോദരനും അതിന്റെ പുണ്യം ലഭിക്കുമല്ലോ എന്നാലോചിച്ചു സന്തോഷിച്ചു. 2022ൻ്റെ പുതുവർഷ പുലരിയിൽ സൈനബ ഹജ്ജുമ്മക്ക് പാണക്കാട് കുടംബം നൽകിയ വാക്കു പാലിച്ചു.
നോക്കികണ്ടു; കുഞ്ഞു വളരുന്ന വത്സ്യല്യത്തോടെ
സ്ഥലം കൈമാറി ദിവസങ്ങൾക്കുള്ളിൽ തന്നെ ഡയാലിസിസ് സെന്റർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സി.എച്ച് സെന്റർ തുടങ്ങി. മക്കളില്ലാത്ത സൈനബ ഹജ്ജുമ്മ ഒരു കുട്ടി വളരുന്ന വാത്സല്യത്തോടെ അതിന്റെ ഓരോ ചലനങ്ങളും നോക്കി കണ്ടു. 2017 മെയ് 27 റമസാൻ 27ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കുറ്റിയടിച്ചതോടെ പദ്ധതിക്കു തുടക്കമായി. ആ ചടങ്ങിലും സൈനബ ഹജ്ജുമ്മ ഒന്നേ പറഞ്ഞുള്ളു. കണ്ണടയും മുമ്പ് ഈ പദ്ധതിയൊന്നു പൂർത്തീകരിച്ചു കാണണം. സി.എച്ച് സെൻ്റർ പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെയും ജനറൽ സെക്രട്ടറി പി. ഉബൈദുല്ല എം.എൽ.എയുടെയും വർക്കിങ് സെക്രട്ടറി യുസുഫ് കൊന്നോലയുടെയും നേതൃത്വത്തിൽ നടപടികൾ വേഗത്തിൽ ചലിച്ചു കൊണ്ടിരുന്നു. 17000 ചതുരശ്ര അടി ആധുനിക സൗകര്യങ്ങളോടെ പ്ലാൻ തയ്യാറാക്കി 2018 നവംബർ 5ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. പിന്നീടെല്ലാം വേഗത്തിലായിരുന്നു. എന്നാൽ കോവിഡ് പിടിമുറുക്കിയതോടെ നിർമ്മാണ പ്രവർത്തികൾക്ക് തടസ്സം വന്നു. കോവിഡ് ബാധിച്ച് തനിക്ക് ചൂറ്റും പലരും മരിച്ചു. സൈനബ ഹജ്ജുമ്മ അപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരുന്നു. പടച്ചോനെ മരിക്കുന്നതിന് മുമ്പ് ഈ മഹത്തായ സ്ഥാപനം ഒരുന്നു കാണിക്കണേയെന്ന്. ആ ആഗ്രഹം പലരോടായി പങ്കുവെക്കുകയുംചെയ്തു. പടച്ചവന്റെ അപാരമായ അനുഗ്രഹത്താൽ നാട്ടിലും വിദേശത്തുമുള്ള ഉദാരമതികളുടെ വ്യക്തികളുടെ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പ്രവർത്തി അതിവേഗത്തിൽ കുതിച്ചു. അവസാനം മലപ്പുറം സി.എച്ച് സെന്റർ മലപ്പുറത്തിന്റെ ഹൃദയഭാഗത്ത് മഹാനായ ശിഹാബ് തങ്ങളുടെ പേരിൽ ഒരു ഡയാലിസിസ് സെന്റ്റർ തുറന്നു. 22 മെഷിനുകളിലായി രണ്ടു ഷിഫ്റ്റിൽ ഒരു ദിവസം 44 രോഗികൾക്ക് ഡയാലിസ് ചെയ്യാവുന്ന സൗകര്യമാണ് ഈ സെന്ററിൽ ഒരുങ്ങിയിരിക്കുന്നത്.
വെള്ളം നൽകിയതും ഹജ്ജുമ്മ തന്നെ
സി.എച്ച് സെന്ററിന് സ്ഥലം മാത്രമല്ല വെള്ളവും നൽകുന്നത് സൈനബ ഹജ്ജുമ്മ തന്നെ. ഡയാലിസിസ് സെന്ററുകളുടെ പ്രവർത്തനത്തിന് ദിവസവും ആയിരകണക്കിന് ലിറ്റർ കണക്കിന് വെള്ളമാണ് ആവശ്യമായി വരുന്നത്. ആവശ്യമറിയിച്ചപ്പോൾ താമസിക്കുന്ന വീടിന്റെ മുറ്റത്തുള്ള കിണറിൽ നിന്നും വെള്ളം വിട്ടു നൽകി. അതും തികയാതെ വന്നാൽ തന്റെ ഉടമസ്തതയിലുള്ള മറ്റൊരു ഭൂമിയിൽ കിണർ കുഴിക്കാൻ സ്ഥലവും അവർ നൽകി.
സംഘടകരൊരുക്കിയ സസ്പെൻസ് അഞ്ചു കോടിയിലധികം വില വരുന്ന ഭൂമി സി.എച്ച് സെന്ററിനായി ദാനം നൽകിയ സൈനബ ഹജ്ജുമ്മക്ക് ഡയാലിസിസ് സെന്റർ നിർമ്മാണക്കമ്മിറ്റി ഒരു സ്നേഹ സമ്മാനം കാത്തുവെച്ചിരുന്നു. അവർക്ക് വന്നിരിക്കാനും വിശ്രമിക്കാനും താഴെ നിലയിൽ പ്രത്യേക മുറി. ഉദ്ഘാടന ദിവസം സൈനബ ഹജ്ജുമ്മയെ ഭാരവാഹികൾ അതു കാണിച്ചപ്പോൾ പൊട്ടി കരഞ്ഞു പോയി സൈനബ ഹജ്ജുമ്മ. മക്കളില്ലാത്ത സൈനബ ഹജ്ജുമ്മക്ക് എപ്പോഴും ഇവിടെ വരാം. വിശ്രമിക്കാം പൊന്നു പോലെ നോക്കാൻ സി.എച്ച് സെന്ററുണ്ടാവും.
” ഇതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. ഞാൻ ഇത്രയൊക്കെ വലിയ ആളാണോ’ എന്ന് ആ ഉമ്മ വിനയാന്വിതയായി ചോദിച്ചപ്പോൾ കേട്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞു. പതിവു തെറ്റിച്ച താക്കോൽ കൈമാറ്റം 2022 ജനുവരി ഒന്നിനാണ് മലപ്പുറത്ത് സൈനബ ഹജ്ജുമ്മയുടെ സ്വപ്നം ചിരകാല സ്വനം യാഥാർത്ഥ്യമായത്. ഒരു മാസം നൂറുകണക്കിന് പേർക്ക് ഡയാലിസിസ് ചെയ്തു മടങ്ങാവുന്ന സെന്റർ ജില്ലയിലെത്തെന്നെ ഏറ്റവും മികച്ച സെന്ററുകളിലൊന്നാണ്. സെന്ററിന്റെ സമർപ്പണ ചടങ്ങ് മറ്റൊരു അപൂർവ നിമിഷത്തിനുകൂടി സാക്ഷ്യം വഹിച്ചു. പ്രതീകാത്മക താക്കോൽ സി.എച്ച് സെന്റർ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളെ സൈനബ ഹജ്ജുമ്മ ഏൽപ്പിച്ചത് വേറിട്ട കാഴ്ചയായി. പൊതുവേ പാണക്കാട് തങ്ങൾ കുടുംബം അങ്ങോട്ട് താക്കോൽ കൈമാറാറാണ് പതിവ്. എന്നാൽ ഇവിടെ തങ്ങൾ കുടുംബം താക്കോൽ ഏറ്റുവാങ്ങുന്ന മനോഹര നിമിഷം. കണ്ടു നിന്നവരുടെയെല്ലാം ഈറനണിയിച്ചു. മുനവ്വറലി തങ്ങളെ ഭൂമിയുടെ രേഖകളും താക്കോലും ഏൽപ്പിക്കുമ്പോൾ സൈനബ ഹജ്ജുമ്മയുടെ പുതിയ കാരുണ്യ ചരിതം രചിക്കുകയായിരുന്നു. ഇതൊരു അത്യപൂർവ കാഴ്ചയായി മാറി. ആ ഉമ്മക്ക് വേണ്ടി വേദിയും സദസുമെല്ലാം പ്രാർത്ഥിച്ച നിമിഷം. സൈനബ ഹജ്ജുമ്മക്ക് വേണ്ടിയുള്ള ആ പ്രാർത്ഥനയാണ് ഇപ്പോഴും മനുഷ്യർ ഉരുവിട്ടുകൊണ്ടിരിക്കുന്നത്.