വാഗമണ്ണിലെ ആനപ്പാറയിലേക്ക് ഹാരിയർ EV കയറ്റി വൈറലായ പെരിന്തൽമണ്ണകാരൻ ഡോക്ടർ മുഹമ്മദ് ഫഹദ്

Pulamanthole vaarttha
പെരിന്തൽമണ്ണ : കഴിഞ്ഞദിവസമായിരുന്നു ഹാരിയർ ഇ വി ടാറ്റ അവതരിപ്പിച്ചത്. എന്നാൽ അതിനുമുൻപേ ഈ വാഹനത്തിന്റെ ‘അവതാരപ്പിറവി’ സംഭവിച്ചു എന്നു പറയുന്നതാകും ശരി. സോഷ്യൽ മീഡിയ യെ ഞെട്ടിച്ച ആ വീഡിയോ കണ്ടത് മില്യണ് കണക്കിന് കാഴ്ചക്കാരാണ്. വാഗമണ്ണിലെ ആനപ്പാറയിലേക്ക് ഹാരിയർ ഇവി പാഞ്ഞുകയറിയ ദൃശ്യങ്ങൾ ഉൾ കിടിലത്തോടെ യാണ് ഓരോരുത്തരും കണ്ടത് ഇത് ഒറിജിനൽ അല്ല എന്ന് പോലും അഭിപ്രായമുയർന്നു. ഹാരിയർ ഇവിയുടെ ഓഫ് റേഡ് ശേഷി തെളിയിക്കുന്ന ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിമാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.പുറത്തിറങ്ങാനിരിക്കുന്ന ഒരു വാഹനത്തിന് ഒറ്റദിവസം കൊണ്ട് ഇത്രയും ഹൈപ്പ് വേറെ കിട്ടിയിട്ടുണ്ടോ എന്നത് സംശയമാണ്. ഇന്ത്യയിലെ ഏറ്റവും സാഹസികതനിറഞ്ഞ റെയിൻ ഫോറസ്റ്റ് ചലഞ്ചിലെ 2024 എഡിഷൻ ജേതാവും പെരിന്തൽമണ്ണ സ്വദേശിയുമായ ഡോ.മുഹമ്മദ് ഫഹദ് ആണ് ഈ സാഹസിക ദൗത്യത്തിൽ ഹാരിയർ ഇവിയുടെ വളയം പിടിച്ചത്.ടാറ്റയുടെ ഒരു പരസ്യചിത്രമായിരുന്നുവെങ്കിലും, ഇതെല്ലാം യാഥാർഥമാണോ എന്ന സംശയം വീഡിയോ കണ്ട പലരിലും ഉണ്ടായിരുന്നു. എന്നാൽ ഗ്രാഫിക്സിന്റെ യാതൊരു എലമെന്റുകളും ഇല്ലാതെ അതിസാഹസികമായാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് ഡോ.മുഹമ്മദ് ഫഹദ് ‘പറയുന്നത്.എന്തിനാണ് ഇത്ര റിസ്ക് എടുക്കുന്നത് എന്ന് ബന്ധുക്കൾ വരെ ചോദിച്ചിരുന്നുവെന്നും എന്നാൽ ഇവിയുടെ ഇൻസ്റ്റന്റായ ടോർക്കാണ് ദൗത്യം ഏറ്റെടുക്കാൻ ആത്മവിശ്വാസം തന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ‘വാഹത്തിലുണ്ടായിരുന്ന അഡ്വാൻസ്ഡ് ഡൈവർ അസിസ്റ്റ് സിസ്റ്റം (അഡാസ്) സംവിധാനം പൂർണമായി ഒഴിവാക്കിത്തരാൻ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കാരണം കല്ലുകൾ പോലെ എന്തെങ്കിലും തടസ്സങ്ങൾ മുന്നിലുണ്ടായാൽ വാഹനം തനിയെ ബ്രേക്ക് പിടിക്കുന്ന സാഹചര്യം ഉണ്ടാകും.അത് ഒഴിവാക്കാനാണ് അഡാസ് ഒഴിവാക്കിയത്. ആദ്യത്തെ രണ്ട് ക്ലൈമ്പ് അത് അപകടകരമെന്ന് പറയാനാകില്ല. എന്നാൽ മൂന്നാമത്തെ ക്ലൈമ്പിൽനിന്ന് താഴെ പോയാൽ ആള് മരിക്കും. നേരെ കൊക്കയിലേക്കാവും പോവുക. മൂന്നാമത്തെ ക്ലൈമ്പിന് സാധാരണ 34 ഡിഗ്രി ചരിവാണ് ഉണ്ടായിരുന്നത്. എന്നാൽ കയറിപ്പോയപ്പോൾ ചില സ്ഥലങ്ങളിൽ ഇത് 38 ഡിഗ്രി വരെയായിഎന്നാൽ ട്രാക്ഷൻ കൺട്രോൾ മികച്ച രീതിയിൽ പ്രവർത്തിച്ചു. അല്ലെങ്കിൽ ഇപ്പോൾ ഞാൻ ഉണ്ടാകുമായിരുന്നില്ല. നേരെ കൊക്കയിൽ എത്തിയേനെ. ഐസ് എൻജിൻ വാഹനമായിരുന്നെങ്കിൽ എൻജിൻ ഭാരംകൊണ്ട് ചിലപ്പോൾ വണ്ടി മറിഞ്ഞേനെ. വിജയകരമായി മുകളിലെത്തിയശേഷം, റിവേഴ്സ് എടുത്തിട്ടായിരുന്നു വാഹനം ആദ്യം തിരിച്ചിറക്കിയത്. എന്നാൽ അത് അബദ്ധമായി. മൂന്ന് മീറ്ററോളം കൺട്രോൾ നഷ്ടമായി താഴേക്ക് വാഹനം നീങ്ങി. എന്നാൽ പിന്നീട് വണ്ടി ഗ്രിപ്പ് ചെയ്ത് നിന്നു. പിന്നീട് ഹിൽ ഡിസന്റ് കൺഡോളിൽ മുൻഭാഗംതന്നെ താഴേക്ക് ഇറക്കി. ബ്രേക്ക് പോലും ഉപയോഗിക്കേണ്ടിവന്നില്ല’, ഫഹദ് കൂട്ടിച്ചേർത്തു.
ഹാരിയർ ഇവി ഒരു സോളിഡ് വാഹനമാണ് എങ്ങനെ ഓടിച്ചാലും വണ്ടി കൈയിൽ നിൽക്കുമെന്നും അദ്ദേഹം പറയുന്നു. മെച്ചപ്പെടുത്താമെന്ന് തോന്നിയത് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസാണെന്നും ഫഹദ് അഭിപ്രായപ്പെട്ടു.