ചൈനയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടം കൃത്രിമം; വെള്ളമെത്തിക്കുന്നത് പൈപ്പിട്ട്, കണ്ടെത്തിയത് വിനോദസഞ്ചാരി
Pulamanthole vaarttha
പാറ തുരന്ന് നിർമ്മിച്ച പൈപ്പിന്റെ ഒരു ഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്ന വീഡിയോ സഞ്ചാരി പുറത്തുവിട്ടതോടെ ഇത് വൻ വൈറലായി മാറി
യുന്തായി: ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമെന്ന് ചൈന അവകാശപ്പെട്ടിരുന്ന യുൻതായ് വെള്ളച്ചാട്ടം കൃത്രിമമെന്ന് റിപ്പോർട്ട്. യുൻതായി മലമുകളിൽ കയറിയ ഒരു സഞ്ചാരിയാണ് ഇക്കാര്യം കണ്ടെത്തിയത്. പാറ തുരന്ന് നിർമ്മിച്ച പൈപ്പിന്റെ ഒരു ഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്ന വീഡിയോ ഇദ്ദേഹം പുറത്തുവിട്ടതോടെ ഇത് വൻ വൈറലായി മാറി. ഇതോടെ ഈ വെള്ളച്ചാട്ടം നിർക്കുന്ന സീനിക് പാർക്ക് നടത്തിപ്പുകാർ ഇക്കാര്യം സമ്മതിച്ചു. ഫീനിക്സ് ടിവിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോയിലാണ് വെള്ളച്ചാട്ടം കൃത്രിമമാണെന്ന് വ്യക്തമാക്കുന്നത്. താഴെയുള്ള കുഴിയിൽ നിന്നും വെള്ളം വലിയ പൈപ്പ് വഴി കുന്നിൻ മുകളിലെത്തിച്ച് അവിടെ നിന്ന് വീണ്ടും താഴേക്ക് തുറന്ന് വിടുകയാണ് ചെയ്യുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

വേനൽക്കാലമായതിനാൽ സഞ്ചാരികളെ നിരാശപ്പെടുത്തണ്ടല്ലോ എന്ന് കരുതിയാണ് പൈപ്പിട്ട് വെള്ളമെത്തിച്ചതെന്നാണ് പാർക്ക് അധികൃതരുടെ വിശദീകരണം. യുൻതായ് മലനിരകളുടെ ഭംഗി കാത്തുസൂക്ഷിക്കുന്നതിൽ വെള്ളച്ചാട്ടത്തിനുള്ള പങ്കുകൂടി കണക്കിലെടുത്താണ് ചെറിയൊരു കൃത്രിമം കാണിച്ചതെന്നും ഇവർ പറഞ്ഞു. യുനെസ്കോ ഗ്ലോബൽ ജിയോപാർക്കായി ആഗോളതലത്തിൽ തെരഞ്ഞെടുത്ത 213 പാർക്കുകളിൽ ഒന്നാണ് ഈ വെള്ളച്ചാട്ടം ഉൾപ്പെടുന്ന പ്രദേശം.എന്നാൽ കഴിഞ്ഞ വർഷം മാത്രം വിദേശികൾ ഉൾപ്പടെ 70 ലക്ഷം സഞ്ചാരികളാണ് ഇവിടെ സന്ദർശിച്ചത്. ഇവരെയെല്ലാം പാർക്ക് അധികൃതർ വിഡ്ഢികളാക്കുകയായിരുന്നു എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമർശനം. ഏഷ്യയിലെ ഏറ്റവും ഉയരത്തിൽ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടമെന്ന് അവകാശപ്പെട്ടാണ് ചൈനീസ് അധികൃതർ ഇവിടുത്തെ ടൂറിസം പ്രോത്സാഹിപ്പിച്ചിരുന്നത്. അത് വിശ്വസിച്ച് ഇവിടെയെത്തിയ സഞ്ചാരികളാണ് 340 മീറ്റർ ഉയരത്തിൽ നിന്ന് പൈപ്പിൽ വെള്ളമടിക്കുന്നത് കണ്ട് മടങ്ങിയിരുന്നതെന്നും വിമർശകർ പറയുന്നു.

ചൈനയിലെ സാമൂഹിക മാധ്യമങ്ങളിലാണ് ആദ്യം ഈ വീഡിയോ പ്രചരിച്ചത്. പിന്നീട് ചൈനയ്ക്ക് പുറത്തും പ്രചരിച്ചു. തട്ടിപ്പാണെങ്കിലും കുറച്ച് പ്രൊഫഷണലായി ചെയ്യാമെന്നായിരുന്നു ഇതിൽ ഒരാളിട്ട കമന്റ്. അതേസമയം ചിലർ അനുകൂലിച്ചും കമന്റ് ചെയ്തിട്ടുണ്ട്. എന്തായാലും രാജ്യത്തേക്ക് പരമാവധി വിദേശ വിനോദസഞ്ചാരികളെ എത്തിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്ക് വലിയ തിരിച്ചടിയാകുന്നതാണ് ഈ വീഡിയോ എന്നാണ് ടൂറിസം വിദഗ്ധരുടെ അഭിപ്രായം.

തൃശൂർ : ഓടിച്ചു കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....
ജില്ലയിൽ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാം മലപ്പുറം : തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തെ...
പുറമണ്ണൂർ ഗ്രാമത്തിലെ പാഡിയിലെ കൂട്ടുകാർ എന്ന പേരിൽ ഒരുപറ്റം യുവാക്കൾ ചേർന്ന്പ വയലിന് നടുവിലൂടെ പോകുന്ന റോഡിൽ ഒരുക്കിയിട്ടുള്ള...
© Copyright , All Rights Reserved