കാന്താര’യ്ക്കായി ഋഷഭ് ഷെട്ടി കളരിമുറ പഠിച്ചത് ചെമ്മലശ്ശേരിയിലെആത്മ കളരി ആശാൻ വിപിൻ ദാസിൽ നിന്ന്

Pulamanthole vaarttha
ചെമ്മലശ്ശേരി : ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ ‘കാന്താര’ വിജയവഴിയില്‍ നീങ്ങുമ്പോള്‍ അതിന്റെ ഭാഗമായി തലയുയര്‍ത്തിപ്പിടിച്ച് പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി കളരി ആശാന് വിപിന്‍ദാസും. സിനിമയുടെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് കളരിയില്‍ ചുവടുറപ്പിച്ചത് ചെമ്മലശ്ശേരി ആത്മ കളരി ഗുരുകുലമാണ്. മെയ്പയറ്റുകളും ചുവടുകളും കോല്‍ത്താരിയും അങ്കത്താരിയുമെല്ലാം ഋഷഭ് ഷെട്ടിക്കും ടീമിനും പകര്‍ന്ന് കരുത്തു നല്കി ആത്മ കളരിസംഘം.
കളരിപഠനത്തെക്കുറിച്ചുള്ള നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ മൂന്നുവര്‍ഷം മുന്‍പാണ് ഋഷഭ് ഷെട്ടിയുടെ ഫോണ്‍വിളി ആശാനിലേക്കെത്തുന്നത്.
വിപിന്‍ദാസിന്റെ സേവനം ആവശ്യപ്പെട്ട അദ്ദേഹം സ്ഥിരതാമസമുള്ള ബെംഗളൂരുവില്‍നിന്ന് ജന്മനാടായ കുന്താപുരയിലേക്ക് താമസം മാറ്റി. വിപിന്‍ദാസും സംഘവും അവിടെയെത്തി ചിട്ടവട്ടങ്ങളോടെ കളരി സ്ഥാപിച്ച് പരിശീലനം നല്കി.
രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന പരിശീലന കാലയളവ് കഴിഞ്ഞാണ് സിനിമ ഷൂട്ട്ചെയ്തത്.ആശാന്റെ ശിഷ്യത്വം സ്വീകരിച്ച ഋഷഭ് പാരമ്പര്യ കളരിരീതികളും പ്രത്യേക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ചുവടുകളും സ്വായത്തമാക്കി. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ചര്‍ച്ചയിലും തിരക്കഥാപൂര്ത്തീകരണ വേളയിലും കളരിച്ചുവടുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ വിപിന്‍ദാസിന്റെ സാന്നിധ്യമുണ്ടായി.
കാന്താരയുടെ ആദ്യഭാഗത്തില്‍ സ്റ്റണ്ടിനിടയില്‍ തോളിനേറ്റ പരിക്കും കളരി മര്‍മ ചികിത്സയിലൂടെ സുഖപ്പെടുത്തി. സിനിമയുടെ ഓരോ സീനിലും വേണ്ട ചലനങ്ങള്‍ ആശാനോട് അദ്ദേഹം ചോദിച്ചു മനസ്സിലാക്കിയാണ് മുന്പോട്ടുപോയത്.
ആത്മ കളരിയിലെ അംഗങ്ങളായ ഗോകുല്‍, ഗോപിക, വിജിലേഷ്, അനുശ്രീ എന്നിവര്‍ക്ക് സിനിമയില്‍ ശ്രദ്ധേയവേഷങ്ങളും ലഭിച്ചു.
തന്റെ ജന്മഗ്രാമത്തില് കളരി സ്കൂള്‍ സ്ഥാപിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട് ഋഷഭ് ഷെട്ടി. അദ്ദേഹവുമായി ഒരുമിച്ചുള്ള യാത്രയും സഹവാസവുമൊക്കെ കളരി വഴികളിലൂടെ കൈവന്ന വലിയ ജീവിതനേട്ടങ്ങളാണ് വിപിന്‍ദാസിന്.
ചെമ്മലശ്ശേരി കുഴിക്കളരിയുടെ നാട്
നാട്ടില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ഒട്ടേറെയാളുകള്‍ കളരി പരിശീലനത്തിനും ചികിത്സയ്ക്കുമായി ചെമ്മലശ്ശേരിയിലെത്താറുണ്ട്. കേരളത്തില്‍ അപൂര്‍വമായി കാണപ്പെടുന്ന കുഴിക്കളരിയാണ് ഇവിടത്തെ പ്രത്യേകത. കഴിഞ്ഞവര്‍ഷം കളിയില്‍നിന്ന് വിരമിച്ച ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീം ക്യാപ്റ്റന്‍ മിനിമോള്‍ എബ്രഹാം ഏഴുവര്‍ഷം ഇവിടെ കളരി അഭ്യസിച്ചു.
ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ആക്ഷന്‍ കോറിയോഗ്രാഫി ചെയ്തുകൊണ്ടിരിക്കുകയാണ് വിപിന്‍ദാസ് ഇപ്പോള്‍. അവസരങ്ങള്‍ക്കൊപ്പം പ്രശസ്തിയും കടന്നുവരുമ്പോഴും അതില്‍ മയങ്ങാതെ ആത്മനിഷ്ഠയോടെ തന്റെ കളരിനിയോഗങ്ങള് നിറവേറ്റുകയാണ് ഇദ്ദേഹം.
കഴിഞ്ഞ ദിവസം കരിങ്ങനാട് സിൻഡികേറ്റ് മാളിൽ സിനിമയിൽ അഭിനയിച്ച ആത്മ കളരി ഗുരുകുലത്തിലെ അംഗങ്ങളെ ആദരിച്ചിരുന്നു