വിമാനത്തിൽ ഭർത്താവിന്റെ മൃതദേഹം, ഒന്നുമറിയാതെ ഭാര്യയുടെ യാത്ര’; വൈകാരിക കുറിപ്പുമായി അഷ്റഫ് താമരശ്ശേരി
Pulamanthole vaarttha
ദുബൈ : നാട്ടിലേക്കുള്ള മടക്കയാത്രയിൽ താൻ സഞ്ചരിക്കുന്ന വിമാനത്തിൽ സ്വന്തം ഭർത്താവിന്റെ മൃതദേഹമുണ്ടെന്ന് അറിയാതെ യാത്ര ചെയ്ത ഭാര്യയുടെ അനുഭവം പങ്കുവെച്ച് യുഎഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്റഫ്
താമരശ്ശേരി. ഫെയ്സ്ബുക്കിൽ അഷ്റഫ് പങ്കുവെച്ച കുറിപ്പിലൂടെയാണ് വലിയ നോവിന്റെ കഥ പുറം ലോകമറിയുന്നത്.
മരിച്ച വ്യക്തിയുടെ ഭാര്യയെയും മകനെയും ഗൾഫിൽ എത്തിക്കാനും അതിന് മുമ്പ് ചികിത്സയ്ക്കമുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തത് ഒരു അറബിയാണ്. ഭർത്താവിനൊപ്പം ഭാര്യയും മകനും കുറച്ച് ദിവസം താമസിച്ചിരുന്നു. ഇതിനിടെയിലാണ് പ്രവാസിയായ ആ വ്യക്തി മരണപ്പെട്ടത്. എന്നാൽ മരണ വാർത്ത താങ്ങാൻ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ആകില്ലെന്നു കരുതിയാണ് അവരിൽ നിന്ന് അറബി ഇക്കാര്യം മറച്ചുവെച്ചത്. പക്ഷേ മകനെ അറബി ഇക്കാര്യം അറിയിക്കുകയും ചെയ്തു.കുടുംബം നാട്ടിലേക്ക് മടങ്ങുന്ന അതേ വിമാനത്തിൽ തന്നെ ഭർത്താവിന്റെ മൃതദേഹവും നാട്ടിലേക്കെത്തിച്ചു. ആ ഉമ്മയും മകനും സീറ്റിൽ ഇരുന്ന് പോകുമ്പോൾ അവരുടെ സീറ്റിനടിയിലായിരുന്നു ഭർത്താവിന്റെ മൃതദേഹം. നാട്ടിലെത്തിയ ശേഷം അവരെ ഭർത്താവിന്റെ വിയോഗ വാർത്ത അറിയിച്ചു. അഷ്റഫ് ഫെയ്സ്ബുക്കിൽ കുറിച്ചു
‘എന്തൊരു വിധിയാണിത്!’ എന്ന് നൊമ്പരത്തോടെ കുറിച്ച അഷ്റഫ് താമരശ്ശേരി, ഈ സംഭവത്തിലൂടെ നാം തിരിച്ചറിയേണ്ടത് ആ അറബിയുടെ കരുണയെയും സ്നേഹത്തെയുമാണെന്ന് ഓർമിപ്പിക്കുന്നു. മനുഷ്യത്വം വറ്റിയിട്ടില്ലാത്ത, സ്നേഹസമ്പന്നരായ ഒട്ടേറെ അറബികൾ ഇന്നും ഈ മണ്ണിലുണ്ടെന്ന് അദ്ദേഹം പറയുന്നു. കേവലം ജോലി നൽകുന്നവനും തൊഴിലാളിയും എന്നതിലുപരി, മനുഷ്യബന്ധങ്ങളുടെ യഥാർത്ഥ മൂല്യം വെളിപ്പെടുന്ന നിമിഷങ്ങളാണിതെന്നുമാണ് അദ്ദേഹം തന്റെ കുറിപ്പിലൂടെ പങ്കുവെച്ചത്.
ഇക്കഴിഞ്ഞ ദിവസം കയറ്റി അയച്ച മൂന്ന് മൃതദേഹങ്ങളിൽ ഒന്നിന്റെ അവസ്ഥ വളരെ സങ്കടപ്പെടുത്തുന്നതാണ്. ഇദ്ദേഹം ഇവിടെ ഒരു അറബിയുടെകൂടെ ജോലി ചെയ്തു വരികയായിരുന്നു. പെട്ടെന്നാണ് അദ്ദേഹം അസുഖം വന്നു കിടപ്പിലായത്. എന്നാൽ മനുഷ്യത്വമുള്ള മനസ്സിൽ നന്മയും കരുണയുമുള്ള ആ അറബി അദ്ദേഹത്തെ കൈവിട്ടില്ല. ആ അറബി അദ്ദേഹത്തിന് വേണ്ടുന്ന എല്ലാ ചികിത്സകളും ചെയ്തുകൊടുത്തു മാത്രവുമല്ല നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും ഇവിടെ കൊണ്ടുവന്നു. അദ്ദേഹത്തോടൊപ്പം കുറച്ചുദിവസം ഭാര്യയും മകനും ചിലവഴിച്ചു. എന്നിട്ട് ഭാര്യയും മകനും നാട്ടിലേക്ക് തിരിച്ചു പോകാനൊരുങ്ങി. അതിനിടയിലാണ് അദ്ദേഹം പെട്ടെന്ന് മരണപ്പെടുന്നത്. എന്നാൽ ഇക്കാര്യം ആ അറബി അദ്ദേഹത്തിന്റെ ഭാര്യക്ക് ഈ സന്ദർഭത്തിൽ ഇത് താങ്ങാനുള്ള മനശക്തി ഉണ്ടാവില്ലന്ന് കരുതി ഭർത്താവിന്റെ മരണവാർത്ത ഭാര്യയെ അറിയിച്ചില്ല. എന്നാൽ മകനെ അറിയിച്ചിരുന്നു. അവർ നാട്ടിലേക്ക് പോകുന്ന വിമാനത്തിൽ ആ ഉമ്മയും മകനും സീറ്റിൽ ഇരുന്നു പോകുമ്പോൾ അവരുടെ സീറ്റിനടിയിലെ കാർഗോ അറയിൽ സ്വന്തം ഭർത്താവിന്റെ മൃതദേഹവും തങ്ങളോടൊപ്പം നാട്ടിലേക്ക് കൂടെവാരുന്നുണ്ടെന്ന് ആ പാവം ഉമ്മ അറിയുന്നുണ്ടായിരുന്നില്ല. നാട്ടിൽ എത്തിയശേഷമാണ് അവർ അറിയുന്നത്. എന്തൊരു വിധിയാണിതെല്ലാം അല്ലേ? ഇവിടെ നാം മനസ്സിലാക്കേണ്ടത് മനസ്സിൽ കരുണയുള്ള ആ സ്നേഹമുള്ള അറബിയെകുറിച്ചാണ്. മനുഷ്യത്വം വറ്റിയിട്ടില്ലാത്ത നല്ലവരായ മനുഷ്യസ്നേഹികളായ അറബികളാണ് ഇവിടുള്ളത്. ഇവിടെയാണ് മനുഷ്യ ബന്ധത്തിന്റെ മൂല്യം നമ്മൾ തിരിച്ചറിയുന്നത്.അവിടെയെ പടച്ചതമ്പുരാന്റെ തിരുനോട്ടം ഉണ്ടാവുകയുള്ളൂ. നാഥൻ തുണക്കട്ടെ.
അഷ്റഫ് താമരശ്ശേരി