ആമസോൺ കാടുകളിൽ വീണു തകർന്ന ചെറുവിമാനത്തിൽ നിന്നും രക്ഷപെട്ടുവന്ന കുട്ടികൾ രചിച്ചത് ലോക ചരിത്രം അമ്പരന്ന് ലോകം

Pulamanthole vaarttha
ആമസോൺ മക്കള്‍- അതിജീവനത്തിന്റെ നാല്പത് നാളുകള്‍. ഇവിടെ വായിക്കാം
കൊളംബിയ : മെയ് ആദ്യവാരത്തില്‍ സെസ്ന സിങ്കിള്‍ എഞ്ചിന് വിമാനത്തില്‍ ആമസോനിയന്‍ വില്ലേജായ Araracuara യില്‍ നിന്ന് സെന്‍ട്രല്‍ കൊളംബിയയിലെ San Jose del Guaviare യിലേക്ക് യാത്രചെയ്തതായിരുന്നു നാലുകുട്ടികളും അവരുടെ അമ്മയും പൈലറ്റടക്കം മറ്റു മൂന്നുപേരും.
എഞ്ചിന് തകരാറില്‍ വിമാനം വഴിമദ്ധ്യേ ആമസോണ്‍ മഴക്കാടില്‍ തകര്‍ന്നുവീണപ്പോള്‍ മുതിർന്ന മൂന്നുപേരും കുട്ടികളുടെ അമ്മയും കൊല്ലപ്പെട്ടു. ലെസ്ലി, സോലെനി, ടിയന്, ക്രിസ്റ്റീന്‍ എന്നീ കുട്ടികളെ കാണാതായി, അവരില്‍ ഒരു കുഞ്ഞിന് പതിനൊന്ന് മാസം മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ.
ഓരോ മൂന്നു ദിവസങ്ങളിലും ഏതെങ്കിലും തരത്തിലുള്ള പുതിയ സ്പീഷീസുകളെ കണ്ടെത്തുന്ന ആമസോണ്‍ മഴക്കാടില്‍ കുട്ടികളെ തെരഞ്ഞു കണ്ടുപിടിക്കുന്നത് കാലാവസ്ഥകൊണ്ടും കാടിന്റെ വന്യത കൊണ്ടും അസാധ്യമായിത്തീർന്നിരുന്നു. സാധാരണയായി കാണപ്പെടുന്ന അക്രമികളായ വന്യജീവികൾക്ക് പുറമേ രണ്ട് മീറ്റർ നീളവും മുന്നൂർ കിലോ ഭാരവും വരുന്ന താപിർ എന്ന ഭീകരനെയും ഈ കുഞ്ഞുമക്കൾ എങ്ങിനെ അതിജീവിക്കുമെന്ന് രക്ഷാ സംഘം ശങ്കിച്ചിരുന്നു.
താപിർ
അതിനേക്കാൾ ഭീകരമാണ് റാനായിസ് കോക്കോയിസ് എന്ന് വിളിക്കപ്പെടുന്ന നാൽപതോളം വിവിധ തരത്തിലുള്ള മരണവിഷം വമിപ്പിക്കുന്ന ആമസോൺ തവളകൾ.ഓറഞ്ച് വർണ്ണത്തിൽ നിന്നും അതിവേഗം ചുവപ്പിലേക്ക് കളർമാറി കണ്ണിനെ കൺഫ്യൂഷനാക്കുന്ന ഒരു മാരകയിനം.മുന്നൂറ്റി ഇരുപത് സ്ക്വയര്‍ കിലോമീറ്റര്‍ വനത്തില്‍ ക്ഷുദ്രജീവികളെയും വന വന്യതയും തരണം ചെയ്ത് ഇരുനൂര് ഭടന്മാരും ആമസോണ്‍ ആദിവാസികളും രക്ഷാദൌത്യത്തിന് ഉപയോഗിക്കുന്ന ഡോഗുകളും തെരച്ചില്‍ തുടര്‍ന്നു കൊണ്ടേയിരുന്നു,. മറുഭാഗത്ത് ഹെലിക്കോപ്റ്ററുകളില്‍ നിന്ന് പതിനായിരത്തോളം ലീഫ് ലെറ്റുകള്‍ കാട്ടില്‍ വിതറിക്കൊണ്ടും അതിശക്തമായ സെര്‍ച് ലൈറ്റുകള്‍ ഉപയോഗിച്ചും കുട്ടികള്‍ക്കായുള്ള അന്വേഷണം തുടർന്നുപോന്നു. നാല്പത് മീറ്ററില്‍ കൂടുതലുള്ള മരങ്ങള്‍ ഉയര്ന്നുനില്ക്കുന്ന വെളിച്ചം കടക്കാത്ത ഇടങ്ങളില്‍ പകല്‍പോലും സെര്‍ച് ലൈറ്റുകള്‍ അവര്‍ക്ക് ഉപയോഗിക്കേണ്ടി വന്നു. അതേ സമയം കുട്ടികളുടെ ഗ്രാന്‍ഡ് മദറിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് ഹെലിക്കൊപ്ടറില് നിന്നും കാടിന്റെ എത്താവുന്ന സ്ഥലങ്ങളില്‍ ഒക്കെയും കേള്പ്പിച്ചുകൊണ്ടുമിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടിന്റെ അതിഭീകരതയെ അതിജീവിക്കാന്‍ മാത്രം ഈ കുഞ്ഞുങ്ങളില്‍ ഒരു രക്ഷാസംവിധാനവും ഇല്ലാ എന്നറിയുന്ന ദൌത്യസംഘം അവര്‍ക്ക് ജീവന് നഷ്ടപ്പെട്ടതിന് ഒരു തെളിവും ലഭിച്ചിട്ടില്ല എന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവാര്ത്തനം തുടര്‍ന്നിരുന്നത്.കുടിക്കാന്‍ ശുദ്ധജലമോ, ശരീരം മറയ്ക്കാന്‍ കമ്പിളിയോ വിഷജീവികളുടെ ആക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മരുന്നുകളോ, മലേറിയ പരത്തുന്ന കൊതുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയോ ഒന്നും ഇല്ലാതിരുന്ന ഒരു സംഘത്തിന്റെ അതിജീവനം അസാധ്യമായിരുന്നു. തിരച്ചിലിനിടെ കാടില്‍ നിന്ന് അവര്‍ക്ക് കിട്ടിയ ഒരു ഫീഡിംഗ് ബോട്ടിലും, കുട്ടികള്‍ കഴിച്ചതിന്റെ ബാക്കിവന്ന ഒരു പഴവും, ഒരു ചെറിയ ചളിനിറഞ്ഞകുഴി കടന്നുപോയ കാലടിപ്പാടും, ഒരു ചെറു കത്രികയും ഹെയർബാൻഡും അവര്‍ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്നൊരു പ്രതീക്ഷയാൽ രക്ഷാസൈനികര്‍ക്ക് ആവേശം പകര്‍ന്നു. നമ്മള് കരുതുന്നത് പോലെ കാടിനെക്കുറിച്ച് ഒന്നുമറിയാത്ത കുട്ടികളായിരുന്നില്ല അവര്‍. ആമസോനിയന്‍ മേഖലയിലുള്ള വനനിവാസികളായ എണ്ണത്തില്‍ തീരെകുറവുള്ള ഹ്യുറ്റാറ്റോ ഗോത്രത്തിലെ കുട്ടികളാണിവര്‍. സ്ത്രീകൾ നഗ്നരായി ശരീരത്തിൽ ചിത്രങ്ങൾ വരച്ച് നാണം മറച്ചു ജീവിച്ചുവന്ന ഒരു വിഭാഗത്തിലെ പുതിയ തലമുറക്കാർ.
അപകടസാഹചര്യങ്ങളിലും കാട്ടിലും അതിജീവനത്തിനു വളരെ ചെറുപ്പത്തിലെ പരിശീലനം ഇവര്‍ക്ക് കൊടുത്തിട്ടുണ്ട് എന്ന് ഇവരുടെ ഗ്രാൻ്റ് ഫാദർ ഫിഡെൻസിയോ രക്ഷാസേനയോട് പറഞ്ഞിരുന്നു.കാടിന്റെ പലഭാഗങ്ങളിലും ഭക്ഷണപായ്ക്കറ്റുകള്‍ ദൌത്യസേന കുട്ടികൾക്കായി വെച്ചു കൊണ്ടും വിതറിയ ഓരോ ലീഫ് ലെറ്റിലും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളും മാപ്പുകളും നൽകിയിട്ടുമായിരുന്നു സാഹസികമായ ആ രക്ഷാപ്രവർത്തനം തുടർന്നിരുന്നത്.പതിനൊന്ന് മാസം പ്രായമായ ഒരു കുഞ്ഞ്, നാലും ഒമ്പതും പതിമൂന്നും വയസ്സുള്ള മറ്റുമൂന്നുപേരും നാല്പത് ദിവസം ഇത്രയും വലിയൊരു മഴക്കാടില്‍ അകപ്പെട്ട്, ഒടുവില്‍ ദൌത്യസേനയുടെ സ്നിഫ് ഡോഗ് അവരെ കണ്ടെത്തിയ നിമിഷം കൊളംബിയയെ മാത്രമല്ല ഈ മക്കളെ കാണാതായത് മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനെ പിന്തുടര്ന്നിരുന്ന മുഴുവന്‍ മനുഷ്യരെയുമാണ് ആശ്വാസത്തിലെത്തിച്ചത്.
പ്രതീക്ഷ കൈവിടാതെയുള്ള ദൌത്യസേനയുടെ സേവനത്തെ എത്ര പ്രകീര്‍ത്തിച്ചാലും അവരുടെ സാഹസത്തിന്റെ അരികിലെത്തില്ല.
The organization of the indigenous people of the Columbian Amazon അവരുടെ പ്രസ്താവനയില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നൊരു നല്ല സന്ദേശമുണ്ട്.
“കുട്ടികളുടെ അതിജീവനം ജീവിതത്തിന്റെ സ്വാഭാവിക പരിസ്ഥിതിയുമായുള്ള അറിവിന്റെയും ബന്ധത്തിന്റെയും അടയാളമാണ്,
അതാവട്ടെ വളരെ ചെറുപ്രായത്തിലെ അവരിലേക്ക് നേര്‍ന്നതും പരിശീലനം നല്കപ്പെട്ടതുമാവുന്നു”.മലയിടിഞ്ഞ് മണ്ണ് വന്നുമൂടിപ്പോയ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് മക്കളെ കണ്ടെത്താനും, ഭൂകമ്പത്തില്‍ വിണ്ടുപിളര്‍ന്ന ഭൂപാളികളില്‍ കുടുങ്ങിപ്പോയ മനുഷ്യരെ കണ്ടെത്താനും ആമസോണ്‍ മഴക്കാടില്‍ അതിജീവിക്കുന്ന മക്കളെ കണ്ടെത്താനും മനുഷ്യരോടൊപ്പം ഒരു ജീവികൂടിയുണ്ട്. ഏകദേശം മുപ്പതിനായിരത്തോളം വര്‍ഷമായി മനുഷ്യരോടൊപ്പം കൂട്ടുകൂടി ജീവിക്കുന്ന മണം കൊണ്ട് രക്ഷകനാവുന്ന “നായ”. കടപ്പാട് പറഞ്ഞാലും ഇല്ലെങ്കിലും അത് നമ്മോടൊപ്പം ജീവൻ രക്ഷാപ്രവർത്തനത്തിൽ ആത്മസേവകനായി എന്നുമെന്നുമുണ്ടാവും
ആമസോൺ മക്കള്‍- അതിജീവനത്തിന്റെ നാല്പത് നാളുകള്‍.
മെയ് ആദ്യവാരത്തില്‍ ആമസോനിയന്‍ വില്ലേജായ Araracuara യില്‍ നിന്ന് സെന്‍ട്രല്‍ കൊളംബിയയിലെ San Jose del Guaviare യിലേക്ക് മഗ്ദലെന മുകുച്ചേയും അവരുടെ നാലുകുട്ടികളായ ലെസ്ലി, സോലെനി, ടിയന്, ക്രിസ്റ്റീന്‍ എന്നീ കുട്ടികളും യാത്ര ചെയ്ത ചെറുവിമാനം യാത്രാമധ്യേ ആമസോണ്‍ മഴക്കാടില്‍ തകര്‍ന്നു വീണതും അവരുടെ അമ്മയും കൂടെയുള്ള മുതിര്‍ന്ന യാത്രക്കാരും മരിച്ചുപോയതുമായ വാര്‍ത്ത ലോകം വളരെ വേദനയോടെയായിരുന്നു കേട്ടറിഞ്ഞത്. ഏറ്റവും ഒടുവില്‍ പതിമൂന്നു വയസ്സുള്ള ലെസ്ലിയും പതിനൊന്നും ഒന്‍പതും പതിനൊന്ന് മാസം പ്രായമുള്ള സഹോദരരും അത്ഭുതകരമായി ജീവനോടെ രക്ഷാസേന കണ്ടെത്തിയതും നമ്മള് വായിച്ചറിഞ്ഞു. വിമാനം തകര്‍ന്നു വീണതിനുശേഷമുള്ള അവരുടെ നാലപതു ദിവസത്തെ ജീവിതം എങ്ങിനെയായിരുന്നെന്നത് അല്പം ചില വാക്കുകളില്‍ പതിമൂന്നുകാരി പിതാവിനോട് പറയുകയുണ്ടായി. കുട്ടികള്‍ ഇപ്പോഴും സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ പോലുമുള്ള നിലയിലായിട്ടില്ല, കടുത്ത മാനസിക ആഘാതവും ക്ഷീണവും ഉള്ളതിനാല്‍ അടുത്ത ബന്ധുക്കളെ കാണാന്‍ പോലും അധികാരികള്‍ അനുവാദം നല്കാതിരിക്കുകയാണ്.
എനിക്ക് ഷൂ ധരിക്കണം, പക്ഷേ എനിക്ക് നടക്കാനാവുന്നില്ല എന്ന് ഒരു കുട്ടി പറയുന്നുണ്ട്.
നാൽപത് ദിവസത്തെ മരവിപ്പിനുശേഷം മക്കളെ തിരിച്ചു കിട്ടിയപ്പോള്‍ അവരുടെ അച്ഛന് ഇങ്ങനെ പുറംലോകത്തോട് മൊഴിഞ്ഞു
“നാലു മക്കള്‍, അവര്‍ ഒത്തൊരുമയുടെയും നൈസര്‍ഗികതയുടെയും ശക്തിയാല്‍ ഞങ്ങളിലേക്ക് തിരിച്ചെത്തി. ഭീതിയുടെ ഇരുട്ടില്‍നിന്നും ഞങ്ങള്‍ വെളിച്ചം കാണാന്‍ തുടങ്ങിയിരിക്കുന്നു”.
വിമാനം തകര്‍ന്നുവീണ സ്ഥലത്തുനിന്നും ഏകദേശം അഞ്ചുകിലോമീറ്റര്‍ ദൂരെ നിന്നാണ് രക്ഷാസേനയിലെ ബെല്‍ജിയന്‍ ഡോഗ് വിത്സന് ഇവരെ കണ്ടെത്തിയത്. കുഞ്ഞുങ്ങളെ കണ്ടെത്തുന്ന സമയം മുതിര്‍ന്ന കുട്ടി ഒഴികെ ബാക്കി മൂന്നുപേരും ശ്വാസം കഴിക്കാനും എന്തെങ്കിലും പഴം കൊടുത്താല്‍ അതിലേക്ക് ഒന്ന് നോക്കി അത് കഴിക്കാനുള്ള ശാരീരിക അനക്കത്തിനും മാത്രം കഴിയുമായിരുന്നവിധം ശോചനീയമായ ശാരീരിക അവസ്ഥയിലായിരുന്നു. കൊളംബിയന്‍ പ്രസിഡന്റ് ജനറല്‍ പെട്രോ സന്ചെസ് ആയിരുന്നു രക്ഷാദൌത്യത്തിന്റെ ദേശീയചുമതലയില് ഉണ്ടായിരുന്നത്. ചിലപ്പോള്‍ റെസ്ക്യു ടീം കടന്നുപോയതിന്റെ ഇരുപതുമുതല് അന്‍പത് മീറ്റര്‍ അരികില്‍ വരെ ഈ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അവര്‍ക്ക് ഒന്ന് ഉച്ചത്തില്‍ നിലവിളിച്ചു സാന്നിധ്യം അറിയിക്കാനുള്ള കരുത്തുപോലും നഷ്ടപ്പെട്ടുപോയിരുന്നുവെന്ന് അദ്ദേഹം പത്രക്കാരോട് പറഞ്ഞു.
കാടിന്റെ വന്യതയെക്കുറിച്ച് പേടിപ്പെടുത്തുന്ന കഥകള്‍ എന്റെ എഴുത്തിലുള്ളത് പോലെ പറഞ്ഞുകൊടുക്കുന്ന അമ്മമാരുടെ ലോകത്ത് മഗ്ദലെനെ അതിന്റെ കാരുണ്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അവരുടെ മക്കളുടെ ജീവിതം പിച്ചവെപ്പിച്ചത്. അതിന്റെ ഫലവും ഒരു പതിമൂന്നുകാരി നാല്പത് ദിവസം കൊണ്ട് നമ്മുടെ ലോകത്തിന് കാണിച്ചുതന്നു. വിമാനം തകര്‍ന്നുവീണ ആദ്യത്തെ നാല് ദിവസം അവരുടെ അമ്മ ജീവനോടെയുണ്ടായിരുന്നു. തകര്‍ന്ന വിമാനത്തിന്റെ അടുത്ത് നില്‍ക്കുന്നത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ നയിക്കുമെന്നും നിങ്ങള്‍ ഇവിടെ നിന്ന് എത്രയും വേഗം രക്ഷപ്പെടാനുള്ള വഴി അന്വേഷിക്കണമെന്നും മരണത്തിനു മുൻപ് ആ അമ്മ മക്കളോടെ ആവശ്യപ്പെട്ടു.
അമ്മയുടെ മൃതശരീരത്തില്‍ നിന്നും അകന്നുപോവുമ്പോള്‍ കാടിനുള്ളില്‍ ഇനിയുള്ള ദിനങ്ങള്‍ അപകടകരമായിരുക്കുന്നതാവുമെന്ന് ലെസ്ലിക്ക് അറിയാമായിരുന്നു. പാമ്പുകളും മൃഗങ്ങളും മലേറിയ പരത്തുന്ന കൊതുകുകളും നിറഞ്ഞ കാടിനുള്ളില്‍ മിക്ക സമയവും അവര്‍ മരക്കൊമ്പുകളില്‍ അഭയം തേടി.
രക്ഷാസേനയുടെ ഹെലിക്കോപ്ടറില്‍ നിന്നുള്ള അനൌണ്സ്മെന്റ് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ പേടിച്ചരണ്ട് കുറ്റിക്കാടുകളില്‍ ഒളിച്ചിരിക്കുമെന്ന് കുട്ടികള്‍ പറഞ്ഞു.
വനത്തില്‍ കാണുന്ന പഴങ്ങളില്‍ വിഷമുള്ളതും ഇല്ലാത്തതും ഏതൊക്കെയാണെന്ന് ഒരേകദേശ വിവരമുള്ള ലെസ്ലി വളരെ സൂക്ഷിച്ചായിരുന്നു അത് ഭക്ഷിക്കാന്‍ എടുത്തത്. കാട്ടില്‍ ശുദ്ധജലം ലഭിക്കാനിടയുള്ള സ്ഥലങ്ങളെക്കുറിച്ച് ചെറുപ്പത്തിലെ ഈ ഗോത്രനിവാസികള്‍ക്ക് അറിയാമെന്നുള്ളത് ഒരു സഹായവുമായി.
എന്നാല്‍ തകര്‍ന്ന വിമാനത്തില്‍ നിന്നും അവര്‍ എടുത്തുകൊണ്ടുപോയ കസാവ എന്ന കപ്പയുടെ പൊടിയാണ് അവരെ ഇത്രയും ദിവസം അതിജീവിക്കാന്‍ ശാരീരികക്ഷമത നല്‍കിയിരുന്നത്. സൌത്ത് അമേരിക്ക രാജ്യങ്ങളുടെ അടിസ്ഥാന ഭക്ഷണമാണ് കപ്പ. അത് പൊടിയായി വെള്ളത്തില്‍ കുതിര്ത്തും. പാകം ചെയ്തും കഴിക്കാത്ത ഒരു ദിനംപോലും അവരിലൂടെ കടന്നുപോവുന്നില്ല. കാര്‍ബോഹൈഡ്രേറ്റിന്റെ കലവറയായ കപ്പയായിരുന്നു അവരുടെ അതിജീവനത്തിന്റെ ഭക്ഷണമായി കൈയ്യില്‍ ഉണ്ടായിരുന്നത്.
അമ്മയുടെ അവസാന നിമിഷങ്ങളില്‍ ദൂരെ പൊയ്ക്കോ ദൂരെ പൊയ്ക്കോ മക്കളെ എന്ന് അവര്‍ പറയുന്നുണ്ടായിരുന്നെന്നു ലെസ്ലി വേദനയോടെ ഓര്‍ക്കുന്നു.
“നിങ്ങള്‍ രക്ഷപ്പെടൂ, നിങ്ങളുടെ അച്ഛന് എങ്ങിനെയുള്ള ആളാണെന്ന് ഇനിയാണ് നിങ്ങള്‍ കാണാന്‍ പോവുന്നത്. ഞാന്‍ നിങ്ങളോട് കാണിച്ച അതേ തരത്തിലുള്ള വലിയ സ്നേഹം അവന് നിങ്ങളോടും കാണിക്കാന്‍ പോകുന്നു. ദൂരെ പൊയ്ക്കോ മക്കളെ ദൂരെ പൊയ്ക്കോ”
അതായിരുന്നു മഗ്ദലെനയുടെ അവസാന മൊഴി.
കാട് ഒരു ഭീതിയല്ല, അതിന്റെ കാരുണ്യത്തെ നമ്മള് അക്രമിക്കാതിരുന്നാല് മതിയെന്ന് വളരെ ചെറുപ്പത്തിലെ മക്കള്‍ക്ക് ഓതിക്കൊടുത്ത ഹ്യുറ്റാറ്റോ ഗോത്രത്തിലെ ഒരമ്മയ്ക്ക് കാട് ആ മക്കളെ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. കുട്ടികളുടെ സാഹസികമായ രക്ഷപ്പെടലിനു ശേഷം കൊളംബിയന്‍ പ്രസിഡന്റ് പറഞ്ഞതും അതു തന്നെ.
“The jungle saved them. They are children of the jungle and now they are also children of Columbia”.
ആമസോണ്‍ മഴക്കാടിലെ സാഹസികമായ ആ തിരച്ചില്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയതോടെ തീര്‍ന്നിട്ടില്ല. അതിന്നും തുടരുകയാണ്. ആ മക്കളെ കണ്ടെത്താന്‍ ദൌത്യസേനയെ സഹായിച്ച ബെല്‍ജിയന്‍ സ്നിഫ് ഡോഗ് വിത്സനെ ദൌത്യസേനക്ക് നഷ്ടപ്പെട്ടിരിക്കുന്നു. കൊളംബിയന്‍ മിലിട്ടറി അവരുടെ ദൌത്യം തുടരുന്നു.
ബെല്‍ജി’യന്‍ ഡോഗ് വിത്സനെ കിട്ടുന്നത് വരെ ഈ അന്വേഷണം തുടരും.”The search is not over, Our principle: we leave no one behind”.
അതാണ് മിലിട്ടറിക്ക് പറയാനുള്ളത്.
എഴുത്ത് Bucker Aboo