നൂറ്റാണ്ടുകളുടെ പ്രൗഢിയിൽ പാങ്ങ് വലിയ ജുമുഅത്ത് പള്ളി

Pulamanthole vaarttha
പടപ്പറമ്പ് : മൂന്നു നൂറ്റാണ്ടുകൾക്കു മുൻപ് പാങ്ങിൽ ആരെങ്കിലും മരണപ്പെട്ടാൽ മയ്യിത്തും ചുമന്ന് പത്ത് കിലോമീറ്ററോളം അകലെ മൂന്നാക്കൽ പള്ളിയിലേക്ക് നടന്നു പോകണമായിരുന്നു മറവ് ചെയ്യാൻ. വാഹനവും റോഡും ഇല്ല.കല്ലും മുള്ളും നിറഞ്ഞ ഇടുങ്ങിയ പാതകൾ താണ്ടി മയ്യിത്ത് ഖബറടക്കി തിരിച്ചുവരുന്നവർക്ക് വഴി കാണിക്കാൻ ഓലച്ചൂട്ടുകൾമാത്രം.പാങ്ങ് വലിയ ജുമുഅത്ത് പള്ളി എന്ന ആശയം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.മൂന്നാക്കൽ പള്ളി കേന്ദ്രീകരിച്ചുള്ള മഹല്ലാണ് ആദ്യ മഹല്ല്. സ്വന്തമായി ഒരു പള്ളിയും ഖബർസ്ഥാനും എന്ന സ്വപ്നവുമായി പ്രദേശത്തെ കാരണവന്മാർ പൊന്നാനി വലിയ ജാറത്തിങ്ങൽ തങ്ങൻമാരുമായി ബന്ധപ്പെട്ടു. അവരായിരുന്നു മൂന്നാക്കൽ പള്ളിയിലെ താവഴി ഖാസിമാർ. അങ്ങനെ സ്വന്തമായി പള്ളിയെന്നസ്വപ്നം പൂവണിയുകയായിരുന്നു. ഖുതുബുസ്സമാൻ സയ്യിദ് അലവി തങ്ങളായിരുന്നു പള്ളിക്ക് തറക്കല്ലിട്ടത്. ആദ്യം ഓലമേഞ് കെട്ടിയായിരുന്നു പള്ളി ഉണ്ടാക്കിയത്. പിന്നീട് ഓടുമേഞ്ഞതാക്കി മാറ്റി. കൊടക്കല്ല് ഓട്ടുകമ്പനി യിൽ നിന്നും കാളവണ്ടിയിൽ വെട്ടിച്ചിറ കൊണ്ടുവന്ന ഓട് നാട്ടുകാരുടെ നേതൃത്വത്തിൽ തലച്ചുമടായി കൊണ്ടു വരികയായിരുന്നു എന്ന് പഴമക്കാർ പറയുന്നു. അവസാനമായി പുതുക്കി പണിതപ്പോൾ തറ അതേപടി നിലനിർത്തുകയായിരുന്നു.
പൊന്നാനി വലിയ ജാറത്തിങ്ങൽ നിന്നും താവഴി ക്രമത്തിൽ വരുന്ന അവകാശികളാണ് ഇന്നും ഖാസിമാരായി ഇവിടെ അവരോധിക്കുന്നത്. ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ മകൻ സയ്യിദ് ഹുസൈൻ ബാഫഖി തങ്ങളാണ് ഇപ്പോഴത്തെ മഹല്ല് ഖാസി. ആദ്യകാലങ്ങളിൽ പ്രദേശത്തെ കാരണവന്മാരായിരുന്നു പള്ളിയുടെ ഭരണാധികാരികൾ 1962 മുതൽ കമ്മിറ്റി സിസ്റ്റത്തിലേക്ക് മാറുകയായിരുന്നു. 1973 ൽ ഹയാത്തുദ്ധീൻ കമ്മിറ്റിക്ക് ഭരണഘടന നിലവിൽ വരികയും ചെയ്തു. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ എന്നിവരുട സാന്നിധ്യത്തിൽ വച്ചായിരുന്നു ഭരണഘടനക്ക് അംഗീകാരം നൽകിയത്.
പാങ്ങ് വലിയ ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ചായിരുന്നു പാങ്ങിലെ ആദ്യത്തെ മഹല്ല്. പാങ്ങ് വലിയ മഹല്ലിൽ നിന്നും പലഘട്ടങ്ങളിലായി പതിമൂന്നോളം മഹല്ലുകൾ പിരിഞ്ഞു പോയി. ഈസ്റ്റ് പാങ്ങ്, സൗത്ത് പാങ്ങ്, ആക്കപ്പറമ്പ്, ചന്തപ്പറമ്പ്, ചന്ദനപറമ്പ്,പടിഞ്ഞാറ്റുംമുറി, വാഴക്കോട്, വാഴേങ്ങൽ റഹ്മാനിയ്യ, വാഴേങ്ങൽ നൂറാനിയ്യ, മാട്ടാത്ത് കുളമ്പ്, നോർത്ത് പാങ്ങ് , പാങ്ങ് – കടന്നാമുട്ടി, തോറ എന്നീ മഹല്ലുകളാണ് പാങ്ങ് വലിയ മഹല്ലിൽ നിന്നും പിരിഞ്ഞു പോയ മഹല്ലുകൾ.ചന്ദനപ്പറമ്പ്, പാങ്ങ് – കടന്നാമുട്ടി എന്നീ മഹല്ലുകൾ മയ്യിത്ത് ഖബറടക്കാൻ ഇപ്പോഴും പാങ്ങ് വലിയ ജുമുഅത്ത് പള്ളിയെയാണ് ആശ്രയിക്കുന്നത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് പാങ്ങിൽ അഹ് മദ് കുട്ടി മുസ്ലിയാർ, പാങ്ങിൽ ഇ.കെ അബ്ദുല്ല മുസ്ലിയാർ, കൂരിയാട് തേനു മുസ്ലിയാർ, കാടേരി ഹസ്സൻകുട്ടി മുസ്ലിയാർ, കിടങ്ങഴി അബ്ദുറഹ്മാൻ മുസ്ലിയാർ, ചാപ്പനങ്ങാടി കുഞ്ഞുട്ടി മുസ്ലിയാർ, ഇ.കെ ഉസ്മാൻ മുസ്ലിയാർ, വെള്ളില മുഹമ്മദ് ഫൈസി, ടി.എച്ച് ദാരിമി തുടങ്ങി പ്രമുഖ പണ്ഡിതന്മാർ മുദരിസുമാരായും ഖത്തീബുമാരായും പാങ്ങ് വലിയ ജുമുഅത്ത് പള്ളിയിൽ സേവനം ചെയ്തിട്ടുണ്ട്. സമസ്തയുടെ മുൻ പ്രസിഡൻ്റ് പാങ്ങിൽ അഹ്മദ്കുട്ടി മുസ്ലിയാർ, സമസ്ത ആലപ്പുഴ ജില്ലാ പ്രസിഡൻ്റുമാരായിരുന്ന ഇ.കെ ബാപ്പു മുസ്ലിയാർ, ഇ.കെ ഉസ്മാൻ മുസ്ലിയാർ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തകനായിരുന്ന എ.സി.എസ് ബീരാൻ മുസ്ലിയാർ, ജംഇയ്യത്ത് മാസികയുടെ പത്രാധിപരായിരുന്ന കെ.സി മുഹമ്മദ് മൗലവി, മലപ്പുറം ജില്ലാ രൂപീകരണത്തിൻ്റെ മുഖ്യ സൂത്രധാരനായിരുന്ന പി.കെ ബാപ്പുട്ടി സാഹിബ് എന്നിവർ അന്ത്യവിശ്രമം കൊള്ളുന്നത് ഈ പള്ളിയുടെ ചാരത്താണ്.
*മിമ്പറിനുമുണ്ടൊരു കഥ പറയാൻ…!*
പാങ്ങ് വലിയ ജുമുഅത്ത് പള്ളിയിലെ രാജകീയ പ്രൗഢിയുള്ള മിമ്പറിനും ഉണ്ട് ഒരു കഥ പറയാൻ. അന്നത്തെ ഖാസി പൊന്നാനി വലിയ ജാറത്തിങ്ങൽ തങ്ങളായിരുന്നു
മിമ്പർ പണിക്ക് മേൽനോട്ടം വഹിച്ചിരുന്നത്. പുറം നാടുകളിൽ നിന്നും വന്ന തച്ചുശാസ്ത്ര നിപുണർ രാപ്പകൽ പണിയെടുത്തായിരുന്നു നിർമ്മാണം നടത്തിയിരുന്നത്. ഒട്ടനേകം പണ്ഡിത മഹത്തുക്കൾ ഖുതുബ നിർവഹിച്ചിട്ടുണ്ട് ഈ മിമ്പറിൽ. ഒരു നൂറ്റാണ്ടോളം പഴക്കം വന്നിട്ടും ഇതിൻ്റെ കൊത്തുപണികൾക്ക് പോറലോ ചായക്കൂട്ടുകൾക്ക് മങ്ങലോ ഏറ്റിട്ടില്ല. അലങ്കാരത്തിനായി തൂക്കിയിട്ട പളുങ്കുമണികൾ ചിലത് ഉടഞ്ഞു പോയെങ്കിലും രാജകീയ പ്രൗഢിയിയോടെ അത് ഇന്നും നിലനിൽക്കുന്നു.
റിപ്പോർട്ട് :-
✍️ ഉബൈദ് കെ പാങ്ങ്