സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. നാലുപേർ മരിച്ചു.
Pulamanthole vaarttha
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. നാലുപേർ മരിച്ചു. പത്തനംതിട്ട റാന്നി ടൗണില്‍ വെള്ളം കയറി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു. രണ്ട് ജില്ലകളിലായി മൂന്ന് പേർ മരിച്ചു. പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറി. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു.

ഫയർഫോഴ്സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞുവീണ് മണക്കാട്ട് ജോസഫിൻ ജോണി മരിച്ചു. ജോസഫിന്റെ മാതാവ് റജീന വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്.ഉപ്പുതറയിൽ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരിക്കില്ല. പത്തനംതിട്ടയിൽ രണ്ടിടത്ത് ഉരുൾപൊട്ടിയതായി സൂചനയുണ്ട്. തൂമ്പാക്കുളം ജങ്ഷനിൽ ചെളിയും മരങ്ങളും വന്നടിഞ്ഞ നിലയിലാണ്. പമ്പയാറ്റിൽ വൻതോതിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സീതത്തോട് വീടുകളിൽ വെള്ളം കയറി.

തിരുവനന്തപുരം നെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ ഡാമിന്റെ നാല് ഷട്ടറുകളും 11 മണിക്ക് 20 സെന്റീമീറ്റർ വീതം കൂടി ഉയർത്തും. രാവിലെ 80 സെന്റീമീറ്റർ ഉയർത്തിയിരുന്നു. നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്. ശക്തമായ മഴ കാരണമുണ്ടായ വെള്ളക്കെട്ടിൽ വിവിധയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ മലപ്പുറം മോങ്ങത്തും, കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766 ഈങ്ങാപ്പുഴയിലും റോഡിൽ വെള്ളം കയറി. മലപ്പുറം വടക്കേമണ്ണമയിലുണ്ടായ മണ്ണിടിച്ചിലിൽ മലപ്പുറം കോട്ടക്കൽ പാതയിൽ ഗതാഗതം തടസപ്പെട്ടു. പുലർച്ചെ റോഡിലേക്ക് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. മലപ്പുറം ചേലേമ്പ്ര ചേലുപാടത്ത് വീടുകളിൽ വെള്ളം കയറി. ഇരുപതോളം വീടുകളിലാണ് വെള്ളം കയറിയത്. ചേലുപാടം ഇടിമുഴിക്കൽ റോഡ് വെള്ളത്തിലായി. ശക്തമായ മഴ തുടർന്നതോടെ ദേശീയപാതയിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് വന്നതാണ് വെള്ളം കയറാൻ കാരണം. ഈറ്റുപേട്ട ടൗണും വീടുകളും കടകളും പാലങ്ങളുമടക്കം വെള്ളത്തിലാണ്. കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട രാധാകൃഷ്ണന്റെ മകൻ ഗൗതമിനെ കണ്ടെത്താനായിട്ടില്ല.