ചികിത്സിച്ചെങ്കിലും വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടെന്ന് വിധിയെഴുതിയ ഡോക്ടർമാർ, സ്കൂളിൽ പോയത് ഒറ്റദിവസം മാത്രം, പക്ഷേ ഇന്ന് തിരക്കേറിയ ‘സെലിബ്രിറ്റി’- സൽമാൻ കുറ്റിക്കോട് എന്ന ഹീറോയുടെ കഥ

Pulamanthole vaarttha
പാലക്കാട്: തിങ്ങി നിറഞ്ഞ സെവൻസ് ഗാലറി, ഫ്ളഡ് ലൈറ്റ് വെളിച്ചം മൺമൈതാനത്തിന് നിറം നൽകിയപ്പോൾ വീറോടെ വാശിയോടെ രണ്ട് ടീമുകൾ കളിക്കളത്തിലേക്കിറങ്ങുന്നു. ടീമുകൾ ഗ്രൗണ്ട് തൊട്ടപ്പോൾ കയ്യടികളുയർന്നു. ”കളിക്കാരെ പരിജയപ്പെടാൻ പോകുന്നത് സൽമാൻ കുറ്റിക്കോട്” കയ്യടികളിൽ നിന്ന് ആർപ്പുവിളികളിലേക്കും ജയ് വിളികളിലേക്കും ഗാലറിയെ നിമിഷ നേരംകൊണ്ട് എത്തിച്ച ആ അനൗൺസ്മെൻറിന് പിന്നിൽ നാടുമൊത്തം ചേർത്ത് നിർത്തിയ ഒരു ഭിന്നശേഷിക്കാരന്റെ കഥയുണ്ട്. അതാണ് കുറ്റിക്കോടന്‍ സല്‍മാന്റെ വിജയഗാഥ……….
മാറ്റിനിര്‍ത്തലല്ല, ചേര്‍ത്തുനിര്‍ത്തലാണ് സൗഹൃദത്തിന്റെ കരുത്ത് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ കുറ്റിക്കോടന്‍ സല്‍മാന്റെ വിജയഗാഥയില്‍ ഒപ്പം കൈകോര്‍ത്തുപിടിച്ചത് സുഹൃത്തുക്കളും ബന്ധുക്കളുമാണ്. ഇവരുടെ പരിലാളനയില്‍ ചിറകുവിരിച്ച് പറക്കുന്ന സല്മാന് ഇന്ന് കേരളമൊട്ടാകെ ആരാധകരുള്ള സെലിബ്രിറ്റിയാണ് പാലക്കാട് ജില്ലയിലെ തൃക്കടീരിക്കടുത്ത് കുറ്റിക്കോട് എന്ന ഗ്രാമത്തിൽ നിന്നും ലോകത്തിന്റെ എല്ലാകോണുകളിലും ആരാധകരുള്ള സൽമാൻ കുറ്റിക്കോട് എന്ന 32 കാരൻ, ജന്മനാ വൈകല്യമുള്ള ഈ യുവാവിനെ കട്ടക്ക് കൂടെ നിർത്തി സെലിബ്രിറ്റിയായി ഉയർത്തിയത് കൂട്ടുകാരായ അൻസാബും ഷറഫുവുമാണ്.
ദിവസവും ഉദ്ഘാടനപരിപാടികള്‍… കായികതാരങ്ങള്‍ മുതല്‍ രാഷ്ട്രീയ, സിനിമ രംഗത്തുള്ളവര്‍ വരെ സൗഹൃദപ്പട്ടികയില്‍. ജന്മനാ ഡൗൺ സിൻഡ്രോം എന്ന ജനിതകാവസ്ഥയുള്ള ഈ 34കാരന് പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ഇന്ന് ജീവിതം ആഘോഷമാക്കുന്നത്……………
പ്രതിസന്ധികളും ആശങ്കയും നിറഞ്ഞതായിരുന്നു സൽമാന്റെ കുട്ടിക്കാലം. എട്ടു വയസ്സുവരെ സ്വഭാവത്തിൽ കാര്യമായ മാറ്റമൊന്നും പ്രകടമായില്ല. മറ്റു കുട്ടികളെപ്പോലെയായിരുന്നില്ല സൽമാൻ. 4-5 വയസ്സായിട്ടും പിച്ചവെച്ച് നടക്കാൻ ശീലിച്ചിരുന്നില്ല. പിന്നീടാണ് അവന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ വന്നുതുടങ്ങിയത് ഭിന്നശേഷിക്കാരനെന്നു പറഞ്ഞ് മാറ്റിനിർത്താതെ വീട്ടുകാർ നാട്ടിലും കുടുംബത്തിലും നടക്കുന്ന എല്ലാ പരിപാടികൾക്കും സൽമാനെ കൊണ്ടുപോയിരുന്നു. നാലു ചുമരുകളിൽ ഒതുങ്ങാതെ എല്ലാവർക്കുമിടയിലുള്ള ജീവിതവും സ്നേഹപരിചരണവും മാറ്റങ്ങളുടെ തുടക്കമായി. കുട്ടിക്കാലത്ത് വിവിധ സ്ഥലങ്ങളിൽ ചികിത്സ തേടിയിരുന്നെങ്കിലും വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഡോക്ടർമാരെല്ലാം വിധിയെഴുതിയത്. എന്നാൽ, പത്തു വയസ്സു മുതൽ പ്രകടമായ വ്യത്യാസമാണ് സൽമാനിൽ കണ്ടുതുടങ്ങിയത്. സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും ക്ഷമയോടെയുള്ള കരുതലാണ് ഇതിന് പ്രധാന കാരണമായത്. വ്യത്യസ്ത പെരുമാറ്റമായിരുന്നിട്ടും കുട്ടികൾ സൽമാനുമായി കൂട്ടുകൂടി.വാശിയും പെട്ടെന്നുള്ള ദേഷ്യവുമൊക്കെ നിയന്ത്രിച്ച്, മറ്റുള്ളവർ പറയുന്നത് കേൾക്കുകയും അനുസരിക്കുകയുമൊക്കെ ചെയ്യുന്നതിലേക്കുള്ള ഈ മാറ്റം ജീവിതം മാറ്റിമറിക്കുന്നതായി.
ഒറ്റ ദിവസത്തെ സ്കൂൾജീവിതമാണ് സൽമാനുണ്ടായിരുന്നത്. മറ്റു കുട്ടികൾക്ക് പ്രയാസമാകുമെന്നു മനസ്സിലാക്കിയ വീട്ടുകാർ സങ്കടത്തോടെയാണെങ്കിലും സ്കൂളിൽ വിടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കുട്ടിക്കാലത്ത് ചെറിയ കുസൃതികളൊക്കെ ഒപ്പിച്ചു കൊണ്ടേയിരുന്നു. വീട്ടിൽ ബന്ധുക്കൾ ആരെങ്കിലും വരുമ്പോൾ, അവരുടെ ചെരിപ്പ് സൽമാന് ഇഷ്ടമായാൽ അതു മാറ്റിവെക്കുക പതിവായിരുന്നു. പകരം തന്റെ ചെരിപ്പ് ആ സ്ഥാനത്ത് കൊണ്ടുവെക്കും ജ്യേഷ്ഠന്റെ മകന് ഷറഫുവുമായി സല്മാന് വലിയ അറ്റാച്ച്മെന്റാണ്. . വിദേശത്ത് ജോലിയുള്ള ഷറഫു ഗള്‍ഫിലേക്കു പോകുന്നത് സല്മാന് എപ്പോഴും സങ്കടമുണ്ടാക്കും. ഇത്തരത്തില്‍ സല്‍മാനോട് യാത്ര ചോദിക്കുമ്പോഴുള്ള സ്നേഹനിമിഷങ്ങള്‍ ഒരിക്കൽ വിഡിയോയില്‍ പകർത്തുകയും ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. നിഷ്കളങ്കമായ ഈ സ്നേഹപ്രകടനം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു.വളരെ വേഗത്തിൽ അത് വൈറലായി.അതോടെ നാടിനു പുറത്തേക്ക് സല്മാന് അറിയപ്പെട്ടുതുടങ്ങി. പിന്നീട് നാട്ടിൻപുറത്തെ സുഹൃത്തുക്കള്‍ക്കൊപ്പം നിരവധി റീല്‍സില്‍ സല്മാന് പ്രത്യക്ഷപ്പെട്ടു. അയല്‍നാടുകളില്‍നിന്ന് ആളുകള്‍ സൽമാനെ അന്വേഷിച്ചുവരാൻ തുടങ്ങി
ഇൻസ്റ്റഗ്രാം റീലിലൂടെ പരിചിതനായ സൽമാൻ വാരിക്കൂട്ടിയ ലൈക്കുകൾക്കും ഷെയറുകൾക്കും കണക്കില്ല. റീലുകൾ വൈറലായതോടെ താരപരിവേഷവും ലഭിച്ചു. നേരത്തെ സിനിമാ രംഗങ്ങൾ അനുഗരിക്കുന്ന വീഡിയോകളാണ് ചെയ്തിരുന്നത്. പിന്നാലെ ഫുട്ബോൾ വീഡിയോ ചെയ്യാൻ തുടങ്ങിയതോടെ റീലുകൾ കയ്യീന്ന് പോകുന്ന അവസ്ഥയായി.
ഇപ്പോൾ ഫുട്ബോൾ ടർഫുകളിലും കടകളിലും മറ്റും ഉദ്ഘാടകനായാണ് സൽമാനെത്തുന്നത്. കഴിഞ്ഞ ദിവസം ചെർപ്പുളശ്ശേരിയിലെ ടർഫ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാനെത്തിയ ഐ എം വിജയൻ സൽമാനെ ചേർത്ത് നിർത്തി മുത്തം കൊടുക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിൽ ൈവറലായിരുന്നു. കൂടെ ഒരു കുറിപ്പും ” മാറ്റി നിർത്തപ്പെടേണ്ടവരല്ല, ചേർത്ത് നിർത്തണം. കാൽപന്ത് ജീവനാണ് സൽമാന്, എനിക്ക് സൽമാനെയും അതുപോലെ തന്നെ”. കൂട്ടുകാരാണ് സൽമാനെ സെലിബ്രിറ്റിയാക്കിയത്. നാട്ടിൽ നിന്ന് ടൂർ പോകുമ്പോഴും കളി കാണാൻ പോകുമ്പോഴുമെല്ലാം സൽമാനെ ഇവർ കൂടെ കൂട്ടും. ഒരു സാഹചര്യത്തിലും സൽമാനെ മാറ്റി നിർത്തിയിട്ടില്ല. നാട്ടുകാർ പറയുമ്പോലെ സൽമാൻ കളിക്കാത്ത ടീമില്ല. ഭാഗ്യതാരത്തിന് ജെഴ്സി സമ്മാനിച്ച് കളത്തിലിറക്കിയവരാണ് പല പ്രമുഖ സെവൻസ് ടീമുകളും.
വൈകല്യത്തെ മനോധൈര്യം കൊണ്ടും ഇച്ഛാശക്തികൊണ്ടും തോൽപ്പിക്കാൻ കഴിയുമെന്ന് തെളയിച്ചിരിക്കുകയാണ് പാലക്കാട് ചെർപ്പുളശ്ശേരി തൃക്കടീരി കുറ്റിക്കോട് പാറപ്പുറം വീട്ടിൽ മമ്മുട്ടി-ഫാത്തിമ ദമ്പതികളുടെ മകൻ സൽമാൻ കുറ്റിക്കോട്.