റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയ സ്ത്രീ അറസ്റ്റിൽ.
Pulamanthole vaarttha
പാലക്കാട് : പാക്കിസ്ഥാൻ തീവ്രവാദ സംഘടനയ്ക്കു വേണ്ടി ചാരപ്രവൃത്തി നടത്തിയതായി വിവരം കിട്ടിയെന്ന് ആരോപിച്ച് റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ത്രീ അറസ്റ്റിൽ. ഇവരുടെ അറസ്റ്റിനു പിന്നാലെ ഭർത്താവും സുഹൃത്തും മുങ്ങി. മലപ്പുറം കോരൻകോട് കോലത്തൊടി ആലിപ്പറമ്പിൽ ഹസീന (37) ആണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് അബ്ദുൽ റസാഖും സുഹൃത്തുമാണ് കടന്നുകളഞ്ഞത്.
പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെയാണു സംഘം തട്ടിപ്പിനിരയാക്കിയത്. 3 മാസം മുൻപാണു സംഭവം. ഉദ്യോഗസ്ഥൻ സർവീസിലുണ്ടായിരുന്നപ്പോൾ പാക്കിസ്ഥാൻ തീവ്രവാദ സംഘടനയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയതായി വിവരം കിട്ടിയെന്നും ഇതുമായി ബന്ധപ്പെട്ടു കോടതിയിൽ കേസുണ്ടെന്നും പറഞ്ഞ് വ്യാജരേഖകൾ ഉൾപ്പെടെ ഹാജരാക്കിയാണു തട്ടിപ്പു സംഘം ഇദ്ദേഹത്തെ ആദ്യം സമീപിച്ചതെന്നു പൊലീസ് പറഞ്ഞു. കള്ളക്കേസാണെന്നു മനസ്സിലായിട്ടുണ്ടെന്നും രക്ഷപ്പെടുത്താമെന്നും അക്കൗണ്ടിലുള്ള പണം താൽക്കാലികമായി മാറ്റി സൂക്ഷിക്കണമെന്നും സംഘം നിർദേശിച്ചു. ഇതു വിശ്വസിച്ച റിട്ട. ഉദ്യോഗസ്ഥൻ 7 ലക്ഷം രൂപ ഹസീനയുടെ ചെർപ്പുളശ്ശേരിയിലെ ബാങ്ക് അക്കൗണ്ടിലേക്കും 5 ലക്ഷം രൂപ അബ്ദുൽ റസാഖിൻ്റെ അക്കൗണ്ടിലേക്കും മാറ്റി ഉടൻതന്നെ ഹസീനയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം എടിഎം വഴി അബ്ദുൽ റസാഖും സുഹൃത്തും പിൻവലിച്ചു. പിന്നീട് സംഘം ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങി. ഇതോടെയാണു തട്ടിപ്പിനിരയായ വിവരം റിട്ട. ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞത്. തുടർന്നു കസബ പൊലീസ്, സൈബർ പൊലീസിൻ്റെ സഹായത്തോടെ ബാങ്കിലെ അക്കൗണ്ടും ഫോൺ കോളുകളും മറ്റും പരിശോധിച്ചു നടത്തിയ അന്വേഷണമാണു തട്ടിപ്പുസംഘത്തിലേക്ക് എത്തിയത്. മലപ്പുറത്തെത്തി ഹസീനയെ പിടികൂടിയെങ്കിലും ഭർത്താവ് അബ്ദുൽ റസാഖും പല പേരുകളിൽ അറിയപ്പെട്ടിരുന്ന സുഹൃത്തും കടന്നുകളഞ്ഞു. കസബ ഇൻസ്പെക്ടർ എം.സുജിത്ത്, എസ്ഐ എച്ച്.ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved