മനഃസമാധാനം നഷ്ടപ്പെടുത്തിയ 50 വർഷം മുൻപത്തെ കടം വീട്ടാൻ 800 കിലോമീറ്റർ യാത്ര: സത്യസന്ധതയുടെ ഉദാത്ത മാതൃകയുമായി സി.പി. അബ്ദുല്ല
Pulamanthole vaarttha
തിരൂരങ്ങാടി : അരനൂറ്റാണ്ട് മുൻപ് ആന്ധ്രപ്രദേശിലെ ഒരു കടയിൽ കൊടുക്കാനുണ്ടായിരുന്ന 93 രൂപയുടെ ഭാരം മനസ്സിൽ നീറിയപ്പോൾ, മരണം മുന്നിൽ കാണും മുൻപ് ആ കടം വീട്ടണമെന്ന് സി.പി. അബ്ദുല്ല (73) ഉറപ്പിച്ചു. തിരൂരങ്ങാടി വെളിമുക്ക് പാലക്കൽ സ്വദേശിയായ ഈ വലിയ ബിസിനസ്സുകാരൻ 800 കിലോമീറ്റർ താണ്ടി ആന്ധ്ര കർണൂൽ വൺ ടൗൺ ഗനി ഗല്ലിയിൽ നടത്തിയ യാത്ര സത്യസന്ധതയുടെ തിളക്കമുള്ള മാതൃകയായി. ഏകദേശം 50 വർഷം മുൻപ് അബ്ദുല്ല ആന്ധ്രയിലെ കർണൂൽ വൺ ടൗണിൽ ഹോട്ടൽ വ്യാപാരം നടത്തിയിരുന്ന സമയത്താണ് പലചരക്ക് സാധനങ്ങൾ വാങ്ങിയ ഇബ്രാഹിം മിയ എന്ന കടയുടമയ്ക്ക് 93 രൂപ കൊടുക്കാനുണ്ടായിരുന്നത്. പിന്നീട് ഹോട്ടൽ വ്യാപാരം നിർത്തി മറ്റ് മേഖലകളിലേക്ക് മാറിയപ്പോൾ കഷ്ടപ്പാടുകൾക്കിടയിൽ ആ ചെറിയ തുക നൽകാൻ കഴിഞ്ഞില്ല. കാലം കടന്നുപോയെങ്കിലും ആ ചെറിയ കടം അദ്ദേഹത്തിന്റെ മനസ്സിൽ വലിയ ഭാരമായി തുടർന്നു. നിലവിൽ മലബാറിൽ ആദ്യമായി മാർബിൾ, കടപ്പ തുടങ്ങിയവയുടെ ബിസിനസ് ആരംഭിച്ചവരിൽ ഒരാളും നിരവധി ബിസിനസ് സംരംഭങ്ങളുടെ ഉടമയുമാണ് അബ്ദുല്ല. ഈ സാമ്പത്തിക വിജയം ഉണ്ടായിട്ടും കടം വീട്ടാതെ അദ്ദേഹത്തിന് മനസ്സമാധാനം ലഭിച്ചില്ല.നാട്ടിലെ പൊതുപ്രവർത്തകനായ ഷഫീഖുമായി തന്റെ വിഷമം പങ്കുവെച്ചപ്പോൾ, ഒരു ശ്രമം കൂടി നടത്താമെന്ന് ഷഫീഖ് ഉറപ്പുനൽകി. തുടർന്ന് അബ്ദുല്ലയും ഷഫീഖും സഫീൽ, മുജീബ് എന്നിവരും ചേർന്ന് ആന്ധ്രയിലേക്ക് തിരിച്ചു. ശ്രമകരമായ അന്വേഷണത്തിനൊടുവിൽ അവർ ലക്ഷ്യസ്ഥാനത്തെത്തി. എന്നാൽ, കടയുടമയായിരുന്ന ഇബ്രാഹിം മിയയും അദ്ദേഹത്തിന്റെ മക്കളായ ഗഫാർ, ജബ്ബാർ എന്നിവരും മരിച്ചിരുന്നു. ഒടുവിൽ, കടയുടമയുടെ പേരമകനായ മഖ്ബൂൽ അഹമ്മദിനെ അവർ കണ്ടെത്തി. 50 വർഷം മുൻപുള്ള 93 രൂപയുടെ കടം വീട്ടാൻ എത്തിയ കാര്യം മഖ്ബൂൽ അഹമ്മദിനോട് പറഞ്ഞപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു. പണം വേണ്ടെന്നും ഇവിടെ വരെ തേടിയെത്തിയതിൽ സന്തോഷമുണ്ടെന്നും മഖ്ബൂൽ. എന്നാൽ, നിർബന്ധപൂർവം അന്നത്തെ തുകയുടെ ഇന്നത്തെ മൂല്യം കണക്കാക്കി അതിനേക്കാളേറെ തുക അബ്ദുല്ല അദ്ദേഹത്തിന് കൈമാറിയ ശേഷമാണ് മടങ്ങിയത്.അര നൂറ്റാണ്ടിന്റെ കടഭാരം ഒഴിഞ്ഞപ്പോൾ അബ്ദുല്ലയുടെ മുഖത്ത് തെളിഞ്ഞ ആശ്വാസത്തിന്റെ പുഞ്ചിരി, പണത്തേക്കാൾ വിലമതിക്കുന്ന സത്യസന്ധതയുടെ ഉദാത്ത മാതൃകയായി.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved