ഫിഫ അറബ് കപ്പ് : കാൽപന്താരവത്തിന്; ഇന്ന് ഖത്തറിൽ കൊടിയേറും
Pulamanthole vaarttha
ദോഹ: അറേബ്യൻ രാജ്യങ്ങളുടെ വീറുറ്റ ഫുട്ബാൾ പോരാട്ടമായ ഫിഫ അറബ് കപ്പ് കിക്കോഫിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ. അറബ് ഐക്യത്തിന്റെ പ്രാധാന്യം ഉറപ്പാക്കിയും സമ്പന്നമായ അറബ് സംസ്കാരത്തെ പ്രദർശിപ്പിച്ചും മേഖലയുടെ കായിക ഉത്സവത്തിന് ഇന്ന് കൊടിയുയരും. ഫിഫ അണ്ടർ 17 ലോക കപ്പിനു പിന്നാലെയാണ് മേഖലയുടെ ആവേശകരമായ അറബ് കപ്പ് ഉത്സവങ്ങൾക്ക് കൊടി ഉയരുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബാൾ ആരാധകർ ഇതിനകം ഖത്തറിലെത്തിയിട്ടുണ്ട്. സൂഖ് വാഖിഫും ഓൾഡ് ദോഹ പോർട്ടും കതാറ പരിസരവുമെല്ലാം ആരാധകരുടെ ആഹ്ലാദവും ആഘോഷവും പൊടിക്കുകയാണ്.ഫിഫ അറബ് കപ്പിന്റെ ഔദ്യോഗിക ചടങ്ങുകൾ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകീട്ട് അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഖത്തറും ഫലസ്തീനും തമ്മിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിലും ഉദ്ഘാടന ചടങ്ങിലും അമീർ പങ്കെടുക്കും.തുനീഷ്യയും സിറിയയും തമ്മിലൂള്ള പോരാട്ടം വൈകീട്ട് ഖത്തർ സമയം നാലിനാണ്. ലോകകപ്പ് മത്സരങ്ങൾക്ക് വേദിയായ ലുസൈൽ, ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം, എജുക്കേഷൻ സിറ്റി, അൽ ബെയ്ത്, അഹ്മദ് ബിൻ അലി, 974 എന്നീ സ്റ്റേഡിയങ്ങളിലായാണ് ടൂർണമെന്റ് നടക്കുക.സംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ ഫൈനൽ നടക്കും. നാലുവർഷത്തെ ഇടവേളക്കുശേഷം 2021ൽ ഖത്തറിന്റെ സംഘാടനത്തിലൂടെ സജീവമായ അറബ് കപ്പിന് മേഖലയിൽ വർധിച്ച ആരാധക പിന്തുണയാണുള്ളത്. കഴിഞ്ഞ സീസണിലെ വമ്പിച്ച ആരാധക പങ്കാളിത്തമാണ് ഫിഫ അറബ് കപ്പിനെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കിയത്.
1963ൽ ആരംഭിച്ച അറബ് കപ്പ് വിവിധ കാലങ്ങളിലായി മുടങ്ങിയും പുനരാരംഭിച്ചും മുന്നോട്ട് പോവുന്നതിനിടെയാണ് 2021ൽ ഖത്തർ ആതിഥേയത്വം ഏറ്റെടുക്കുന്നത്. 2002ൽ കുവൈത്തിലും 2012ൽ സൗദിയിലും നടന്ന ശേഷം അനിശ്ചിതമായി മുടങ്ങി. തുടർന്ന്, ഫിഫയുമായി സഹകരിച്ച് ഖത്തർ ഏറ്റെടുത്തതോടെ അറബ് മേഖലയുടെ ചാമ്പ്യൻഷിപ്പിൽ നിന്നും മേഖലയുടെ കളിയുത്സവമായി അറബ് കപ്പ് വികസിച്ചു. 2021ൽ ലോകകപ്പിനായി തയാറാക്കിയ വേദികളിൽ നടന്ന മത്സരത്തിൽ രണ്ട് വൻകരകളിൽ നിന്നുള്ള 16 ടീമുകളാണ് മാറ്റുരച്ചത്. ഫൈനലിൽ തുനീഷ്യയെ തോൽപിച്ച് അൽജീരിയയാണ് കിരീടം ചൂടിയത്.
ആതിഥേയരായ ഖത്തർ മൂന്നാം സ്ഥാനത്തായിരുന്നു. 1964, 1966, 1985, 1988 എന്നീ വർഷങ്ങളിൽ ജേതാക്കളായ ഇറാഖാണ് അറബ് കപ്പിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീം. സൗദി അറേബ്യ 1998 ലും 2002 ലും കിരീടം നേടി, തുണീഷ്യ (1963), ഈജിപ്ത് (1992), മൊറോക്കോ (2012), അൾജീരിയ (2021) എന്നിവർ ഓരോ തവണ വീതം കിരീടം നേടിയവരാണ്.

16 ടീമുകൾ മാറ്റുരക്കും
ദോഹ: അറബ് മേഖലയിലെ ആവേശമായ ടൂർണമെന്റിന് 16 ടീമുകളാണ് മാറ്റുരക്കുക. ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഒമ്പത് ടീമുകൾ നേരത്തേ ടൂർണമെന്റിന് യോഗ്യത നേടിയിരുന്നു. ശേഷിച്ച ഏഴു സ്ഥാനങ്ങളിലേക്കുള്ള ടീമുകൾ കഴിഞ്ഞ ദിവസങ്ങളിലായി ഖത്തറിൽ നടന്ന പ്ലേ ഓഫിലൂടെ യോഗ്യത നേടി. ആറ് ജി.സി.സി രാജ്യങ്ങളും യോഗ്യത നേടിയിട്ടുണ്ട്. ആതിഥേയരായ ഖത്തർ, മൊറോക്കോ, ഈജിപ്ത്, അൽജീരിയ, തുനീഷ്യ, സൗദി അറേബ്യ, ഇറാഖ്, ജോർഡൻ, യു.എ.ഇ ടീമുകൾ നേരിട്ട് യോഗ്യത ഉറപ്പാക്കി. ഒമാൻ, ബഹ്റൈൻ, സിറിയ, ഫലസ്തീൻ, കുവൈത്ത്, സുഡാൻ ടീമുകളാണ് പ്ലേ ഓഫിലൂടെ കഴിഞ്ഞദിവസം യോഗ്യത ഉറപ്പാക്കിയത്. ഗ്രൂപ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ റൗണ്ടിൽ പ്രവേശിക്കും.

ഗ്രൂപ്പുകൾ: