കോഴിക്കോട്ടെ ആറുവയസുകാരി അദിതിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം
Pulamanthole vaarttha
കുട്ടിയുടെ വയറ്റിൽനിന്ന് രണ്ടാഴ്ചമുൻപ് കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടങ്ങൾമാത്രമാണ് അന്ന് കണ്ടെത്താനായത്. ഗുഹ്യഭാഗത്ത് തിളച്ചവെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ചിരുന്നതിനാൽ മലമൂത്രവിസർജനത്തിനുപോലും കഴിയാത്തവിധത്തിലായിരുന്നു ആ കുരുന്ന്
കൊച്ചി: കോഴിക്കോട് 2013ൽ ആറുവയസുകാരി അദിതിയുടെ കൊലപാതകത്തിൽ അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം ശിക്ഷ . പ്രതികൾ രണ്ട് ലക്ഷം രൂപ പിഴയും അടക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ കുട്ടിയുടെ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തർജനം എന്നിവരുടെ ശിക്ഷയാണ് വിധിക്കുന്നത്. വിചാരണ കോടതിവിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പറയുക. 2012 ജൂൺ 26 നും, 2013 ഏപ്രിൽ 29 നുമിടയിൽ നീണ്ട 10 മാസം … 6 വയസ്സുകാരി അതിഥി എസ് നമ്പൂതിരി, പത്തു വയസ്സുകാരൻ അരുൺ എസ് നമ്പൂതിരി എന്നിവർ അനുഭവിച്ചത് ക്രൂര പീഡനം.. പിതാവ് സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാം ഭാര്യ റംലാബീഗം എന്ന ദേവകി അന്തർജ്ജനം എന്നിവർ ചേർന്ന് കുട്ടികളെ അതിക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.ഒന്നാംപ്രതി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആദ്യവിവാഹം ശ്രീജ അന്തർജ്ജനവുമായിട്ടായിരുന്നു. ഈ ബന്ധത്തിലാണ് രണ്ടു കുട്ടികൾ. വാഹനപകടത്തിൽ ഭാര്യ മരിച്ചതിനെ തുടർന്നാണ്, സുബ്രഹ്മണ്യൻ രണ്ടാമതൊരു വിവാഹം കഴിക്കുന്നത്. പിന്നീടങ്ങോട്ട് കുട്ടികൾക്ക് തുടർച്ചയായ ഉപദ്രവം..

ശാരീരികമായി കുട്ടികളെ നിരന്തരം ഉപദ്രവിച്ചു. മരക്കഷണം കൊണ്ടും, കൈകൾ കൊണ്ടും അടിക്കുകയും, മർദ്ദിക്കുകയും ചെയ്യുമായിരുന്നു. മതിയായ ഭക്ഷണം നൽകാതെ കുട്ടികളെ പട്ടിണിക്കിടുകയും പതിവായിരുന്നു. കുട്ടികളെക്കൊണ്ട് വീട്ടിലെ കഠിനമായ ജോലികൾ ചെയ്യിച്ചു. അഥിതിയുടെ സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ ശരീരത്തിലും തിളച്ചവെള്ളം ഒഴിച്ചു. ശരീരത്തിൽ ഏറ്റവും മുറിവുകൾക്ക് ചികിത്സ നൽകിയിരുന്നില്ല. അതിഥിയുടെ കൈ ഒടിഞ്ഞിട്ടും കൃത്യമായ വൈദ്യസഹായം നൽകാനും പ്രതികൾ വിസമ്മതിച്ചു. വീട്ടിൽ പൂട്ടിയിടുകയും പതിവായിരുന്നു. തുടയിലും രഹസ്യഭാഗങ്ങളിലും മർദ്ദിച്ചതിനാൽ, മുറിവേറ്റു. ദിവസങ്ങളോളം സ്കൂൾ പഠനം മുടങ്ങി. വേദം പഠിക്കാൻ പോയതാണെന്ന് മാത്രമേ സ്കൂളിൽ പറയാവൂ എന്ന് രണ്ടാനമ്മ ഭീഷണിപ്പെടുത്തി.2013 ഏപ്രിൽ 29ന് ഒരു അവധി ദിവസം.. അന്ന് അതിഥിയെ പിതാവ് ക്രൂരമായി മർദ്ദിച്ചു. ഈ മർദ്ദനത്തിൽ ആറു വയസ്സുകാരി ദാരുണമായി പരിക്കേറ്റ് മരിക്കുകയായിരുന്നു. വയറിന്റെ പിൻഭാഗത്തും വശങ്ങളിലുമേറ്റ ക്ഷതവും ആഘാതവുമായിരുന്നു, മരണകാരണം. കേസിൽ നിർണായകമായത് സഹോദരൻ അരുണിൻ്റെ മൊഴികളായിരുന്നു. പിതാവും രണ്ടാനമ്മയും തങ്ങളെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്നും പട്ടിണിക്കിടുന്നത് പതിവായിരുന്നു എന്നും പത്ത് വയസുകാരൻ മൊഴി നൽകി.. സംഭവദിവസം നടന്ന അതിക്രൂര മർദ്ദനം ഉൾപ്പെടെ അരുൺ പൊലീസിനോട് വിശദീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും നിർണായകമായി. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ 19 മുറിവുകളാണ് മൃതദേഹത്തിൽ കണ്ടെത്തിയത്. ഇതിൽ മരണകാരണമായ അടിയേറ്റ പരിക്കും പ്രധാനമായിരുന്നു എന്നാൽ വിചാരണ കോടതി പ്രതികളെ കൊലപാതകക്കുറ്റത്തിൽ നിന്ന് ഒഴിവാക്കി. മറിച്ച് കുട്ടികളോടുള്ള കുറ്റകൃത്യം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ മാത്രമാണ് കോടതി ശരിവെച്ചത്. കുട്ടികളെ നന്നായി വളർത്താനും, നല്ല ശിക്ഷണത്തിനും വേണ്ടിയാണ് പ്രതികൾ കുട്ടികളെ മുറിവേൽപ്പിച്ചത് എന്ന പ്രതിഭാഗം വാദം വിചാരണാക്കോടതി അംഗീകരിച്ചു. ഒന്നാം പ്രതിക്ക് മൂന്നുവർഷം കഠിനതടവ്, രണ്ടാം പ്രതിക്ക് രണ്ടുവർഷം തടവ് എന്നിങ്ങനെ മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്. പിതാവിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. എന്നാൽ സർക്കാർ അപ്പീൽ പോയി. ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് വിശദമായ വാദം കേട്ടു. തുടർന്നാണ് വിചാരണ കോടതി പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി മരവിപ്പിക്കുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തത്.
അതിഥി എന്ന പേര് കോഴിക്കോട്ടുകാരുടെ മനസ്സിൽ എന്നും നോവിന്റെ ചിത്രമാണ്.

അദിതി എസ്. നമ്പൂതിരിയെന്ന ആറുവയസ്സുകാരിയുടെ മരണശേഷം ഈസ്റ്റ്ഹിൽ ബിഇഎം യുപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചപ്പോൾ നെഞ്ചുപൊട്ടിക്കരഞ്ഞ അധ്യാപകരുടെയും കരുന്നുകളുടെയും ചിത്രങ്ങൾ ആരുടെയും മനസ്സിൽനിന്ന് മായില്ല. 2013 ഏപ്രിൽ 29-നാണ് അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രണ്ടാനമ്മ ദേവിക എന്ന റംലത്ത് ബീഗത്തിന്റെയും ക്രൂരപീഡനത്തിനിരയായി അദിതി മരിച്ചത്.കേസിൽ ഒന്നാംപ്രതിയായ സുബ്രഹ്മണ്യന്റെയും രണ്ടാംപ്രതിയായ ദേവികയുടെയും പേരിൽ കൊലക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി ബുധനാഴ്ചയാണ് വിധിച്ചത്. പട്ടിണിസഹിച്ചും മർദനം ഏറ്റുവാങ്ങി നരകയാതന അനുഭവിച്ചുമാണ് ആ കുരുന്ന് വിടവാങ്ങിയത്. പുതിയകാറും വീടുംവരെ വാങ്ങാനുള്ള സാമ്പത്തികചുറ്റുപാട് കുടുംബത്തിനുണ്ടായിട്ടും ഒരിറ്റ് അന്നംപോലും നൽകാതെയുള്ള കൊടിയപീഡനമാണ് കുട്ടി നേരിട്ടത്. 10 മാസത്തിലേറെ കുഞ്ഞിനെ രണ്ടാനമ്മയും അച്ഛനുംചേർന്ന് പീഡിപ്പിച്ചെന്നാണ് പോലീസ് കണ്ടെത്തിയത്. കൊടുംപട്ടിണിയും ക്രൂരമർദനവുംമൂലമാണ് മരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ വയറ്റിൽനിന്ന് രണ്ടാഴ്ചമുൻപ് കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടങ്ങൾമാത്രമാണ് അന്ന് കണ്ടെത്താനായത്. ഗുഹ്യഭാഗത്ത് തിളച്ചവെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ചിരുന്നതിനാൽ മലമൂത്രവിസർജനത്തിനുപോലും കഴിയാത്തവിധത്തിലായിരുന്നു ആ കുരുന്ന്. കുട്ടിയെ ചവിട്ടിയതിന്റെയും തൊഴിച്ചതിന്റെയും പാടുകൾ ശരീരത്തിൽ കണ്ടെത്തിയിരുന്നു.
അദിതി പീഡനംനേരിട്ടിരുന്നെന്ന് നാട്ടുകാർ നേരത്തേതന്നെ കണ്ടെത്തിയിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ അന്ന് സംഭവത്തിൽ ഇടപെട്ടിരുന്നെങ്കിലും കുടുംബം സഹകരിച്ചിരുന്നില്ല.ആദ്യഭാര്യയും അദിതിയുടെ അമ്മയുമായ ശ്രീജ മരിച്ച് ആറുമാസംകഴിഞ്ഞാണ് ദേവികയെ സുബ്രഹ്മണ്യൻ വിവാഹംചെയ്തത്. സംഭവംനടക്കുന്നതിനുമുൻപ് ദേവിക ആൾമാറാട്ടംനടത്തി മാലകവർന്നകേസിലും പ്രതിയാണ്.