വാക്സിനെടുത്തിട്ടും പേവിഷബാധ; ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം

Pulamanthole vaarttha
ഒരു മാസത്തിനിടെ പേ വിഷ ബാധയേറ്റ് മരിച്ചത് 3 കുട്ടികൾ
തിരുവനന്തപുരം ∙ തെരുവുനായ കടിച്ചതിന് ആദ്യ മൂന്നു ഡോസ് പ്രതിരോധ വാക്സീൻ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച ഏഴു വയസ്സുകാരി മരിച്ചു. പത്തനാപുരം കുന്നിക്കോട് കിണറ്റിൻകര ജാസ്മിൻ മൻസിലിൽ നിയാ ഫൈസലാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. വാക്സീൻ എടുത്ത ശേഷവും രോഗം ബാധിച്ച് ഒരു മാസത്തിനിടെ 2 പെൺകുട്ടികൾ മരിച്ചതിനു പിന്നാലെയാണ് വീണ്ടും മരണംഏപ്രിൽ 8നാണ് നിയയ്ക്ക് നായയുടെ കടിയേറ്റത്. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലും പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ച് വാക്സീൻ എടുത്ത കുട്ടിക്ക് തുടർന്നു രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകളും എടുത്തിരുന്നു. 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വരികയായിരുന്നു. ഞരമ്പിൽ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. സംഭവത്തിൽ പബ്ലിക് ഹെൽത്ത് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് വാക്സീൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായി ഏപ്രിൽ 9നു പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13), ഏപ്രിൽ 29നു മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) മരിച്ചിരുന്നു. ഡിസംബറിൽ നായയുടെ കടിയേറ്റ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നിന്ന് കുത്തിവയ്പെടുത്ത ഭാഗ്യലക്ഷ്മിയുടെ മരണം മൂന്നുമാസത്തിനു ശേഷമായിരുന്നു. കുട്ടി അവസാനം ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിൽനിന്ന് ശേഖരിച്ച സാംപിളുകൾ സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധിച്ചപ്പോളാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് അധികൃതർക്കു വിവരം ലഭിച്ചെങ്കിലും പുറത്തറിയിച്ചിരുന്നില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. 2021നു ശേഷം പേവിഷ ബാധയ്ക്കുള്ള വാക്സീൻ എടുത്തശേഷം 22 പേർ മരിച്ചെന്ന് ആരോഗ്യ വകുപ്പിന്റെ കണക്ക്.
ഞാനോടി ചെല്ലുമ്പോ എന്റെ കുഞ്ഞിനെ കടിച്ചുപറിക്കുവാരുന്നു’; നെഞ്ചുപൊട്ടിക്കരഞ്ഞ് നിയയുടെ അമ്മ
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ തെരുവുനായ കടിച്ച് ചികില്‍സയിലായിരുന്ന ഏഴ് വയസുകാരി മരണപ്പെട്ട സംഭവം നാടിന് തീരാവേദനയാകുകയാണ്. മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലത്തെത്തിയ തെരുവുനായകളാണ് കുഞ്ഞിനെ കടിച്ചുകീറിയതെന്ന് കണ്ണീരോടെ പറഞ്ഞ് വിലപിക്കുകയാണ് മരണപ്പെട്ട നിയ ഫൈസലിന്റെ അമ്മ. ‘ഇനിയും വളര്‍ത്ത്, കുറേ പട്ടികളെ കൂടി വളര്‍ത്തി വിട്. കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന ആശുപത്രിയാ, ഇവിടെ തന്നെ പട്ടികള്‍ വളര്‍ന്നുകേറി പോകുന്നത് കണ്ടില്ലേ’ എന്നാണ് ആശുപത്രിയില്‍ വച്ച് നിയയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. ഈ അവസ്ഥ മറ്റൊരാള്‍ക്കും വരരുത്, പറയാന്‍ വാക്കുകളില്ലെന്ന് നിയയുടെ അച്ഛന് പറയുന്നുഅവിടെ വേസ്റ്റ് കൊണ്ടിടല്ലേ എന്ന് എല്ലാവരോടും പറഞ്ഞതാ. അത് തിന്നാന്‍ വന്ന പട്ടികളാ എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാന്‍ ഓടിച്ചുവിട്ട പട്ടിയാ എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാനോടി ചെല്ലുമ്പോ എന്റെ കുഞ്ഞിനെ കടിച്ചുപറിക്കുവാരുന്നു. അപ്പഴേ എടുത്തോണ്ട് പോയി ഞാന്‍. ഇപ്പോ ദാ കൊണ്ടുപോയി എനിക്കിനി കാണാനില്ല. എന്റെ കുഞ്ഞിന് ഇല്ലാത്ത സ്ഥാനമാണ് പട്ടിക്കുണ്ടായത്’ എന്നുപറഞ്ഞ് നിലവിളിച്ച് കരയുന്ന ആ അമ്മയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാനാകും ഏപ്രിൽ 28ന് പേവിഷബാധ സ്ഥിരീകരിച്ച പെൺകുട്ടിയെ നാല് ദിവസം മുമ്പാണ് എസ്.എ.ടിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു കുട്ടി ജീവന് നിലനിര്‍ത്തിയിരുന്നത്. ഏപ്രിൽ എട്ടിനാണ് കുട്ടി തെരുവുനായ ആക്രമണത്തിന് ഇരയായത്. മൂന്നു ഡോസ് വാക്സീനെടുത്തിട്ടും പേവിഷ ബാധയേറ്റു.
ഒരു മാസത്തിനിടെ സംസ്ഥാനത്ത് മൂന്നു കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത് എന്നത് അതീവ ഗൗരവമായ കാര്യമാണ്. അതിനിടെ പേവിഷ പ്രതിരോധ വാക്സീൻ ഫലപ്രദമല്ലെന്നുള്ള ആക്ഷേപങ്ങൾ തള്ളി ആരോഗ്യ വകുപ്പ് രംഗത്തെത്തി. കൊല്ലത്ത് വാക്സീൻ എടുത്ത കുട്ടിക്ക് പേവിഷ ബാധയേറ്റത് കയ്യിലെ നാഡീ ഞരമ്പിൽ കടിയേറ്റത് കൊണ്ടാണെന്ന് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നു. പ്രതിരോധ മരുന്ന് പ്രവർത്തിച്ചു തുടങ്ങും മുമ്പ് വൈറസ് തലച്ചോറിലെത്താൻ ഇത് കാരണമായി. മൂന്ന് ഡോസ് വാക്സീൻ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ചത് സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. വാക്സീൻ ഉപയോഗിച്ച സമയം, രീതി തുടങ്ങിയവ പരിശോധിക്കാൻ വാക്സീൻ ടെക്നിക്കൽ കമ്മിറ്റി ഉടൻ യോഗം ചേരും.