മലമ്പുഴ പുഷ്പമേള ‘പൂക്കാലം 2025’ ന് തുടക്കമായി

Pulamanthole vaarttha
മലമ്പുഴ ഉദ്യാനത്തിന്റെ പ്രതാപം വീണ്ടെടുക്കും: എ. പ്രഭാകരന് എം.എല്‍.എ
മലമ്പുഴ ഉദ്യാനത്തില്‍ ഒരുക്കിയിരിക്കുന്ന ‘പൂക്കാലം -2025’ പുഷ്പമേളയുടെ രണ്ടാം പതിപ്പിന് തുടക്കമായി. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും ജലസേചന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം എ.പ്രഭാകരന് എം.എല്‍.എ നിര്‍വഹിച്ചു. മലമ്പുഴ ഉദ്യാനത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും എം.എല്‍.എ ഫണ്ടില്‍ നിന്നും നാലു കോടി രൂപ ഉദ്യാനത്തിന്റെ ഇലക്ട്രിഫിക്കേഷന് ജോലികള്‍ക്കായി മാറ്റി വച്ചിട്ടുണ്ടെന്നും ഇത് എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. മുമ്പ് ഇടവിട്ട് ലഭിച്ചിരുന്ന മഴയുടെ അഭാവം ചെടികളുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു. കാലാവസ്ഥയ്ക്ക് അനുസൃതമായതും യോജിക്കുന്നതുമായ ചെടികള്‍ നട്ടു വളര്‍ത്തുന്നതിന് പ്രാധാന്യം നല്‍കണം. പഴയകാല തമിഴ്, ഹിന്ദി, മലയാളം സിനിമകളുടെ സ്ഥിരം ഷൂട്ടിങ് കേന്ദ്രമായിരുന്ന ഉദ്യാനത്തിന് പഴയ പേര് തിരിച്ചു പിടിക്കാനും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുമായി സര്‍ക്കാരും ടൂറിസം വകുപ്പും ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
പൊതു മരാമത്ത് വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം യോഗം ചേരുകയും നേരത്തേ ഉദ്യാന നവീകരണത്തിനായി അനുവദിച്ചിട്ടുള്ള 10 കോടി രൂപയുടെ കാലാവധി കഴിഞ്ഞെങ്കിലും അത് പുനരുദ്ധരിച്ച് വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തുകയും ചെയ്തതായി എം.എല്‍.എ വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തില്‍ 1.35 കോടി രൂപ ചിലവില്‍ ശുചിമുറി സമുച്ചയം നിര്‍മ്മിക്കാനും യോഗത്തില്‍ തീരുമാനമായതായി
എം.എല്‍.എ അറിയിച്ചു. ഉദ്യാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിരമിക്കുമ്പോള്‍ ആവശ്യമായ സഹായം നല്‍കുന്നതിനും പദ്ധതി ആവിഷ്ക്കരിക്കും. കഴിഞ്ഞ തവണ പുഷ്പമേള വന്‍ വിജയമായിരുന്നെങ്കിലും സന്ദര്‍ശകരുടെ തിരക്കുമൂലം ഗതാഗത തടസ്സം നേരിട്ടിരുന്നു. ഇത്തവണ തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പോലീസുകാരേയും ഡ്യൂട്ടിക്കായി ഉദ്യാനത്തില്‍ നിയോഗിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്രയുടെ ആശയപ്രകാരമാണ് കഴിഞ്ഞ വര്‍ഷം പുഷ്പമേള ആരംഭിച്ചത് റെക്കോര്‍ഡ് കളക്ഷനും നേടാനായെന്നും അദ്ദേഹം പറഞ്ഞു.
മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കാഞ്ചന സുദേവന്, ബ്ലോക്ക് അംഗം തോമസ് വാഴപ്പള്ളില്‍, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ്, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍ കുമാര്‍, ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ സെക്രട്ടറി ഡോ. സില്‍ബര്‍ട്ട് ജോസ്, ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.പി. അബ്ദുള്‍ മുനീര്‍, മലമ്പുഴ ഉദ്യാനം ക്യുറേറ്റര്‍ പത്മജ പ്രഭാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരാഴ്ച നീണ്ടു നില്ക്കുന്ന പുഷ്പമേള ജനുവരി 22 ന് സമാപിക്കും. രാവിലെ 9 മുതല്‍ രാത്രി എട്ടു വരെയാണ് പ്രവേശനം.മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്.