വീണ്ടും കാണാമെന്ന് പറഞ്ഞുപോയവൾ റോഡിൽ പൊലിഞ്ഞു,കൂടെ ഇപ്പോൾവരാമെന്ന് പറഞ്ഞ മാതാപിതാക്കളും

Pulamanthole vaarttha
മലപ്പുറം : മേല്‍മുറിയില്‍ ഓട്ടോറിക്ഷ കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് പുല്‍പ്പറ്റ ഒളമതില്‍ സ്വദേശികള്‍ മരിച്ചെന്ന വാർത്ത പരന്നപ്പോള്‍ പ്രദേശത്തുകാർക്ക് ആദ്യം വിശ്വസിക്കാനായില്ല. കേട്ടവാർത്ത സത്യമാകരുതേയെന്ന് അവർ പ്രാർഥിച്ചു. പക്ഷേ, അപകടത്തില്‍ മരിച്ചത് മണ്ണിങ്ങച്ചാലില്‍ മുഹമ്മദ് അഷ്റഫും ഭാര്യ സാജിത, മകള്‍ ഫാത്തിമ ഫിദ എന്നിവരുമാണെന്നറിഞ്ഞപ്പോള് നാട് നടുങ്ങി. ഇതോടെ അഷ്റഫിന്റെ അക്കരമ്മല്‍ വീട്ടിലേക്ക് ആളുകള്‍ കൂട്ടമായെത്തി. ഉറ്റവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍കോളേജില്‍ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയതറിഞ്ഞ അവർ വീട്ടില്‍ പരേതർക്കുവേണ്ടിയുള്ള പ്രാർഥനയില്‍ മുഴുകി.
പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ഇനിയവർ ഒരുമിച്ച് ഖബറിലേക്ക് യാത്രയാവും.
.
പ്ലസ് വണ്ണിനു ചേരണം, നന്നായി പഠിക്കണം. വലിയ പ്രതീക്ഷകളും ഭാവിയെക്കുറിച്ച് നൂറുനൂറു സ്വപ്നങ്ങളുമായാണ് ഫിദ, തൻ്റെ മാതാപിതാക്കൾക്കൊപ്പം ഇന്നലെ പുൽപറ്റ ഒളമതിലിലെ വീട്ടിൽനിന്ന് മലപ്പുറത്തേക്കു പുറപ്പെട്ടത്. ചേരാനിരിക്കുന്ന മലപ്പുറം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എത്തുന്നതിന് രണ്ടര കിലോമീറ്ററോളം മാത്രം അകലെ വച്ച് ഫിദയും സ്വപ്നങ്ങളും നിമിഷനേരം കൊണ്ട് പൊലിഞ്ഞുപോയി .മകൾ തുടർപഠനത്തിനു പോകുന്ന സ്കൂൾ, അവളുടെ അധ്യാപകർ, സഹപാഠികൾ എല്ലാവരെയും കാണണം പരിചയപ്പെടണം, മകളുടെ സന്തോഷം നേരിൽ കാണണം എന്ന പ്രതീക്ഷയുമായി കൂടെയു ണ്ടായിരുന്ന ഉപ്പ അഷ്റഫും ഉമ്മ സാജിദയും അവൾക്കൊപ്പം ജീവിത ത്തിൽനിന്നു മടങ്ങി. ആ കുടുംബത്തിൽ ഇനി മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ഫഹ്മിദയും നാലാം ക്ലാസുകാരി ഫൈഹയും എൽ കെ ജി വിദ്യാർത്ഥി അഷ്ഫാഖ് ഉം ബാക്കി. പൂക്കൊളത്തൂർ സ്കൂളിൽ നിന്ന് പത്താം ക്ലാസ് മികച്ച ഗ്രേഡ് നേടിയാണ് ഫിദ ജയിച്ചത്. മലപ്പുറം കോട്ടപ്പടി ഗവ. ഗേൾസ് എച്ച്എസ്എസിൽ മൂന്നാം അലോട്മെന്റ്റിൽ കൊമേഴ്സിൽ പ്രവേശനം ലഭിക്കുകയും ചെയ്തു. അലോട്മെന്റിൽ പതിനൊന്നാമത് ഓപ്ഷൻ ആയിട്ടാണ് മലപ്പുറം ഗേൾസിൽ കൊമേഴ്സിൽ അപേക്ഷ നൽകിയിരുന്നത്. പ്രവേശനം ഉറപ്പിച്ച് പഠിക്കാൻ പോകുന്ന പുതിയ സ്കൂളിലേക്ക് വരുമ്പോഴായിരുന്നു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വിധി ആ കുടുംബത്തെ തട്ടിയെടുത്തത്.
ഗേൾസ് സ്കൂളിൽ മൂന്നാം അലോട്മെന്റിൽ പ്രവേശനം നേടാനായി ഇന്നലെ നൂറ്റിയൻപതോളം കുട്ടികൾ എത്തിയിരുന്നു. അവർക്കൊപ്പം പക്ഷേ ഫിദയുണ്ടായിരുന്നില്ല. സ്കൂളിൽ ചേരാൻ വരുന്നതിനിടെ വിദ്യാർഥിനി അപകടത്തിൽ മരിച്ചത് സ്കൂളിലെ അധ്യാപകരെയും പ്രവേശനത്തിനെത്തിയ കുട്ടികളെയും ദുഃഖിതരാക്കി. ഗൾഫിലായിരുന്ന അഷ്റഫ് 4 വർഷം മുൻപ് പ്രവാസജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയത് രോഗാവസ്ഥയിലായ പിതാവിൻ്റെ ചികിത്സയ്ക്കും ശുശ്രൂഷ യ്ക്കും വേണ്ടി പിതാവ് ഗുലാം മൊയ്തീൻ ഹാജി 2 വർഷം മുൻമ്പാണ് മരിച്ചത്. മൂന്നാറിലേക്ക് കുടുംബങ്ങളൊന്നിച്ച് നടത്തിയ പെരുന്നാൾ യാത്രയുടെ സന്തോഷം വഴിമാറിയത് തീരാസങ്കടത്തിന്റെ ദുരന്തവാർത്തയിലേക്കായിരുന്നു. മേൽമുറിയിൽ ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികളും മകളും മരണത്തിലേക്ക് യാത്രയായത് ഉല്ലാസയാത്ര കഴിഞ്ഞെത്തി 4 മണി ക്കൂറിനകം. പെരുന്നാൾ പിറ്റേന്ന് രാത്രി സാജിദയുടെ നാടായ കൊണ്ടോട്ടി കുമ്മിണിപ്പറമ്പിൽനിന്ന് അവരുടെ ബന്ധു ക്കൾക്കൊപ്പമാണ് കുടുംബം മൂന്നാറിലേക്കു പോയത്. ഇന്നലെ പരീക്ഷയുണ്ടായിരുന്നതനാൽ മൂ ത്തമകൾ ഫഹ്മിദ വല്യുമ്മയ്ക്കൊപ്പം ഒളമതിലിലെ വീട്ടിലായിരുന്നു. മറ്റു 3 മക്കളുമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി തിരിച്ചെ ത്തേണ്ടതായിരുന്നെങ്കിലും ഇവർ സഞ്ചരിച്ച വാൻ കേടായതിനെത്തുടർന്ന് യാത്ര ഏറെ വൈകി. പിന്നീട് മറ്റൊരു വാഹനത്തിൽ ഇന്നലെ രാവിലെ 8.30ന് ആണ് സംഘം തിരിച്ചെത്തിയത്.
മുറ്റത്ത് പന്തലുകെട്ടി, വീടിനകത്തും പുറത്തും നിറയെ ആളുകൾ. അവരെ കാണാനായി വീടിനകത്തുനിന്ന് അഷ്ഫഖ് മുൻവാതിൽക്കലേക്ക് ഓടിവന്നു. കാലു പൊക്കി മുന്നോട്ടും പിന്നോട്ടും ആഞ്ഞു. പിന്നാലെ പെട്ടെന്ന് തിരിച്ചോടി വീണ്ടും കളികളിലേർപ്പെട്ടപ്പോൾ കണ്ടു നിൽക്കുന്നവരുടെയെല്ലാം കണ്ണ് നിറഞ്ഞു. ഒളമതിലിലെ അക്കരമ്മൽ വീട്ടിലെ ഇളയ മകനായ അഷ്ഫഖിനറിയുമായിരുന്നില്ല, രാവിലെ തന്നെ വീട്ടിലാക്കി പോയ പ്രിയപ്പെട്ട ഉമ്മയും ഉപ്പയും ഫിദ താത്തയും ഇനിയൊരിക്കലും തന്നെ കളിപ്പിക്കാനെത്തില്ലെന്ന്. നാലാം ക്ലാസുകാരി ഫൈഹയും എന്താണ് സംഭവിച്ചതെന്നറിയാതെ കുടുംബക്കാർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ, അനിയത്തിയുടെ മരണവിവരം മാത്രമറിഞ്ഞ ഫഹ്മിദ അകത്തു തളർന്നുകിടക്കുകയായിരുന്നു. മോങ്ങം അൻവാറുൽ അറബിക് കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ ഫഹ്മിദ ഇന്നലെ ഉച്ചമുതൽ പരീക്ഷാഹാളിലായിരുന്നു. 4 മണി വരെയായിരുന്നു പരീക്ഷ. വൈകിട്ട് മൂന്നിനാണ് 2 ബന്ധുക്കൾ ഫഹ്മിദയെ കൂട്ടാൻ കോളജിലെത്തിയത്. സഹോദരി അപകടത്തിൽപെട്ടെന്നു മാത്രം പറഞ്ഞാണ് പരീ ക്ഷാഹാളിൽ നിന്നു വീട്ടിലെത്തിച്ചത്. പിന്നീടാണ് ഉമ്മയും ഉപ്പയും അനിയത്തിയും തങ്ങളെ തനിച്ചാക്കി യാത്രയായത് അറിഞ്ഞത്.