വെള്ളവും വഴിയുമില്ല ലൈഫ്മിഷൻ വീടുകളിൽ താമസിക്കാൻ കഴിയാതെ പുലാമന്തോൾ പഞ്ചായത്തിലെ ഗുണഭോക്താക്കൾ.

Pulamanthole vaarttha
കഷ്ടതകളിലും കുന്നിൻ മുകളിൽ ഒറ്റപ്പെട്ട് ഒരു കുടുംബം.
പുലാമന്തോൾ: വെള്ളവും വഴിയുമില്ലാത്തതിനാൽ ലൈഫ്മിഷൻ പദ്ധതിയിൽ നിർമിച്ച വീടുകളിൽ താമസിക്കാൻ ഗുണഭോക്താക്കൾ മടിക്കുന്നു. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് 12ആം വാർഡിൽ കഴിഞ്ഞ എൽ ഡി എഫ് ഭരണസമിതിയുടെ കാലത്ത് 100 അടിയോളം ഉയരത്തിലുള്ള കുന്നിൻ മുകളിൽ ലൈഫ് മിഷൻ ഭവന പദ്ധതിക്ക് തുടക്കം കുറിച്ചത്. 12 പേർക്കാണ് ഇവിടെ വീട് നിർമിക്കാൻ തീരുമാനമായത്. 9 വീടുകൾ പണി കഴിച്ചുവെങ്കിലും വെള്ളവും വീടുകളിൽ എത്താൻ നേരെ ചൊവ്വേ വഴിയും എത്തിക്കാൻ അധികൃതർ ശ്രമിക്കാത്തതിനാൽ ഒരാൾ ഒഴികെ 8 ഗുണഭോക്താക്കളും ഇവിടെ താമസിക്കാൻ തയ്റായിട്ടില്ല. ഒരു വർഷം മുമ്പ് രണ്ട് കുട്ടികളും ഭാര്യയുമൊത്ത് ഇവിടെ താമസിക്കാൻ തുടങ്ങിയ വ്യക്തി തന്നെ പുലിവാല് പിടിച്ച സ്ഥിതിയിലാണ്. കുടിവെള്ളവും വഴിയും ഇല്ലാത്തത് തന്നെ കാരണം.
വാട്ടർ അതോറിറ്റിയുടെ കുടി വെള്ളടാങ്കും വീടുകളും സ്ഥിതി ചെയുന്നത് ഒരേ ഉയരത്തിൽ ആയതിനാൽ ഇവിടേക്ക് വെള്ളം കയറുവാൻ പ്രയാസമാണ്. 450 മുതൽ 700 അടി ആഴത്തിൽ ഇവിടെ കുഴൽ കിണർ കുഴിച്ചുവെങ്കിലും വെള്ളം ലഭിചില്ല. 100 അടിയോളം ഉയരത്തിലേക്ക് വെള്ളം ചുമന്ന് കൊണ്ടു പോയിയാണ് കുടിക്കുന്നതിന്നും ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോഗിക്കുന്നത് കുളിക്കാനും മറ്റും ദൈനം ദിന ആവശ്യങ്ങൾക്കായി 1200 രൂപ നൽകി വാഹനങ്ങളിൽ കൊണ്ടു വരുന്ന വെള്ളം വാങ്ങിയാണ് ഇവിടെ കഴിച്ചു കൂട്ടുന്നത്. 100 അടിയോളം ഉയരത്തിലേക്ക് കാട് മൂടിയതും ദുർഗടം പിടിച്ചതുമായ വഴിയായത്തിനാൽ പ്ലസ് വണ്ണിനും ഒമ്പതാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് കുട്ടികൾക്കും സ്കൂളിൽ പോകാനും നിർവാഹമില്ല. വീട് നിർമാണം കഴിഞ്ഞിട്ടും മറ്റുള്ള അയൽക്കാരായ ലൈഫ് ഗുണഭോക്താക്കൾ ഇവിടേക്ക് താമസത്തിനു വരാത്തതോടെ തീർത്തും ഒറ്റപ്പെട്ട നിലയിലാണ് ഈ കുടുംബം. കൂടാതെ തൊട്ടടുത്ത ലൈഫ് വീടുകളിൽ ആൾതാമസം ഇല്ലാത്തതിനാൽ കാട് പിടിച്ചു കിടക്കുന്നതും വീട്ടുകാർക്ക് ഭീതി പടർത്തുന്നുണ്ട്.
അങ്ങാടിപ്പുറം പരിയാപുരത്ത് മണ്ണ് വെട്ടി താഴ്ത്തി നിർമിച്ച ലൈഫ് വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ വാർത്തയറിഞത്തോടെ അതികം ഭീതിയോടെ കഴിഞ്ഞു കൂടുന്ന ഇവർക്ക് അതികം ദൂരത്തെല്ലാതെ കരിങ്കൽ ക്വാറിയും പ്രവർത്തിക്കുന്നുണ്ട്. അതെ സമയം ചാമാകുണ്ടിലെ ലൈഫ് മിഷൻ പദ്ധതി പ്രകാരം ഭവനത്തിനാവശ്യമായ സ്ഥലം ഉപഭോക്താകൾ സ്വന്തം ഇഷ്ടത്തിന് വാങ്ങിയതാണെന്നാണ് അധികൃതർ പറയുന്നത്. കണ്ടെത്തിയ സ്ഥലം വാങ്ങാൻ 12 ഗുണഭോക്താക്കൾക്ക് 2 ലക്ഷം വീതം സ്ഥലത്തിന്റെ ഉടമക്ക് പഞ്ചായത്ത് നൽകി. വീട് നിർമാനത്തിനു 4.25 ലക്ഷം രൂപ വീതവും ചിലവഴിച്ചതായും വാർഡ് മെമ്പർ പറഞ്ഞു.
ഉയരത്തിലേക്ക് വെള്ളം എത്തിക്കാൻ സാധിക്കില്ലന്ന് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട് ആയതിനാൽ കുന്നിറങ്ങി വന്നു വെള്ളം സംഭരിക്കാൻ കഴിയുന്ന രീതിയിൽ വാട്ടർ ടാങ്ക് സ്ഥാപിക്കും, 10 അടി വീതിയുള്ള വഴി സ്വാകാര്യ വ്യക്തിയുടെയാണ് വഴി വിട്ടു കിട്ടുന്ന മുറക്ക് കോൺക്രീറ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നുമാണ് മെമ്പർ പറയുന്നത്, എന്നാൽ ഇതിനൊക്കെ എത്ര കാലം കാത്തിരിക്കണം എന്നത് വ്യക്തമല്ല. റിയൽ എസ്റ്റേറ്റുകാർക്ക് വേണ്ടി ഒരുക്കിയ കെണിയിൽ നിഷ്കളങ്കരായ ഉപഭോക്താക്കൾ വീഴുകയായിരുന്നു എന്ന് ആക്ഷേപം ഉയരുന്നുണ്ട്.