പുലാമന്തോൾ മേലാറ്റൂർ റോഡ് നവംബർ 20 – നകം ഗതാഗതയോഗ്യമാക്കും.

Pulamanthole vaarttha
പെരിന്തൽമണ്ണ: തകര്‍ന്ന് ഗതാഗതം ദുഷ്ക്കരമായ സംസ്ഥാന പാതയിലെ പുലാമന്തോള്‍ മുതല്‍ മേലാറ്റൂര്‍ വരെയുള്ള ഭാഗം(പട്ടാമ്പി റോഡ്) നവംബര്‍ 20-നകം ഗതാഗത യോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സമര സമിതിയുടെയും സംയുക്ത യോഗം കരാറുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ കരാറുകാരെ സര്‍ക്കാര്‍ ടെര്‍മിനേറ്റ് ചെയ്തിരുന്നു. ഈ നടപടി താല്‍ക്കാലികമായി മരവിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഹൈദരാബാദ് കേന്ദ്രമായുള്ള കെ.എം.സി. എന്ന കരാര്‍ കമ്പനിയാണ് പ്രവൃത്തി കരാര്‍ ഏറ്റെടുത്തത്.
ഈ കമ്പനി ചെന്നൈയിലുള്ള കെ.ജി.കെ. കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിക്ക് ഉപ കരാര്‍ നല്കിയതായിരുന്നു. ഈ കമ്പനിയായിരുന്നു ഇതു വരെ പ്രവൃത്തി നടത്തി വന്നത്. ഇവരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് നജീബ് കാന്തപുരം എം.എല്‍.എയും ജനപ്രതിനിധികളും സമരസമിതി ഭാരവാഹികളും യോഗത്തില്‍ പറഞ്ഞു. ഉപകരാര്‍ കമ്പനിയെ ഒഴിവാക്കി പ്രധാന കരാറുകാര്‍ തന്നെ പ്രവൃത്തി നടത്തണമെന്നാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്ന അഭിപ്രായം. ഇത് പ്രധാന കരാര്‍ കമ്പനിയായ കെ.എം.സി അംഗീകരിച്ചിരിക്കുകയാണ്.
കരാര്‍ അവസാനിപ്പിച്ച് മറ്റൊരു കരാറുകാരെ ഏല്‍പ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മാസങ്ങള്‍ എടുക്കുമെന്നതിനാലാണ് നിലവിലുള്ള കരാര്‍ കമ്പനിക്ക് ഒരു ഹൃസ്വകാല അവസരം കൂടി നല്കാന് യോഗം തീരുമാനമെടുത്തത്. നവംബര്‍ 20-നകം റോഡിന്റെ ആദ്യഘട്ട ടാറിംഗ് പൂര്‍ത്തീകരിക്കാനാണ് യോഗം കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഒക്ടോബര്‍ 18-നകം കട്ടുപ്പാറ മുതല്‍ പുളിങ്കാവ് വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കും. 2025 മെയ് മാസത്തിനകം റോഡ് പ്രവൃത്തി സമ്പൂര്‍ണ്ണമായി പൂര്‍ത്തിയാക്കാനാണ് കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മേലാറ്റൂര്‍, ചെറുകര റെയില്‍വെ ഗേറ്റുകളോട് ചേര്‍ന്ന പ്രവൃത്തികളും ടാറിംഗ് പ്രവൃത്തികള്‍ക്ക് സമാന്തരമായി നടത്തും.
നിലവില്‍ നടത്തിയിട്ടുള്ള പ്രവൃത്തിയുടെ ഗുണനിലവാരം പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വകുപ്പ് പരിശോധിക്കും. പ്രവൃത്തി പുരോഗതി പൊതുമരാമത്ത് വകുപ്പ് നേരിട്ട് പരിശോധിക്കും. കെ.എസ്.ടി.പി സൂപ്രണ്ടിംഗ് എഞ്ചിനീയറും, എക്സിക്യൂട്ടീവ് എഞ്ചിനീയറും പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കും. അതോടൊപ്പം ഈ റോഡിന്റെ തുടര്‍ന്നുള്ള പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിന് മോണിറ്ററിംഗ് സമിതിക്ക് യോഗം രൂപം നല്കി. ഈ സമിതി പ്രവൃത്തി പുരോഗതി ദൈനംദിനം അവലോകനം ചെയ്യും. നജീബ് കാന്തപുരം എം.എല്‍.എക്ക് പുറമെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, പെരിന്തല്‍മണ്ണ നഗരസഭ ചെയര്മാന് പി. ഷാജി, പുലാമന്തോള്‍, മേലാറ്റൂര്‍, ഏലംകുളം, വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടര്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, കെ.എസ്.ടി.പി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, കെ.എസ്.ടി.പി ചീഫ് എഞ്ചിനീയര്‍, എക്സിക്യൂട്ടൂവ് എഞ്ചിനീയര്‍ എന്നിവര്‍ ഈ സമിതിയില്‍ അംഗങ്ങളാണ്. ഇന്നത്തെ യോഗ തീരുമാന പ്രകാരം നിശ്ചയിച്ച സമയത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ കരാര്‍ കമ്പനി വീഴ്ച വരുത്തിയാല്‍ ടെര്‍മിനേഷന്‍ നടപടികളുമായി മുന്നോട്ടു പോവാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, നജീബ് കാന്തപുരം എം.എല്‍.എ, പെരിന്തല്‍മണ്ണ നഗരസഭ ചെയര്മാന് പി. ഷാജി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി. സൗമ്യ, സി.എം. മുസ്തഫ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു. ഐ.എ.എസ്, കെ.എസ്.ടി.പി ചീഫ് എഞ്ചിനീയര്‍ അന്‍സാര്‍ എം., കെ.എസ്.ടി.പി, പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരായ ഡിറ്റി ആര്., ബിജി പി.വി., മനോജ് കെ.എം, ജോസഫ് മാത്യു കെ., അഖില്‍ എസ്., കെ.എ. ജയ, അനീഷ് കുമാര്‍ വി.ഡി., പ്രിന്‍സ് ബാലന് പി.സി, സമര സമിതി ഭാരവാഹികളായ ചന്ദ്ര മോഹന്‍, ശശിധരന് വി.ഇ., ഷാജി കട്ടുപ്പാറ, മുത്തു കട്ടുപ്പാറ, കുഞ്ഞിമുഹമ്മദ് പുലാമന്തോള്‍, ഷിനോസ് ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.