മണ്ണിൽ കലർന്നത് 19,500 ലീറ്ററോളം ഡീസൽ ; ജീവിതം ഡീസലിൽ കുതിർന്ന് പരിയാപുരം ഗ്രാമം

Pulamanthole vaarttha
മഴ പെയ്താലും കുടിവെള്ളം കിട്ടാത്ത അവസ്ഥയിലാണ് പരിയാപുരത്തെ കുറെ മനുഷ്യർ. വീട്ടുമുറ്റത്ത് ഒരിക്കലും ഒരിക്കലും ഉറവ വറ്റാത്ത കിണറുള്ളപ്പോഴാണ് ഈ അവസ്ഥ. ഓഗസ്റ്റ് 20ന് പുലർച്ചെയാണ് ചീരട്ടാമല – പരിയാപുരം റോഡിലെ ഇറക്കത്തിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്. വലിയ തോതിൽ ഡീസൽ ചോർന്നു. അന്നു തൊട്ടിന്നോളം ഡീസൽ ഗന്ധത്തിലാണ് ഈ കുടുംബങ്ങളുടെ ജീവിതം
പരിയാപുരം: ഡീസൽ മണക്കുന്ന ഗ്രാമമാണിപ്പോൾ പരിയാപുരം. ഒരു തീക്കൊള്ളിയിട്ടാൽ നിന്നുകത്താൻ തയാറായി നിൽക്കുന്ന കിണറുകളും കുടിവെള്ളത്തിനു വേണ്ടി നെട്ടോട്ടമോടുന്ന ഒരു കൂട്ടം ആളുകളും. നാട്ടുകാരാരും വരുത്തിവച്ചതല്ല. പക്ഷേ, ഇപ്പോൾ അനുഭവിക്കാൻ അവർ മാത്രമേയുള്ളൂ. എന്തു സഹായവും ചെയ്യാമെന്നു വീമ്പിളക്കിയവരെല്ലാം അവരവരുടെ പാടും നോക്കി പോയി. ഓഗസ്റ്റ് 20ന് പുലർച്ചെ മൂന്നരയോടെയാണ് 20,000 ലീറ്റർ ഡീസലുമായി വന്ന ടാങ്കർ ലോറി ചീട്ടാമല– പരിയാപുരം റോഡിൽ പരിയാപുരം പള്ളിക്കു സമീപമുള്ള വളവിൽ മറിയുന്നത്. 19,500 ലീറ്ററോളം ഡീസൽ മണ്ണിൽ കലർന്നു. അതൊരു ദുരന്തകഥയുടെ തുടക്കമായിരുന്നു. 24 മണിക്കൂറിനുള്ളിൽ 200 മീറ്റർ അകലെയുള്ള കിണർ ഡീസൽ കലർന്ന് ഉപയോഗശൂന്യമായി. അടുത്ത ദിവസം 500 മീറ്റർ അകലെയുള്ള കിണർ നിന്നുകത്തി. ഇപ്പോൾ ഒന്നര കിലോമീറ്റർ അകലെയുള്ള കിണറിൽ വരെ ഡീസൽ എത്തിയിരിക്കുന്നു. നിലവിൽ പരിസരത്തെ 6 കിണറുകളും 3 കുഴൽക്കിണറുകളും ഡീസൽ കലർന്ന അവസ്ഥയിലാണ്. ടാങ്കർ മറിഞ്ഞതിനു സമീപത്തെ മരങ്ങൾ ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. ഇതിനെ വെറുമൊരു വാഹനാപകടമായി ചുരുക്കാനാവില്ല. എത്രകാലം നീണ്ടുനിൽക്കുമെന്നോ എങ്ങനെയൊക്കെ ബാധിക്കുമെന്നോ അറിയാത്ത പാരിസ്ഥിതിക ദുരന്തമായിത്തന്നെ കണക്കാക്കണം.
ഇതു വെള്ളമല്ല, ഡീസൽ തന്നെ
അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായതാണ് ഒരു കിണർ തെങ്ങുയരത്തിൽ കത്തുന്ന വിഡിയോ. ഓഗസ്റ്റ് 22ന് ആയിരുന്നു ഈ സംഭവം. ടാങ്കർ അപകടം നടന്ന സ്ഥലത്തുനിന്ന് അരക്കിലോമീറ്റർ അകലെ, സേക്രഡ് ഹാർട്ട് കോൺവന്റിന്റെ വളപ്പിലുള്ളതാണ് ഈ കിണർ. ദിവസങ്ങൾക്കുശേഷം ഇന്നലെ ഇതേ കിണറ്റിൽനിന്ന് ഒരു കുപ്പി വെള്ളം ഞങ്ങളെടുത്തു. കരിനിറം. പെട്രോൾ പമ്പുകളിൽ ഇന്ധനത്തിന്റെ സാന്ദ്രതയളക്കുന്ന ഉപകരണം ഉപയോഗിച്ചു പരിശോധിച്ചു. പെട്രോൾ പമ്പുകാർ പറഞ്ഞത് ഇങ്ങനെ ‘ഇതിനെ വെള്ളമെന്നു വിളിക്കാനാകില്ല. ഡീസൽതന്നെയാണ്. അത്രമാത്രമുണ്ട് സാന്ദ്രത. ഒപ്പം കുറച്ചുമാലിന്യവും കലർന്നിരിക്കുന്നു. അതുകൊണ്ടാണ് ഈ കരിനിറം’.
കരാർ അടിസ്ഥാനത്തിൽ ഓടുന്ന അങ്കമാലിയിലെ ഒരു സ്ഥാപനത്തിന്റേതാണ് മറിഞ്ഞ ടാങ്കർ. ഇവരുടെ രണ്ടു ടാങ്കറുകൾ ഇപ്പോൾ കിണറുകളിലെ ഡീസൽ കലർന്ന വെള്ളം ടാങ്കറുകളിലാക്കി ആലുവയിലെ പ്ലാന്റിലെത്തിക്കുന്നുണ്ട്. ഇതുവരെ 12 ലോഡ് ആലുവയിലെത്തിച്ചതായി സ്ഥാപനത്തിന്റെ പ്രതിനിധികൾ പറഞ്ഞു. ഒരു കിണറിലെ വെള്ളമെടുത്ത് ഇവർ തൃശൂർ കടക്കുമ്പോഴേക്കും അത്രയ്ക്കത്രതന്നെ ഡീസൽ കലർന്ന വെള്ളം ഈ കിണറുകളിൽ നിറയുന്നുണ്ടെന്നുള്ളതാണ് യാഥാർഥ്യം.
എത്രകാലം ഇങ്ങനെ തുടരാനാവുമെന്ന കാര്യത്തിൽ ഈ കരാർ കമ്പനിക്കും ഉറപ്പുപറയാനാകുന്നില്ല. അതേസമയം, ഈ കരാർ നൽകിയ പെട്രോളിയം കമ്പനിയുടെ ഉദ്യോഗസ്ഥരാരും തന്നെ ഇതുവരെയും സ്ഥലം സന്ദർശിച്ചിട്ടില്ലെന്ന് അങ്ങാടിപ്പുറം പഞ്ചായത്തംഗം അനിൽ പുലിപ്ര പറയുന്നു. ‘അവരുടെ പ്രതിനിധിയായി വന്നത് കരാറോടുന്ന കമ്പനിയിലെ ജീവനക്കാരനാണ്. ടാങ്കറിൽ നിറച്ച ഇന്ധനം വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതല്ലാതെ ഇന്ധനച്ചോർച്ചയുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചോ ഇതിന്റെ ഭാവി പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചോ ഈ കരാർ ജീവനക്കാർക്കറിയില്ല.’
പരിയാപുരത്തെ ഡീസൽ ചോർച്ച; കിണറുകളിലെ ഡീസൽ കത്തിച്ചു കളയും
അങ്ങാടിപ്പുറം: പരിയാപുരത്ത് ടാങ്കർലോറി അപകടത്തെ തുടർന്ന് മലിനമായ കിണറുകളിലെ ഡീസൽ നാളെ (വ്യാഴം) കത്തിച്ചു കളയും. വ്യാപനം ഒഴിവാക്കാനുള്ള അടിയന്തര നടപടിയുടെ ഭാഗമായാണിത്. ഇന്ന് വൈകിട്ട് 5ന് എഡിഎം എൻ.എം.മെഹറലിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനമെടുത്തത്. ഫയർഫോഴ്സ്, പൊലീസ് സംഘം നാളെ (വ്യാഴം) രാവിലെ 10ന് പരിയാപുരത്തെത്തും. തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കും. ടാങ്കറുകളിൽ ഡീസൽ കലർന്ന ജലം നീക്കംചെയ്യുന്ന പ്രവൃത്തി മഴ ശമിച്ച ശേഷം തുടരും. ഡീസൽ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിന് പെരിന്തൽമണ്ണ ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ എസ്.സൂരജ് (സ്പെഷൽ ജഡ്ജ്, ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി) ഇന്ന് (വ്യാഴം) രാവിലെ 10ന് വിവിധ വകുപ്പ് അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്. പെട്രോളിയം കമ്പനി അധികൃതരും ഇരകളായവരും ജനകീയ സമിതി ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.