ലോകം തിരഞ്ഞ വിമാനത്തിന്റെ വാതില് കിട്ടി; 5 വര്ഷം അലക്കുകല്ല്; തീരാദുരൂഹത

Pulamanthole vaarttha
ക്വാലലംപൂർ/ മലേഷ്യ : കടലായ കടലും കരയായ കരയുമെല്ലാം അരിച്ചുപെറുക്കിയ വർഷങ്ങൾ.ചെലവഴിച്ചത് കോടാനുകോടികൾ, ഇത്രയും സാങ്കേതികമായി പുരോഗമിച്ച ഒരു യുഗത്തിൽ സർവ ആശയവിനിമയ സംവിധാനങ്ങളുമായി പറന്ന ഒരു വിമാനം എങ്ങനെ ഇത്തരത്തിൽ മാഞ്ഞുപോകും? വർത്തമാന ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ സംഭവം. എവിടെയാണ് മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 എന്ന വിമാനമെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമില്ല. ആരോപണങ്ങൾ, വിവാദങ്ങൾ, കൗതുകങ്ങൾ, സിദ്ധാന്തങ്ങൾ അങ്ങനെ ഇന്നും ആകാംക്ഷയും ആശങ്കയുമേറ്റി എവിടെയോ മറഞ്ഞിരിക്കുന്നു ഒരു വിമാനം. പ്രതീക്ഷകൾക്ക് വകയില്ലെങ്കിലും അതിലെ യാത്രക്കാരെ കാത്തിരിക്കുന്ന ഒട്ടേറെ കുടുംബങ്ങൾ ഇപ്പോഴുമുണ്ട്. ഇപ്പോഴിതാ ആ അന്വേഷണങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ഒരു സൂചനയാണ് പുറത്തുവരുന്നത്. കാണാതായ വിമാനത്തിന്റെ ഒരു വാതിൽ കണ്ടെത്തിയിരിക്കുന്നു എന്ന റിപ്പോർട്ട് ദിവസങ്ങൾക്ക് മുൻപാണ് എത്തിയത്. ഇതോടെ പൈലറ്റുമാർ വിമാനം സമുദ്രത്തിൽ ഇടിച്ചിറക്കി എന്ന നിഗമനത്തിന് ശക്തി കൂടുകയാണ്. 25 ദിവസം മുൻപ് മഡഗാസ്കറിലെ മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ നിന്നു കണ്ടെത്തിയ വിമാനാവശിഷ്ടത്തിന്റെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷമാണ് കാണാതായ മലേഷ്യൻ വിമാനത്തിന്റേതാണെന്ന് വ്യക്തമാക്കുന്നത്. വിമാനത്തിന്റെ ലാൻഡിങ് ഗിയറിന്റെ വാതിലാണ് മത്സ്യത്തൊഴിലാളിയുടെ വീട്ടിൽനിന്നു കണ്ടെത്തിയത്. 2017ൽ ഫെർണാണ്ടോ കൊടുങ്കാറ്റിനെത്തുടർന്ന് തീരത്തടിഞ്ഞ അവശിഷ്ടങ്ങളിൽനിന്നാണ് ടറ്റാലിയെന്ന മത്സ്യത്തൊഴിലാളിക്ക് വാതിൽ ലഭിക്കുന്നത്. ഇതിന്റെ പ്രാധാന്യം അറിയാതെ അഞ്ചു വർഷമായി തുണി അലക്കാൻ ഭാര്യയ്ക്കു നൽകിയിരിക്കുകയായിരുന്നു ഇയാൾ എന്നതാണ് മറ്റൊരു കൗതുകം. വിമാനം മനപ്പൂർവം നശിപ്പിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന ആദ്യ തെളിവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. വിമാനം മനപ്പൂർവം
ഇടിച്ചിറക്കുകയായിരുന്നുവെന്ന് ബ്രിട്ടിഷ് എൻജിനീയർ റിച്ചാർഡ് ഗോഡ്ഫയും എംഎച്ച് 370ന്റെ റെക്കേജ് ഹണ്ടറായ ബ്ലെയ്ൻ ഗിബ്സണും പറയുന്നു. വാതിലിലെ പൊട്ടലും പോറലും മറ്റും സൂചിപ്പിക്കുന്നത് ഈ നിഗമനമാണെന്ന് ഇരുവരും വ്യക്തമാക്കുന്നു. എന്നാൽ വർഷങ്ങളായി ഒരു വീട്ടിൽ അലക്കു കല്ലായി ഉപയോഗിച്ച് വന്നിരുന്ന വാതിലിലെ പൊട്ടലും പോറലും വച്ച് എങ്ങനെയാണ് വിമാനം മനപ്പൂർവം ഇടിച്ചിറക്കുകയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
വ്യത്യസ്ത ഡേറ്റാ സെറ്റുകൾ ഉപയോഗിച്ച് നടത്തിയ പഠനപ്രകാരം പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 2,000 കിലോമീറ്റർ പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തിൽ ബോയിംഗ് 777 തകർന്നു വീണുവെന്നാണ് ഗോഡ്ഫ്രെ ഒരിക്കൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഏകദേശം 33 ഡിഗ്രി തെക്കും 95 ഡിഗ്രി കിഴക്കുമാണ് ഡേറ്റാ കണക്കുകൂട്ടലുകളാൽ നിർണയിക്കപ്പെട്ട കൃത്യമായ പോയിന്റ്. നേരത്തെ, ഇന്ത്യൻ മഹാസമുദ്രത്തിൽ എംഎച്ച് 370 ന് വേണ്ടി രണ്ട് തവണ വിപുലമായ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും വിമാനത്തിന്റെ ഒരു ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആദ്യഘട്ടത്തിൽ മലേഷ്യയ്ക്കും വിയറ്റ്നാമിനും ഇടയ്ക്കുള്ള കടൽ മേഖലയായിരുന്നു പ്രധാനമായി തിരഞ്ഞത്. 34 കപ്പലുകളും 28 വിമാനങ്ങളും ഇതിനായി നിയോഗിക്കപ്പെട്ടു. ഏഴു രാജ്യങ്ങളും തിരച്ചിലിൽ പങ്കു ചേർന്നു. പിന്നീടുള്ള തിരച്ചിലുകളിൽ സർക്കാർ, സർക്കാരിതര ഏജൻസികൾ ധാരാളമായി പങ്കെടുത്തു. പക്ഷേ ഒന്നിനും ആ ദുരൂഹ വിമാനത്തിന് എന്തു പറ്റിയെന്ന് കണ്ടെത്താനായില്ല. എംഎച്ച് 370ന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചില്ലെങ്കിലും കടലിൽ തകർന്നുവീണ് അജ്ഞാതമായി കിടന്ന കുറേയേറെ വിമാനങ്ങളെയും കപ്പലുകളെയും കണ്ടെത്താൻ തിരച്ചിലുകൾ സഹായിച്ചു, 1877ൽ സ്കോട്ലൻഡിൽനിന്ന് ഓസ്ട്രേലിയയിലേക്കു പോകുന്നതിനിടെ മുങ്ങിയ ഗോൾഡൻ കപ്പൽ, 1883ൽ ഇംഗ്ലണ്ടിൽനിന്ന് ഇന്ത്യയിലേക്കു പോകും വഴി മുങ്ങിയ വെസ്റ്റ് റിജ് കപ്പൽ തുടങ്ങിയവ ഇതിൽ ചിലതാണ്. 2014 മാർച്ച് 8ന് രാത്രിയിലാണ് മലേഷ്യൻ എയർലൈൻസിന്റെ ബോയിങ് വിമാനം എംഎച്ച് 370 മലേഷ്യൻ തലസ്ഥാനം ക്വാലലംപൂരിലെ എയർപോർട്ടിൽനിന്നു പറന്നുയർന്ന് ചൈനയിലെ ബെയ്ജിങ് ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്. വർഷം എട്ടായിട്ടും ഈ വിമാനം ഇതുവരെ ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. സാഹറി അഹമ്മദ് ഷാ എന്ന അനുഭവ സമ്പന്നനായ പൈലറ്റായിരുന്നു വിമാനത്തിന്റെ പ്രധാന ക്യാപ്റ്റൻ. ഒരു ഉപ പൈലറ്റും 10 ഫ്ലൈറ്റ് അറ്റൻഡന്റുമാരും 227 യാത്രക്കാരുമുണ്ടായിരുന്നു. ആകെ 239 പേർ വിമാനത്തിനുള്ളിൽ. കൂടുതൽ പേരും ചൈനയിൽ നിന്നും മലേഷ്യയിൽ നിന്നുമുള്ളവർ. 5 ഇന്ത്യക്കാരും കൂട്ടത്തിലുണ്ടായിരുന്നു.അർധരാത്രി ഒന്നോടെ 35,000 അടി വരെ പൊങ്ങിയ വിമാനം 1.07നു ക്വാലലംപൂർ എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷനിലേക്കു സന്ദേശമയച്ചു.
വിയറ്റ്നാമിലെ ഹോചിമിൻ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് കൺട്രോൾ സ്റ്റേഷനിൽനിന്നു വന്ന നിർദേശത്തിനുള്ള മറുപടിയായിരുന്നു ആ സന്ദേശം. കൺട്രോൾ സ്റ്റേഷനിലുള്ളവർക്ക് ശുഭരാത്രിയും പൈലറ്റ് സാഹറി ആശംസിച്ചു. അതായിരുന്നു വിമാനത്തിൽനിന്നുള്ള അവസാന സന്ദേശം.ഒരു മണിക്കൂറിനുശേഷം വിമാനം പെട്ടെന്നു ദിശമാറി പറക്കുന്നതു ഉപഗ്രഹ ക്യാമറകളിൽ പതിഞ്ഞിരുന്നു. വടക്കു കിഴക്കുള്ള ബെയ്ജിങ്ങിന്റെ ഭാഗത്തേക്കു പോകാതെ തെക്കു പടിഞ്ഞാറു മലേഷ്യൻ അർധദ്വീപിന്റെ ഭാഗത്തേക്കു തിരിഞ്ഞു. പിന്നീട് വടക്കു പടിഞ്ഞാറു ഭാഗത്തേക്കു മാറി മലാക്ക കടലിടുക്കിനു മുകളിലൂടെ മുന്നോട്ടു പോവുകയും ചെയ്തു. ഒടുവിൽ വിമാനം അതിവേഗത്തിൽ താഴേക്കു കുതിക്കുന്നതും ഉപഗ്രഹ ചിത്രങ്ങളിൽ പതിഞ്ഞിരുന്നു. പിന്നീട് കണ്ടെത്തലുകൾ നിന്നു. വിമാനത്തിൽ എന്തു സംഭവിച്ചുവെന്ന നിർണായക വിവരം നൽകാൻ കഴിയുന്ന ബ്ളാക്ക് ബോക്സും ഇന്നും എവിടെയോ മറഞ്ഞുകിടക്കുന്നു. പൈലറ്റ് മനപൂർവം വിമാനം തകർക്കുകയായിരുന്നുവെന്ന് വരെ ചില റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇങ്ങനെ പുറത്തുവന്ന സിദ്ധാന്തങ്ങൾക്ക് ബലം നൽകുന്ന തെളിവുകൾ ഒന്നും എങ്കിൽ എങ്ങനെ ? എവിടെവച്ച് ? ആരെങ്കിലും റാഞ്ചിയതാണോ ? എങ്കിൽ ആര് ? എന്തിനുവേണ്ടി ? വിമാനത്തിലുണ്ടായിരുന്ന 227 യാത്രക്കാർക്കും രണ്ടു പൈലറ്റുമാർ ഉൾപ്പെടെയുളള 12 ജോലിക്കാർക്കും എന്തുസംഭവിച്ചു ? വിമാനം തകർന്നുവീണതാണെങ്കിൽ അതിന്റെ അവശിഷ്ടങ്ങൾ എവിടെ ? ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഇങ്ങനെ നീളും. ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന രഹസ്യങ്ങളിലൊന്നായി അത് ഇപ്പോഴും തുടരുകയാണ്. ഈ ഭൂമിയിൽ എവിടെയോ ഇപ്പോഴുമുണ്ട് എംഎച്ച്370. ഒരുപാട് ചോദ്യങ്ങളുടെ ഉത്തരവും പേറി. കാലം മറുപടി തരട്ടെ.