ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Pulamanthole vaarttha
ശബരിമല : ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തന്ത്രി അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ ദീപം തെളിയിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. നിരവധി പേര് അയ്യപ്പ സംഗമത്തിലേക്ക് എത്തിച്ചേര്‍ന്നു . കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയത്. ഉദ്ഘാടനത്തെ തുടര്‍ന്ന് മൂന്ന് സെക്ഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ജയകുമാര്‍ ഐഎഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയായിരുന്നു ആദ്യത്തേത്. മൂവായിരത്തിലധികം ആളുകൾ ഇന്ന് ഈ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്ന് സെക്ഷനുകളായി നടക്കുന്ന ചർച്ചകൾക്ക് ശേഷം വി എൻ വാസവൻ റിപ്പോർട്ട് അവതരിപ്പിക്കും. സർക്കാരിൻറെ സഹായത്തോടെയാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ഒരു പരാതിയുമില്ലാതെ കഴിഞ്ഞ തീർത്ഥാടനകാലത്ത് 54 ലക്ഷം തീർത്ഥാടകർ ശബരിമലയിൽ എത്തിയിരുന്നു. ശബരിമലയുടെ അടിസ്ഥാന വികസനം എന്ന ഒറ്റ ലക്ഷ്യമാണ് സംഗമത്തിനുള്ളതെന്ന് ദേവസ്വം പ്രസിഡന്റ്റ് പി എസ് പ്രശാന്ത് പറഞ്ഞു.
ശബരിമലയെ തീർത്ഥാടക ഭൂപടത്തിൽ ശ്രദ്ധേയ കേന്ദ്രമാക്കി ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുക അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യം :മുഖ്യമന്ത്രി
പമ്പ :മധുര- തിരുപ്പതി മാതൃകയിൽ ശബരിമലയെ തീർത്ഥാടക ഭൂപടത്തിൽ ശ്രദ്ധേയ കേന്ദ്രമാക്കി ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുക അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമാണ്.
തീർത്ഥാടകർക്ക് എന്താണ് വേണ്ടത് എന്നത് സർക്കാരോ ദേവസ്വം ബോർഡോ ഏകപക്ഷീയമായി സങ്കൽപിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്. ഭക്തജനങ്ങളിൽ നിന്നുതന്നെ മനസ്സിലാക്കി വേണ്ടതു ചെയ്യണം. ഈ ബോധ്യത്തോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഇങ്ങനെയൊരു സംഗമം നടത്തുന്നത്. വർഷങ്ങൾ നീണ്ട ആലോചനയ്ക്കും ചർച്ചകൾക്കും ശേഷമാണ് ഇത്തരമൊരു പരിപാടിയിലേക്ക് എത്തിയത്. ഓരോ വർഷവും ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ വർദ്ധനയ്ക്കനുസരിച്ച് സുഗമമായ യാത്രാസൗകര്യം, പാർക്കിങ്ങ്, ശുദ്ധജലലഭ്യത, സാനിറ്റേഷൻ സംവിധാനങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, ചികിത്സാ സൗകര്യങ്ങൾ എല്ലാം വേണം. ഇവ പ്രകൃതിയുടെ മനോഹാരിതയ്ക്ക് കോട്ടം തട്ടാതെയും, പരിസ്ഥിതിക്ക് പോറലേൽപ്പിക്കാതെയും ആവണം. എരുമേലി അടക്കമുള്ള സമീപപ്രദേശങ്ങളും ഇതിന്റെ ഭാഗമായി വികസിപ്പിക്കണം.
2050 വരെയുള്ള വികസന സാധ്യതകൾ മുന്നിൽക്കണ്ടാണ് കാര്യങ്ങൾ നീക്കുന്നത്. ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കൽ എന്നിവയുടെ സമഗ്ര വികസനമാണ് മാസ്റ്റർപ്ലാൻ ലക്ഷ്യമിടുന്നത്. 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 600.47 കോടി രൂപയും, 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-2039 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉൾപ്പെടെ, ആകെ 778.17 കോടി രൂപയാണ് ലേ ഔട്ട് പ്ലാൻ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.ട്രാൻസിറ്റ് ക്യാമ്പായിട്ടാണ് പമ്പയെ ലേ ഔട്ട് പ്ലാനിൽ വിഭാവനം ചെയ്തിട്ടുള്ളത്. തീർത്ഥാടകർക്ക് സന്നിധാനത്തേക്ക് കയറുന്നതിനും സന്നിധാനത്തു നിന്നു തിരിച്ചിറങ്ങുന്നതിനും ഒരു പ്രത്യേക സർക്കുലേഷൻ റൂട്ട് പിന്തുടരുന്നുവെന്ന് ഉറപ്പാക്കി അതുവഴി ഭാവിയിൽ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കുവാനുതകുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തിലെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ 18 അംഗ സമിതി: മന്ത്രി വി.എൻ. വാസവൻ
പമ്പ:ആഗോള അയ്യപ്പ സംഗമത്തിൽ ഉയർന്ന നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രി ചെയർമാനായി 18 അംഗ സമിതിയെ നിയോഗിക്കുമെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർദ്ദേശങ്ങൾ കമ്മിറ്റി പരിശോധിച്ച് ബഹുജന സമക്ഷം അവതരിപ്പിച്ചശേഷമായിരിക്കും ഭാവി നടപടികൾ സ്വീകരിക്കുക എന്നും മന്ത്രി പറഞ്ഞു. ദേവസ്വം സെക്രട്ടറി കൺവീനറായും ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ തുടങ്ങിയവർ അംഗങ്ങളായും ആയിരിക്കും കമ്മറ്റി പ്രവർത്തിക്കുക.