അങ്ങാടിപ്പുറം പഞ്ചായത്തിനെ പ്രതിസന്ധിയാക്കി 14 പേരെ സ്ഥലം മാറ്റി
Pulamanthole vaarttha
അങ്ങാടിപ്പുറം :അങ്ങാടിപ്പുറത്ത് 18ല്‍ 14 ജീവനക്കാർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം നല്കി യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയെ പ്രതിസന്ധിയിലാക്കി സർക്കാർ.അവശേഷിക്കുന്നത് രണ്ടു സ്വീപ്പറും രണ്ടു പ്യൂണും മാത്രമാണ്. പഞ്ചായത്ത് സെക്രട്ടറി, അസി. എൻജിനീയർ, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടൻറ്, അഞ്ച് യു.ഡി ക്ലർക്കുമാർ എന്നിവരെ സ്ഥലം മാറ്റി അന്തിമ ഉത്തരവ് വന്നു. അഞ്ച് എല്‍.ഡി ക്ലർക്കുമാരെ സ്ഥലം മാറ്റുന്ന കരട് ലിസ്റ്റും ഇറങ്ങി.
പ്രധാന തസ്തികയിലേക്കൊന്നും ഇവിടേക്ക് പകരക്കാരെ നിയമിച്ചിട്ടുമില്ല. പഞ്ചായത്തിന്റെ മുഴുവൻ കത്തിടപാടുകള്‍ നടത്തേണ്ടതും സർട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടു കൊടുക്കേണ്ടതും മുഴുവൻ പദ്ധതികളുടെയും അലോട്ട്മെൻറ് നിർവഹണ ഉദ്യോഗസ്ഥന്മാർക്ക് അനുവദിച്ചു കൊടുക്കേണ്ടതും സെക്രട്ടറിയാണ്. അടിയന്തരവും അനിവാര്യവുമായ ഈ സംവിധാനങ്ങളെല്ലാം സ്തംഭിക്കും.
നിർമാണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് എടുക്കേണ്ടതും പൂർത്തിയായ പ്രവൃത്തികളുടെ ബില്ല് തയാറാക്കേണ്ടതും വാർഷിക പദ്ധതിയില്‍ നിർമാണ പ്രവൃത്തികളുടെ നിർവഹണം നടത്തേണ്ടതും അസിസ്റ്റൻറ് എൻജിനീയറാണ്. ഇതും പൂർണമായി സ്തംഭിക്കും. പൊതുജനങ്ങളുടെ പരാതികള്‍ ഫ്രണ്ട് ഓഫിസില്‍ സ്വീകരിക്കാനോ തുടർനടപടി സ്വീകരിക്കാനോ ആരുമില്ലാതാവും. പത്ത് ക്ലർക്കുമാർ കൂട്ടത്തോടെ സ്ഥലം മാറ്റപ്പെടുകയാണ്. പഞ്ചായത്തില്‍ അസിസ്റ്റന്റ് എൻജിനീയറില്ലാതെ മുൻ വർഷം പദ്ധതി തുക ചെലവിടാതെ വലിയ പ്രതിസന്ധി വന്നിരുന്നു.
ഒരുകോടി രൂപയോളം മരാമത്ത് വിഭാഗത്തില്‍ മാത്രം ലാപ്സായി. അസി. എൻജിനീയർ ഇല്ലാതായതോടെ പുറമെ നിന്ന് പഞ്ചായത്ത് അംഗങ്ങള്‍ കൂലിക്ക് എൻജിനീയറെ വിളിച്ച് എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരം വാങ്ങിയാണ് മുൻവർഷം ചില പദ്ധതികള്‍ പൂർത്തിയാക്കിയത്. മുൻവർഷം ഇത്തരത്തില്‍ എ.ഇ ഇല്ലാത്ത വിഷയം തദ്ദേശ മന്ത്രി എം.ബി. രാജേഷിനെ തിരുവനന്തപുരത്തെത്തി നേരില്‍ കണ്ട് ആവശ്യപ്പെട്ട് നാളുകള്‍ കാത്തിരുന്നിട്ടും പരിഹരിച്ചില്ല. സി.പി.എം ഭരിച്ചിരുന്ന പഞ്ചായത്ത് 2020ല്‍ യു.ഡി.എഫ് പിടിച്ചെടുത്തതാണ്.
ഗ്രാമപഞ്ചായത്തിന്റെ ഭരണം സ്തംഭിപ്പിച്ച് യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയെ പ്രതിസന്ധിയിലാക്കല് മാത്രമാണ് കൂട്ട സ്ഥലം മാറ്റത്തോടെ എല്‍.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന് യു.ഡി.എഫ്.
വിഷയം സി.പി.എമ്മിനെതിരെ തിരിച്ചുവിട്ട് ജനങ്ങളെ ബോധവത്കരിക്കാനുള്ള തീരുമാനത്തിലാണ് യു.ഡി.എഫ്. രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്ന് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ മുരളീധരനും കണ്‍വീനർ കളത്തില്‍ ഹാരിസും ആരോപിച്ചു. അടിയന്തരമായി ഒഴിവുകള്‍ നികത്തി ജന ദ്രോഹ നടപടി സർക്കാർ തിരുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദയും വൈസ് പ്രസിഡന്റ് ഷബീർ കറുമുറുക്കിലും ആവശ്യപ്പെട്ടു. ഉടനെ തന്നെ പകരക്കാരെ നിയമിച്ചത് ഒഴിവുകള്‍ നികത്തിയില്ലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബൂതാഹിർ തങ്ങള്‍ പറഞ്ഞു.
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved