മലയാള മണ്ണിൻറെ കണ്ണുനീർ ചാലിട്ടൊഴുകിയ കവളപ്പാറ,പുത്തുമല ദുരന്തങ്ങൾക്കിന്ന് നാലാണ്ട്

Pulamanthole vaarttha
59 പേരെ തട്ടിയെടുത്ത ദുരന്തത്തിൽകവളപ്പാറയുടെ മണ്ണിനടിയിലെങ്ങോ മറഞ്ഞുപോയ 11 പേർ ഇന്നും തീരാനോവുയർത്തുമ്പോൾ പത്തുമലയിൽ ഇന്നും കണ്ടെത്താത്തത് അഞ്ചുപേർ
നിലമ്പൂർ :അന്ന് പകൽ സമയം മുഴുവൻ പെയ്തിറങ്ങിയ മഴ വൈകുന്നേരം ഇരുട്ടിനൊപ്പം പെയ്തിറങ്ങിയത് പ്രതികാര ഭാവത്തിലായിരുന്നു. അതീവ ശക്തിയോടെ മാനത്ത് നിന്നും പെയ്തിറങ്ങിയ ആ മഴ കവളപ്പാറ നിവാസികളുടെ കണ്ണീരായിരുന്നു കൂടെ മലയാള മണ്ണിന്റെയും … രാത്രി 8 മണിയോടെ അതിശക്തമായി പെയ്തിറങ്ങിയ മഴയിൽ കവളപ്പാറ മുത്തപ്പൻകുന്നിന്റെ മുകളിൽ നിന്ന് ഒഴുകിയെത്തിയ മണ്ണും കല്ലും വെള്ളവും മൂന്നായി തിരിഞ്ഞ് ഭൂമിയുടെ സമതലത്തിലെത്തി. ഏകദേശം പത്ത് ഏക്കറോളം വിസ്തൃതിയിൽ മണ്ണും കല്ലും പരന്നു. താഴേക്കുള്ള കുത്തൊഴുക്കിൽ തകർത്ത് തരിപ്പണമാക്കിയത് 44 വീടുകളും 59 ജീവനുകളും കവളപ്പാറയിലെ മുത്തപ്പൻ കുന്നിൻറെ ഒരു ഭാഗം ആ മഴ കവർന്നെടുത്തു. മഴയുടെ ശക്തിയാൽ അടർന്ന് താഴേക്ക് വീണ മുത്തപ്പൻ കുന്ന് മിന്നൽ വേഗത്തിൽ കുത്തിയൊലിച്ചു വന്ന് ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കി. 42 വീടുകൾ മണ്ണിനടിയിൽ പെട്ടു. മഴയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വൈദ്യുതി ലൈനുകളും മൊബൈൽ ടവറുകളും നിലം പൊത്തിയതിനാൽ പുറം ലോകം ഈ വാർത്ത അറിഞ്ഞത് ഏറെ വൈകിയാണ്. സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി പിറ്റേന്ന് രാവിലെ ആണ് എല്ലാവരും അറിഞ്ഞത്. തന്മൂലം രക്ഷാപ്രവർത്തനങ്ങളും വൈകി. 59 പേരാണ് അന്നത്തെ ദുരന്തത്തിൽ മരണപ്പെട്ടത്.
വീണ്ടും പച്ചപ്പ് നാമ്പിടുന്ന കവളപ്പാറയുടെ ചിത്രം
എന്നാൽ ദുരന്തത്തപ്പെട്ട ഇനിയും കണ്ടെത്താത്ത 11 പേർ ബാക്കി എന്നത് ദുരന്തത്തിന്റെ ആഴം എത്രയോ വലുതായിരുന്നു എന്നതിന് തെളിവാണ്. ദുരന്തത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവർ ഇന്നും ആ ഓർമ്മകൾക്ക് നടുവിൽ ഉറ്റവരെ നഷ്ട്ടപെട്ട വേദനയോടെ ജീവിക്കുകയാണ്. അതെ ദിവസം തന്നെയാണ് വയനാട് പുത്തുമലയിലെ ഒരു ഗ്രാമത്തെയും ദുരന്തം കവർന്നെടുത്തത്. 2019 ആഗസ്റ്റ് എട്ട് കവളപ്പാറ പോലെ തന്നെ പുത്തുമലയും ദുരന്ത ഭൂമിയായി മാറിയപ്പോൾ 17 ജീവനുകളാണ് നഷ്ടമായത്. കവളപ്പാറയെ അപേക്ഷിച്ച് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം കുറവായിരുന്നു എന്നല്ലാതെ ദുരന്തം സമാനമായിരുന്നു. പന്ത്രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയ ദുരന്തഭൂമിയിൽ ഇന്നും കണ്ടെത്താനാകാതെ മണ്ണിനടിയിൽ അഞ്ചുപേർ അവശേഷിക്കുന്നുണ്ട്.
കവളപ്പാറ ഉരുള്പൊട്ടലില് മരിച്ച 59 മൃതദേഹങ്ങളും പോസ്റ്റ്മോര്ട്ടം നടത്തിയ പോത്തുകല്ല് മുജാഹിദ് മഹല്ല് പള്ളി
വർഷം നാലായിട്ടും എല്ലാം ഇന്നലത്തെ ഓർമകളെന്നപോലെ ഉള്ളിലൊതുക്കി കഴിയുകയാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ. ഉറ്റവരെ നഷ്ടപ്പെട്ടവരും വീട് നഷ്ടപ്പെട്ടവരും വീട് ഉപേക്ഷിക്കേണ്ടി വന്നവരും ഇന്നും ഒരുമയോടെ കവളപ്പാറക്ക് സമീപം താമസിക്കുന്നു. ആലിൻചുവട് വായനശാലപടിയിൽ 59 വീടുകളാണ് ഇവർക്കായി നിർമിച്ച് നൽകിയത്. സംസ്ഥാന സർക്കാർ സ്ഥലം വാങ്ങാൻ ആറ് ലക്ഷം രൂപ നൽകി. സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നും ഒരു ലക്ഷം രൂപയും ലഭ്യമാക്കി.
പ്രവാസി വ്യവസായി എം എ യൂസുഫലി കവളപ്പാറ ദുരന്തബാധിതർക്ക് നിർമിച്ചു നൽകിയ വീടുകൾ
പ്രവാസി വ്യവസായി എം എ യൂസുഫലി 33 ഉം എൻജിനീയർമാരുടെ സംഘടന എട്ടും കേരള മുസ്ലിം ജമാഅത്ത് 12 ഉം ക്രിസ്റ്റിയർ ചർച്ച് ആറ് വീടുകളും നിർമിച്ച് നൽകി. 67 പേർക്ക് ഭൂമി വാങ്ങാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 4.02 കോടി രൂപ അനുവദിച്ചു. ഒരു ഗുണഭോക്താവിന് ആറുലക്ഷം രൂപ വച്ച് ലഭിച്ചു. ആകെയുള്ള 94 ഗുണഭോക്താക്കൾക്കും വീട് നിർമാണത്തിന് 3.76 കോടി രൂപയും അനുവദിച്ചു. ഓരോരുത്തർക്കും നാലുലക്ഷം രൂപ വച്ച്. ഇവർക്ക് ഇഷ്ടമുള്ള പ്രദേശത്ത് ഭൂമി വാങ്ങാം. വീടും നിർമിക്കാമെന്നതായിരുന്നു ധാരണ.
ഒരു ഗ്രാമത്തെ തുടച്ചു നീക്കിയ പുത്തുമല ദുരന്തം
ഉരുൾ പൊട്ടലിൽ മരണപ്പെട്ട 17 പേരിൽ ഇന്നും കാണാമറയത്തേക്ക് മാഞ്ഞു പോയ അഞ്ചാളുകളുടെ ഓർമ്മയിൽ നാട്
മേപ്പാടി: 2019 ആഗസ്റ്റ് എട്ടിന് വൈകീട്ടായിരുന്നു നാടിനെ നടുക്കിയ പുത്തുമല ഉരുൾപൊട്ടൽ ദുരന്തം.17 പേരുടെ ജീവൻ അപഹരിച്ച പ്രകൃതി താണ്ഡവത്തിൽ 70 ഓളം വീടുകൾ തകർന്നു. അനേകം ഹെക്ടർ ഭൂമിയും തകർന്നു. മരിച്ച 17 പേരിൽ അഞ്ചുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല. പച്ചക്കാട്നിന്ന് തുടങ്ങിയ ഉരുൾപൊട്ടലിൽ കിലോ മീറ്ററുകൾ ദൂരം വരെ നാശനഷ്ടങ്ങളുണ്ടായി. ദുരന്തത്തിന് ശേഷം ആ പ്രദേശങ്ങളിൽ ജനവാസം സുരക്ഷിതമല്ലെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് വന്നു.അതോടെ അവിടെ താമസിക്കുച്ചവരെയും വീടുകൾ പൂർണമായി നഷ്ടപ്പെട്ടവരെയും പുനരധിവസിപ്പിക്കുന്നതിനുള്ള ബാധ്യത സർക്കാറും സ മൂഹവും ഏറ്റെടുത്തു എന്നു തന്നെ പറയാം.
വീണ്ടും പച്ചയണിയുന്ന പുത്തുമല ദുരന്ത ഭൂമി
ദുരന്തമുണ്ടായതു മുതൽ സർക്കാർ സംവിധാനങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾ എല്ലാം ഏതാണ്ട് പൂർണ മനസ്സോടെ രംഗത്തിറങ്ങി. വീടും കിടപ്പാടവും പൂർണമായി നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായിരുന്നു പ്രാധാന്യം. ഹർഷം’ പദ്ധ തി പ്രകാരം പൂത്തകൊല്ലിയിൽ 52 വീടുകളാണ് നിർമിച്ച് ദുരന്തബാധിതർക്ക് കൈമാറിയത്. മാതൃഭൂമി ട്രസ്റ്റ് വാങ്ങി നൽകിയ ഭൂമിയിലാണ് വീടുകൾ നിർമിച്ചത്. സർക്കാർ നൽകിയ നാലു ലക്ഷം രൂപക്ക് പുറമെ ബാ ക്കി തുക സ്വന്തം നിലക്ക് സംഘടിപ്പിച്ചു കൊണ്ട് വിവിധ സന്നദ്ധ സംഘടനകളാണ് വീടുകളുടെ നിർമാണം ഏറ്റെടുത്ത് പൂർത്തീകരിച്ചത്. കുടിവെള്ള പദ്ധതി, റോഡ് എല്ലാം ഇതിനകം അവിടെ ലഭ്യമാക്കി. വീടും ഭൂമിയും അടക്കം നഷ്ടപ്പെട്ടവർക്ക് സർക്കാർ 10 ലക്ഷം രൂപ നൽകി. അതുപയോഗിച്ച് കുറച്ചു പേർ സ്വന്തം നിലക്കും സ്ഥലവും വീടും സംഘടിപ്പിച്ചു. പുത്തുമല ഗ്രാമത്തിൽ 58 വീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും തകർന്നു. താഴ്വാരത്തെ ആരാധനാലയങ്ങൾ, എസ്റ്റേറ്റ് പാടി, കാന്റീൻ, ക്വാട്ടേഴ്സുകൾ, വാഹനങ്ങൾ,പോസ്റ്റ് ഓഫീസ് തുടങ്ങിയവയും മലവെള്ളത്തിൽ തകർന്നടിഞ്ഞു. ഏക്കർകണക്കിന് കൃഷിയിടം മണ്ണിനടിയിലായി. ദുരന്തം വിതച്ചെത്തിയ കനത്ത മഴ പുത്തുമലയ്ക്കു മുകളിൽ പെയ്തിറങ്ങി. ഉരുൾപൊട്ടിയൊഴുകിയ പാറക്കൂട്ടവും ചെളിമണ്ണും നിമിഷ നേരം കൊണ്ട് ഗ്രാമത്തിന് മുകളിലേയ്ക്ക് പതിക്കുകയായിരുന്നു . ഞൊടിയിടയിൽ ഒരു ഗ്രാമം ഒലിച്ചുപോയി. കേരളത്തിന് എന്നും വേദനയായി മാറുകയാണ് കവളപ്പാറയും പുത്തുമലയും അവിടെ പൊലിഞ്ഞ ജീവനുകളും. ദുരന്തം നടന്ന് നാല് വർഷം പിന്നിടുമ്പോഴും ഇന്നും തീരാ നോവായി അവശേഷിക്കുകയാണ് ഈ രണ്ട് ദുരന്തങ്ങളും.
പുത്തുമല ദുരന്ത ബാധിതർക്ക് സർക്കാരും സന്നദ്ധ സംഘടനകളും നിർമിച്ചു നൽകിയ വീടുകൾ
നാലുവർഷങ്ങൾക്ക് മുൻപ് വീടുകളും കടകളും ആരാധനാലയങ്ങളും നിറഞ്ഞ ആളും ആരവവും ഒഴിയാത്ത അങ്ങാടികലുണ്ടായിരുന്ന പത്തുമലയും കവളപ്പാറയും ഇന്ന് ആളൊഴിഞ്ഞ ശ്മശാന ഭൂമികളാണ് . ഇടക്കെപ്പോഴോ വരുന്ന വിനോദ സഞ്ചാരികൾ മാത്രമാണ് ഇന്ന് ഇപ്പോൾ ഉരുൾ പൊട്ടലിൽ രണ്ടായി വകഞ്ഞുമാറിയ പുത്തുമലയുടെയും കവളപ്പാറയുടെയും വീണ്ടും പച്ചപ്പ് നാമ്പിടുന്ന ഭൂമികയിൽ കുറച്ചെങ്കിലും ആളനക്കമുണ്ടാക്കുന്നത് ….