കണ്ണീരണിഞ്ഞ് തലസ്ഥാനം, ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിച്ചു .അവസാന നോക്ക് കാണാൻ ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ

Pulamanthole vaarttha
തിരുവനന്തപുരം: ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ആയിരങ്ങൾ പുതുപ്പള്ളി ഹൗസിലേക്ക് ഒഴുകിയെത്തുന്നു. ബെംഗളുരുവിൽ അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ ചേതനയറ്റ ശരീരം തലസ്ഥാനത്തെത്തിച്ചത് അറിഞ്ഞതോടെ പുതുപ്പള്ളി ഹൗസിലേക്കുള്ള ജനപ്രവാഹവും വർധിക്കുകയാണ്. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹവും വഹിച്ചുള്ള ആംബുലൻസിൻ്റെ യാത്രയും ജനസാഗരത്തിൽ മുങ്ങിയാണ്.
വഴി നീളെ സ്നേഹവും കണ്ണീരുമായാണ് തലസ്ഥാന ജനത പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ കാത്തുനിന്നത്. നൂറ് കണക്കിന് പ്രവർത്തകരാണ് വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം വിലാപയാത്രയായാണ് പുതുപ്പള്ളി ഹൗസിലേക്ക് എത്തിക്കുന്നത്. ഇവിടുത്തെ പ്രാർത്ഥനയ്ക്കും പൊതു ദർശനത്തിനും ശേഷം ഉമ്മൻചാണ്ടിയുടെ മൃതദേഹം സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലും പൊതു ദർശനത്തിനായി എത്തിക്കും. ആറ് മണിയോടെ മൃതദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് കൊണ്ടുപോകും. രാത്രിയോടെ തിരുവനന്തപുരത്ത് ഉമ്മൻചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസിലേക്ക് വീണ്ടും മൃതദേഹം മാറ്റും. തുടർന്ന് നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും. നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും. രാത്രിയിൽ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ജൂലൈ 20 ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാകും മൃതദേഹം സംസ്കരിക്കുക.
കേരളത്തിന്റെ ഉന്നമനത്തിനായി ജീവിതം മാറ്റിവച്ച നേതാവ്’—– പ്രധാനമന്ത്രി
അദ്ദേഹവുമായി ഇടപെട്ട നിമിഷങ്ങൾ ഞാൻ ഓർത്തെടുക്കുന്നു, പ്രത്യേകിച്ച് ഞങ്ങൾ രണ്ടു പേരും രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ച കാലത്തും പിന്നീട് ഡൽഹിയിലേക്ക് മാറിയപ്പോഴുമുള്ളത്. ഈ വിഷമഘട്ടത്തിൽ ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുക്കൾക്കുമൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു’– ഉമ്മൻചാണ്ടിയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് മോദി ട്വീറ്റ് ചെയ്തു.
മുഖ്യ മന്ത്രി പിണറായി വിജയൻ
കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സമാജികരുടെ നിരയിലാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ സ്ഥാനം. ആ സവി ശേഷത തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്വാധീനത്തിന്റെ തെളിവാണ്.കെഎസ്യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും സംസ്ഥാന കോൺഗ്രസിന്റെ നേതൃനിരയിലെത്തിയ ഉമ്മൻചാണ്ടി സംസ്ഥാനതല കോൺഗ്രസ് നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മൻചാണ്ടിയെ നയിച്ചു. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപിക്കാതെ ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി. രോഗാതുരനായ ഘട്ടത്തിൽപ്പോലും ഏറ്റെടുത്ത കടമകൾ പൂർത്തീകരിക്കുന്നതിൽ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവർത്തനത്തോടുള്ള ഉമ്മൻചാണ്ടിയുടെ ഈ ആത്മാർത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണ്.
നഷ്ടമായത് സാധാരണക്കാരുടെ ഇടയിൽ വലിയ സ്വാധീനമുള്ള കോൺഗ്രസ് നേതാവിനെ —- രാഹുൽ ഗാന്ധി
സാധാരണക്കാരുടെ ഇടയിൽ വലിയ സ്വാധീനമുള്ള കോൺഗ്രസ് നേതാവിനെയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കേരളത്തിലെ ജനങ്ങൾക്കു നൽകിയ സേവനത്തിലൂടെ അദ്ദേഹം എന്നെന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ കൈപിടിച്ച് നടക്കുന്ന ചിത്രവും രാഹുൽ ട്വീറ്റ് ചെയ്തു.
” ഞാനാ ഉമ്മൻചാണ്ടിയാ” എന്നു പറഞ്ഞു ഫോണിൽ വിളിക്കുന്ന വിളിപ്പാടകലെയുള്ള സഹൃദയൻ …..മമ്മുട്ടി
സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം.
ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല.. ഒടുവിലൊരിക്കൽ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകൾ ഉണ്ടായിരുന്നു.
ഞാൻ വിദ്യാർത്ഥി ആയിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിലുണ്ട്. ചെറുപ്പത്തിലേ ഉയരങ്ങളിൽ എത്തിയ ഒരാൾ.. എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ടു ഒപ്പം നടന്നു… ഞാൻ എന്ന വ്യക്തി ചുമക്കാൻ പാടുപെടുന്ന മമ്മൂട്ടി എന്ന നടന്റെ താരഭാരം അലിഞ്ഞില്ലാതായി. പള്ളിമുറ്റത്തു നാട്ടുകാർക്കിടയിൽ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്റെ വിശേഷണം…
” ഞാനാ ഉമ്മൻചാണ്ടിയാ” എന്നു പറഞ്ഞു ഫോണിൽ വിളിക്കുന്ന വിളിപ്പാടകലെയുള്ള സഹൃദയൻ.. അതിശക്തനായ നേതാവ്.
ഒരിക്കൽ ഞങ്ങളുടെ ‘കെയർ ആൻഡ് ഷെയർ’ പദ്ധതി 600 കുട്ടികളുടെ ചികിത്സാചിലവുകൾ കണ്ടെത്താൻ പാടുപെടുകയായിരുന്നു. അപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി 100 കുട്ടികളുടെ ശസ്ത്രക്രിയക്കുള്ള ചിലവ് CSR ഫണ്ട് ഉപയോഗിച്ച് സ്പോൺസർ ചെയ്യാമെന്നേറ്റു . നൂറാമത്തെ കുട്ടി സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോൾ മുഖ്യമന്ത്രി ആയ ഉമ്മൻ ചാണ്ടി കാണാൻ വരികയും ചെയ്തു.
സത്യ പ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ കൊച്ചിയിലെ എന്റെ വീട്ടിലേക്കു അപ്രതീക്ഷിതമായി ഊണിനെത്തി. അന്ന് എനിക്കദ്ദേഹത്തോടുള്ള ഒരേ ഒരു വിയോജിപ്പ് ഞാൻ രേഖപെടുത്തി. ” സ്വന്തം ആരോഗ്യം നോക്കാതെയുള്ള ഈ അലച്ചിൽ നിയന്ത്രിക്കണം ”
ഒരു ചിരി മാത്രമായിരുന്നു മറുപടി.
‘പ്രാഞ്ചിയേട്ടൻ’ എന്ന ചിത്രത്തിൽ എന്റെ കഥാപാത്രം പോലും പറയുന്നുണ്ട്
‘ഉമ്മൻ ചാണ്ടി ഒന്നേ ഉള്ളു ‘ എന്ന്…
ഒരുമിച്ചൊരുപാട് ഓർമ്മകൾ.. ആയിരം അനുഭവങ്ങൾ..
ഒരുപാടെഴുതുന്നില്ല..
എഴുതേണ്ടിവന്ന ഒരനുഭവം കൂടി
അദേഹത്തിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതുവാനുള്ള നിയോഗം എനിക്കായിരുന്നു
അതിലെഴുതാൻ കുറിച്ച വരികൾ ഇവിടെ കുറിക്കട്ടെ
“ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല നൽകുകയാണെങ്കിൽ അത് മനുഷ്യ സ്നേഹത്തിനുള്ളതാകും….